Sorry, you need to enable JavaScript to visit this website.

സൗദി യാത്ര തടഞ്ഞ മലയാളിക്ക് ഗള്‍ഫ് എയര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

മലപ്പുറം-യാത്രാ രേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി  പ്രവാസിയുടെ വിമാന യാത്ര മുടക്കിയതിന് ഗള്‍ഫ് എയര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നു മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. തേഞ്ഞിപ്പലം സ്വദേശി തൊണ്ടിക്കാടന്‍ അബ്ദുസലാം നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി. പരാതിക്കാരന്‍ 20 വര്‍ഷമായി വിദേശത്ത് ഡ്രൈവര്‍ ജോലി ചെയ്തു വരുന്നയാളാണ്. പരാതിക്കാരന്റെ പാസ്‌പോര്‍ട്ടിലെ ചില വിവരങ്ങളില്‍ പിഴവുണ്ടായിരുന്നു.
ഇതുനിയമാനുസൃതം തിരുത്തിയ ശേഷം പുതിയ പാസ്‌പോര്‍ട്ടും പഴയ പാസ്‌പോര്‍ട്ടുമായാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്. വിസയിലും പാസ്‌പോര്‍ട്ടിലും വിവരങ്ങള്‍ വ്യത്യസ്തമാണെന്നു ചൂണ്ടിക്കാട്ടി വിമാന കമ്പനി യാത്ര നിഷേധിക്കുകയായിരുന്നു.
റദ്ദാക്കപ്പെട്ടത് പഴയ പാസ്‌പോര്‍ട്ട് മാത്രമാണെന്നും വിസ റദ്ദാക്കിയിട്ടില്ലെന്നും ഇതു പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയെങ്കിലും അംഗീകരിക്കാന്‍ ഗള്‍ഫ് എയര്‍ കമ്പനി അധികൃതര്‍ തയാറായില്ല. സൗദി അറേബ്യയിലെ ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും അവര്‍ യാത്രാ രേഖകള്‍ ശരിയല്ലെങ്കില്‍ അനുമതി നല്‍കരുതെന്നാണ് അറിയിച്ചതെന്നാണ് ഗള്‍ഫ് എയര്‍ ഉപഭോക്തൃ കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചത്. എന്നാല്‍ പരാതിക്കാരന്റെ രേഖകള്‍ ശരിയാം വിധം പരിശോധിച്ച് വ്യക്തത വരുത്താതെയാണ് ഗള്‍ഫ് എയര്‍ കമ്പനി യാത്ര തടഞ്ഞതെന്നും സേവനത്തിലെ വീഴ്ചയാണെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും  പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. വിസ നല്‍കിയിട്ടുള്ളത് പാസ്‌പോര്‍ട്ടിനല്ല, പാസ്‌പോര്‍ട്ട് ഉടമയ്ക്കാണെന്നും രണ്ടു പാസ്‌പോര്‍ട്ടും ഒരാളുടേതു തന്നെയാണെന്നും വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. യാത്രാ തിയതിയുടെ പിറ്റേ ദിവസം ജോലിക്ക് ഹാജരാകേണ്ടിയിരുന്നതിനാല്‍ ജോലി നഷ്ടപ്പെട്ടുവെന്നും ദീര്‍ഘകാലം തുടര്‍ച്ചയായി ജോലി ചെയ്തിരുന്നതിനാല്‍ ലഭിക്കുമായിരുന്ന ആനുകൂല്യങ്ങള്‍ യാത്ര മുടങ്ങിയതു കാരണം നഷ്ടപ്പെട്ടുവെന്നുമുള്ള പരാതിക്കാരന്റെ വാദം പരിഗണിച്ചു കൊണ്ടാണ് കമ്മീഷന്റെ വിധി. വിമാന ടിക്കറ്റിന്റെ തുകയായ 24,000 രൂപയും കോടതി ചെലവായി 20,000 രൂപയും വിമാന കമ്പനി നല്‍കണം. വിധി പകര്‍പ്പ് കിട്ടി ഒരു മാസത്തിനകം സംഖ്യ നല്‍കാത്ത പക്ഷം തുക നല്‍കുന്നതുവരേയും ഒമ്പതു ശതമാനം പലിശയും നല്‍കണമെന്ന് വിധിയില്‍ പറഞ്ഞിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News