Sorry, you need to enable JavaScript to visit this website.

നിർമിത ബുദ്ധി തൊഴിലുകൾ അപഹരിക്കുമോ? പോംവഴിയുണ്ട്

തൊഴിൽ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ഓട്ടോമേഷൻ, നിർമിത ബുദ്ധി എന്നിവ പല തൊഴിലുകളെയും തൊഴിലിടങ്ങളെയും ഇല്ലാതാക്കും. പുതിയവ ഉരുത്തിരിഞ്ഞുവരും തുടങ്ങിയ അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്. എന്നാൽ എന്താണ് വസ്തുത? ആധുനിക സാങ്കേതിക വിദ്യ തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യം കൂട്ടുകയാണ് ചെയ്തിട്ടുള്ളതെന്നാണ് 70 വർഷത്തെയെങ്കിലും ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുക. മാത്രമല്ല, നിർമിത ബുദ്ധി പോലുള്ള നവീന സാങ്കേതിക വിദ്യകൾ നിലവിൽ തൊഴിലെടുക്കുന്നവർക്കും പഠിക്കുന്നവർക്കുമെല്ലാം പുതിയ അവസരങ്ങളാണ് തുറന്നിടുന്നതെന്നും പഠനങ്ങൾ പറയുന്നു. 
റോബോട്ടുകൾ മനുഷ്യ തൊഴിലാളികളിൽനിന്ന് ജോലി അപഹരിക്കുമെന്ന് വിശ്വസിക്കാൻ എളുപ്പമാണ്. കാര്യക്ഷമമായ ഉപഭോക്തൃ സേവനങ്ങൾക്ക് ചാറ്റ്‌ബോട്ടുകൾ മികച്ച ബദലായി മാറിയിട്ടുണ്ടെന്നതും കംപ്യൂട്ടർ പ്രോഗ്രാമുകൾ മനുഷ്യന്റെ ഇടപെടലില്ലാതെ ചരക്കുനീക്കം സാധ്യമാക്കുന്നുവെന്നതും സത്യമാണ്. എന്നാൽ, അതൊക്കെ കൊണ്ട് നിലവിലെ തൊഴിലുകൾ ഇല്ലാതാവുന്നില്ല എന്നാണ് ബ്രിങ്ഹാം യങ് യൂനിവേഴ്‌സിറ്റി സോഷ്യോളജി പ്രൊഫസർ എറിക് ഡാലിൻ നടത്തിയ പുതിയ പഠനം പറയുന്നത്. പറഞ്ഞു കേൾക്കുന്നത് പോലെ നിർമിത ബുദ്ധി മനുഷ്യ തൊഴിലാളികളെ മാറ്റുന്നില്ലെന്നാണ് ഡാലിൻ നടത്തിയ ഗവേഷണം കണ്ടെത്തിയിട്ടുള്ളത്. മറിച്ച്, മനുഷ്യാധ്വാനത്തിന് കൂടുതൽ മൂല്യം സൃഷ്ടിക്കുന്ന വിധത്തിൽ ജോലിസ്ഥലങ്ങൾ ജീവനക്കാരെയും റോബോട്ടുകളെയും സമന്വയിപ്പിക്കുകയാണ് ചെയ്യുക. 
2020 ലെ വേൾഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിച്ച ഫ്യൂച്ചർ ഓഫ് ജോബ്‌സ് റിപ്പോർട്ടിൽ ഈ ആശങ്കക്ക് കൃത്യമായ മറുപടിയുണ്ട്. നിർമിത ബുദ്ധി വ്യാപകമാകുന്ന 2025 ഓടെ 8.5 കോടി തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെങ്കിലും ആ സ്ഥാനത്ത് 9.7 കോടി പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് ഈ പഠനം പറയുന്നത്. എൻട്രി ലെവൽ ജോലികളാകും നിർമിത ബുദ്ധി ഏറ്റെടുക്കുക. എന്നാൽ കൂടുതൽ സങ്കീർണവും വേതനത്തോതും കൂടിയ പുതിയ അവസരങ്ങളാകും വരാനിരിക്കുന്നത്. ഇത്തരം 'ഭാവി ജോലികൾ' പുതിയ പ്രൊഫഷനലുകൾക്ക് അനവധി അവസരങ്ങളാണ് തുറന്നു തരിക. 
എന്നാൽ ഇങ്ങനെ പുതിയതായി ഉണ്ടാവുന്നതും വളരുന്നതുമായ  തൊഴിലുകളിൽ തൊഴിലാളികളുടെ വൈദഗ്ധ്യക്കുറവ് കൂടുതൽ രൂക്ഷമാണ്. പുതിയ, തന്ത്രപ്രധാനമായ റോളുകളിൽ നൈപുണ്യമുള്ള ജീവനക്കാരെ കണ്ടെത്തുന്നതിന് കമ്പനികൾ പ്രയാസം നേരിടുന്നു. പുതിയ തൊഴിൽ നൈപുണ്യം നേടിയ ഡാറ്റ അനലിസ്റ്റുകൾ, ഡാറ്റ ശാസ്ത്രജ്ഞർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/മെഷീൻ ലേണിംഗ് സ്‌പെഷ്യലിസ്റ്റുകൾ, ആപ്ലിക്കേഷൻ ഡെവലപ്പർമാർ എന്നിവരെ വേണ്ടത്ര കണ്ടെത്താൻ കമ്പനികൾക്ക് കഴിയുന്നില്ല. നിലവിൽ പലയിടത്തും ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും ഇതൊരു അവസരമാണ്. കാരണം ഈ തൊഴിൽ നൈപുണ്യം നേടിയെടുക്കാൻ എൻജിനീയറിങ് അല്ലെങ്കിൽ ടെക്‌നോളജി വിദ്യാഭ്യാസ പശ്ചാത്തലം നിർബന്ധമേയല്ല. ആർക്കും പഠിച്ചെടുക്കാവുന്ന പുതിയ തൊഴിൽ നൈപുണിയാണിത്. മാത്രമല്ല, ഇതിന്റെ പ്രയോഗം ടെക്‌നോളജി രംഗത്ത് മാത്രം ഒതുങ്ങുന്നതുമല്ല. കൃഷി, കച്ചവടം, സ്വയംസംരംഭം തുടങ്ങി ഏതു മേഖലയിലും ആവശ്യാനുസരണം പ്രയോഗിക്കാവുന്ന സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഇതിനു വേണ്ടത് നവീന ആശയങ്ങൾ മാത്രമാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News