ജിദ്ദ-സൗദിയിലേക്ക് സന്ദർശക വിസയിൽ വരുന്നവർ മൂന്നു മാസത്തിന് ശേഷം വിസ പുതുക്കണമെങ്കിൽ സ്വന്തം നാട്ടിലേക്ക് തന്നെ തിരിച്ചുപോകണമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തക്ക് അടിസ്ഥാനമില്ല. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ മോഫ(Mofa- Ministry of Foreign affairs)യിൽ വന്ന പുതിയ അപ്‌ഡേഷന്റെ ചുവടുപിടിച്ചാണ് ചില അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾ പ്രചാരണം നടത്തിയത്. സൗദിയിൽനിന്ന് അനുവദിക്കപ്പെട്ട വിസ സ്റ്റാംപ് ചെയ്യുന്ന സമയത്ത് യാത്രാ മാർഗം എന്നതിൽ കര, കടൽ, വ്യോമ എന്നിങ്ങനെ മൂന്നു ഓപ്ഷനുകളും ഏതു വഴിയും ഉപയോഗിക്കാവുന്ന ഓപൺ എന്ന ഓപ്ഷനും നേരത്തെ ഉണ്ടായിരുന്നു. മോഫയുടെ പുതിയ അപ്‌ഡേഷനിൽ ഓപൺ എന്ന ഭാഗം പൂർണമായും നീക്കി. സൗദിയിലെ മൊത്തം സൈറ്റുകളിൽ ഈ ദിവസങ്ങളിൽ അപ്‌ഡേഷൻ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് മോഫയിലും അപ്‌ഡേഷൻ നടന്നത്. എന്നാൽ ഏതുമാർഗമാണ് യാത്രക്ക് ഉപയോഗിക്കുന്നത് എന്ന് രേഖപ്പെടുത്തിയില്ലെങ്കിലും വിസ ഇന്നും അനുവദിക്കുന്നുണ്ട്. അതായത് പുതിയ അപ്‌ഡേഷൻ വഴി നിലവിലുള്ള രീതിയിൽ മാറ്റം വരുന്നില്ലെന്ന് ചുരുക്കം. പുതുതായി അനുവദിക്കുന്ന വിസയിൽ ഇക്കാര്യമൊന്നും രേഖപ്പെടുത്തുന്നുമില്ല.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അതേസമയം, സന്ദർശക വിസയിൽ സൗദിയിലേക്ക് കൊണ്ടുവരുന്നവരുടെ പ്രൊഫഷൻ കൂടി മോഫ പുതുതായി ചോദിക്കുന്നുണ്ട്. ഭാര്യയെയാണ് കൊണ്ടുവരുന്നതെങ്കിൽ ഭാര്യയുടെ പ്രൊഫഷൻ (ഹൗസ് വൈഫാണെങ്കിൽ അത്, മറ്റേതെങ്കിലും ജോലിയാണെങ്കിൽ അത്) കൂടി പുതുതായി ചോദിക്കുന്നുണ്ട്. ഇതേവരെ ഇത്തരത്തിൽ സന്ദർശക വിസയിൽ കൊണ്ടുവരുന്നവരുടെ പ്രൊഫഷൻ ചോദിച്ചിരുന്നില്ല. ഇത് മോഫയിൽ പുതുതായി വന്നതാണെന്ന് ദൽഹി കംഫർട്ട് ട്രാവൽസ് മേധാവി മുഹമ്മദ് ഹലീം മലയാളം ന്യൂസിനോട് പറഞ്ഞു.
സൗദിയിൽ സന്ദർശക വിസ പുതുക്കണമെങ്കിൽ വൻ കടമ്പ, പ്രവാസികൾക്ക് ദുരിതം എന്നിങ്ങനെ ചില കേന്ദ്രങ്ങളിൽനിന്ന് പ്രചാരണം ഉയർന്നിരുന്നു. തുടർന്നാണ് ഇത് സംബന്ധിച്ച് മലയാളം ന്യൂസ് ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയത്.
നിലവിൽ സൗദിയിൽ സന്ദർശക വിസയിൽ എത്തിയവർക്ക് പുതിയ അപ്‌ഡേഷൻ ഒരു തരത്തിലുള്ള പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല. അവർക്ക് വിസ പുതുക്കണമെങ്കിൽ ജോർദാനിലേക്കോ, ബഹ്‌റൈനിലേക്കോ കരമാർഗം പോയി തിരിച്ചെത്തിയാൽ മതി. പുതിയ അപ്‌ഡേഷൻ സംബന്ധിച്ചും മൂന്നു മാസത്തിന് ശേഷം മാത്രമേ കൃത്യമായ വിശദീകരണം ലഭ്യമാകൂ. എന്നാൽ, സൗദിയിൽ സന്ദർശക വിസയിൽ എത്തുന്നവർ വിസ പുതുക്കാനായി സ്വന്തം നാട്ടിലേക്ക് തന്നെ പോകേണ്ടി വരും എന്ന തരത്തിലാണ് പ്രചാരണം നടന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സൗദി സർക്കാരിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ അപ്‌ഡേറ്റ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. വാണിജ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമായിരുന്ന കമ്പനികളുടെ വിവിധ സേവനങ്ങൾ സൗദി ബിസിനസ് എന്ന പോർട്ടലിലേക്ക് മാറുകയാണെന്ന വാണിജ്യമന്ത്രാലയം അറിയിച്ചു. അതിനാൽ പണമടക്കലടക്കമുള്ള സേവനങ്ങൾ താത്കാലികമായി പ്രവർത്തിക്കുന്നില്ലെന്നും ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കമ്പനികളുടെ രജിസ്‌ട്രേഷൻ, ഷയർ ഹോൾഡർമാരുമായുള്ള കരാറുകൾ രൂപപ്പെടുത്തൽ, രജിസ്‌ട്രേഷൻ റദ്ദാക്കൽ, വിവിധ സേവനങ്ങൾക്കുള്ള പണമടക്കൽ തുടങ്ങി വാണിജ്യമന്ത്രാലയത്തിന്റെ സൈറ്റിലുണ്ടായിരുന്ന ഓൺലൈൻ സേവനങ്ങളെല്ലാം സൗദിബിസിനസ് എന്ന ഒരു കുടക്കീഴിലേക്ക് മാറ്റുകയാണ്. വ്യാഴാഴ്ച വരെ ഈ അറ്റകുറ്റപണികൾ നടക്കുമെന്ന് മന്ത്രാലയം അതിന്റെ വെബ്‌സൈറ്റ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഖിവ, സൗദി പോസ്റ്റ്, തൊഴിൽമന്ത്രാലയം, വിദേശകാര്യമന്ത്രാലയം തുടങ്ങിയ സൈറ്റുകളിലെ വിവിധ സേവനങ്ങളും താൽക്കാലികമായി മുടങ്ങിയിരുന്നു. ഇവയാണ് ഇന്ന് മുതൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയത്. ഇഖാമ പുതുക്കുന്നതിനുള്ള ലേബർ കാർഡ് ഇഷ്യു ചെയ്യൽ, സ്‌പോൺസർഷിപ്പ് മാറ്റം, ലേബർ കരാർ, വിസ അനുവദിക്കൽ തുടങ്ങിയ സേവനങ്ങൾ നടക്കുന്നത് തൊഴിൽമന്ത്രാലയത്തിന്റെ ഖിവ പോർട്ടൽ വഴിയാണ്. സൗദി പോസ്റ്റിലെ നാഷണൽ അഡ്രസ് രജിസ്റ്റർ ചെയ്യുന്ന സേവനവും വിദേശകാര്യമന്ത്രാലയത്തിലെ സന്ദർശക വിസ ലഭിക്കുന്ന സേവനവും രണ്ടുദിവസമായി ലഭിക്കുന്നില്ല. എല്ലാ സേവനങ്ങളും വ്യാഴാഴ്ച മുതൽ സാധാരണ നിലയിലാകും എന്നായിരുന്നു മന്ത്രാലയത്തിന്റെ അറിയിപ്പ്.






