റിയാദ് കേളി കലാ സാംസ്‌കാരിക വേദി വാർഷികം ഇന്ന്; റിമി ടോമി മുഖ്യാതിഥി

റിയാദ്- കേളി കലാ സാംസ്‌കാരിക വേദിയുടെ 22-ാം വാർഷികം 'കേളി ദിനം 2023' ജനുവരി 20 വെള്ളിയാഴ്ച അൽഹായിർ അൽ ഒവൈദ ഫാം ഹൗസിൽ നടക്കും. കേളി അംഗങ്ങളുടെ കലാ പരിപാടികൾക്ക് പുറമെ പ്രശസ്ത പിന്നണി ഗായിക റിമി ടോമിയും സംഘവും പങ്കെടുക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഒൻപതു മണി മുതൽ ആരംഭിക്കുന്ന കേളി ദിന പരിപാടികളിൽ നാടകം, നൃത്ത നൃത്യങ്ങൾ, സംഗീത ശിൽപം, ഒപ്പന, കൈകൊട്ടിക്കളി, നാടൻ പാട്ടുകൾ, വിപ്ലവ ഗാനങ്ങൾ, കഥാ പ്രസംഗം, ഓട്ടംതുള്ളൽ, ചാക്യാർ കൂത്ത്, തെയ്യം തുടങ്ങി വ്യത്യസ്ത കലാ പരിപാടികൾ അരങ്ങേറും. തുടർന്ന് 4.30 ന് കേളി ദിന സമാപന സമ്മേളനവും കേളി കലണ്ടർ, ഡയറി 2023 ന്റെ പ്രകാശനവും നടക്കും. ശേഷം നടക്കുന്ന മെഗാ ഷോയിൽ റിമി ടോമിയും സംഘവും സംഗീത പരിപാടികൾ അവതരിപ്പിക്കും. പിന്നണി ഗാന രംഗത്തെ നിറസാന്നിധ്യമായ ശ്രീനാഥ്, നിഖിൽ, ശ്യാംപ്രസാദ് എന്നിവരാണ് റിമിയോടൊപ്പം പങ്കെടുക്കുന്നത്.
തികച്ചും സൗജന്യമായി പ്രവേശനം ഒരുക്കുന്നതിലൂടെ സാധാരണക്കാരായ പ്രവാസി സമൂഹത്തിന് കേളിയുടെ ഒരു പുതുവസര സമ്മാനം കൂടിയാണിത്. കേരളത്തിലെ വിവിധ ആശുപത്രികളിലും ഭിന്നശേഷി വിദ്യാലയങ്ങളിലും അഗതി മന്ദിരങ്ങളിലും നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരു ലക്ഷം പൊതിച്ചോറുകൾ നൽകുന്ന പദ്ധതി നടപ്പിലാക്കി കൊണ്ടിരിക്കുന്നതിനൊപ്പം ഈ വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ തെരഞ്ഞെടുത്ത ജില്ലകളിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം നൽകുക എന്ന ഒരു പുതിയ പദ്ധതി കൂടിയാണ് കേളി മുന്നോട്ട് വെക്കുന്നത്.
വാർത്താ സമ്മേളനത്തിൽ കെ.പി.എം സാദിഖ്, ജോസഫ് ഷാജി, ഗീവർഗീസ്, സെബിൻ ഇഖ്ബാൽ, സുരേഷ് കണ്ണപുരം, സുനിൽ കുമാർ, സുനിൽ സുകുമാരൻ എന്നിവർ സംബന്ധിച്ചു.

 

പ്രവാസ ലോകത്തെ മലയാളി വിശേഷങ്ങൾക്ക് മാത്രമായുള്ള മലയാളം ന്യൂസിന്റെ പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പിൽ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാം

Tags

Latest News