മുന്നറിയിപ്പായി ജോഷിമഠ്

പ്രധാനമന്ത്രി നരേന്ദ്ര മോഡി 2013 ജൂണിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ ഉത്തരാഖണ്ഡിൽ എത്തിയിരുന്നു. അക്കാലത്ത് കേദാർനാഥിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ അയ്യായിരം പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനായിരുന്നു മോഡി എത്തിയത്. പതിനയ്യായിരം ഗുജറാത്തികളെ മോഡി അന്ന് ഇന്നോവ കാറുകളിൽ രക്ഷപ്പെടുത്തി എന്നായിരുന്നു പ്രമുഖ ദേശീയ പത്രം റിപ്പോർട്ട് ചെയ്തിരുന്നത്. ഇതുസംബന്ധിച്ച തർക്കം കുറച്ചു കാലം മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരുന്നു. അത് പോട്ടെ. പ്രധാനമന്ത്രി പെട്ടെന്ന് ഇടപെട്ട് പരിഹാരമുണ്ടാക്കേണ്ട അന്നത്തേതിലും ഗൗരവമേറിയ പ്രതിസന്ധിയാണ് ഹിമാലയത്തോട് ചേർന്നുള്ള പ്രദേശങ്ങൾ ഇപ്പോൾ നേരിടുന്നത്.  നിരന്തരം പ്രകൃതിദുരന്തങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.  
ബദരീനാഥ്, കേദാർനാഥ് തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലേക്ക് പോകുന്നവരെ സംബന്ധിച്ചിടത്തോളം പ്രവേശന കവാടമാണ് മറ്റൊരു ക്ഷേത്ര നഗരിയായ ജോഷിമഠ്. ഇവിടെ വ്യാപകമായി ഭൂമി ഇടിഞ്ഞുതാഴാൻ തുടങ്ങിയതാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്നത്. കെട്ടിടങ്ങൾക്കും റോഡുകൾക്കും വിള്ളലുകൾ വീഴുന്നു. 
ഭൂമിക്കടിയിൽ നിന്ന് വെള്ളം മുകളിലേക്ക്് പരക്കുന്നു. അനുദിനം വലുതായിക്കൊണ്ടിരിക്കുന്ന വിള്ളലുകൾ കാരണം പല കെട്ടിടങ്ങളും ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായി. അതിവേഗം താഴ്ന്നു കൊണ്ടിരിക്കുന്ന ഈ പട്ടണം തന്നെ ഇല്ലാതാവുമോ എന്ന ആശങ്കയുമുണ്ട്. ജനങ്ങൾ കൈയിൽ കിട്ടിയതുമായി സുരക്ഷിതല്ലെന്ന് അധികൃതർ രേഖപ്പെടുത്തിയ വസതികളിൽ നിന്ന് പലായനം ചെയ്യുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമാണ്. ദേശീയ - സംസ്ഥാന ദുരന്ത നിവാരണ സേനകളും മറ്റു സുരക്ഷ ഏജൻസികളും ഏതു അടിയന്തര സാഹചര്യവും നേരിടാൻ തയാറായി  ക്യാമ്പ് ചെയ്യുന്നുണ്ട്. 
ആംബുലൻസുകളും ഹെലികോപ്റ്ററുകളുമൊക്കെ ഒരുക്കിവെച്ചിട്ടുണ്ട്. എന്തും സംഭവിക്കാമെന്ന മുന്നറിയിപ്പുകൾ ശാസ്ത്രീയമായി കാര്യങ്ങൾ വിശകലനം ചെയ്യുന്നവർ നൽകിയതോടെ പ്രദേശവാസികൾ തീർത്തും ആശങ്കയിലുമായി.  സമുദ്ര നിരപ്പിൽ നിന്ന് 6100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥലം ഭൂകമ്പ സാധ്യത പട്ടികയിലുള്ള പ്രദേശമാണ്. നിരവധി തവണ ഭൂചലനങ്ങൾക്ക്  ഇവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹിമാലയൻ ഭൂകമ്പങ്ങളിൽ രൂപപ്പെട്ട പ്രദേശമായതിനാൽ ഭൂമിക്ക് പൊതുവെ ഉറപ്പ് കുറവാണ്. വനനശീകരണവും വിവേചനമില്ലാതെ തുടരുന്ന കൂറ്റൻ നിർമാണ പ്രവർത്തനങ്ങളുമാണ് ജോഷിമഠിനെ ദുരന്ത ഭൂമിയാക്കി മാറ്റിയത്.  1.9 ബില്യൺ ഡോളറിന്റെ വൈദ്യുത പദ്ധതികളുടെ നിർമാണമാണ് അതീവ പരിസ്ഥിതിലോല പ്രദേശത്ത് നടക്കുന്നത്. ഇതിന് പുറമെ തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള വീതിയേറിയ ഹൈവേ നിർമാണവും പുരോഗമിക്കുന്നു. ഇതിന് കേന്ദ്ര സർക്കാരിന്റെ ശക്തമായ സാമ്പത്തിക പിന്തുണയുമുണ്ട്. ഏതായാലും  ജോഷിമഠിൽ കാര്യങ്ങൾ കൈവിട്ടുപോയ അവസ്ഥയിലാണ്.  എൻടിപിസിയുടെ തപോവൻ - വിഷ്ണുഗഢ് താപനിലയവുമായി ബന്ധപ്പെട്ട ടണൽ നിർമാണമാണ് ജോഷിമഠിന്റെ നാശം പൂർണമാക്കുന്നതെന്ന് സ്ഥലവാസികൾ പറയുന്നു.
2014 ലെ പൊതുതെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്കപ്പുറം 2013 ൽ ബി.ജെ.പി നേതാവ് സുഷമ സ്വരാജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.  കേദാർനാഥ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായിരുന്ന സുഷമയുടെ പ്രസംഗം. 2013 ലെ പ്രളയം നിരവധി ജീവനുകളാണ് അപഹരിച്ചത്. ഗംഗ നദിക്ക് കുറുകെ അണകൾ കെട്ടുന്നതിനെതിരെ അവർ മുന്നറിയിപ്പ് നൽകി. ഉത്തരാഖണ്ഡിനെ രക്ഷിക്കൂ എന്ന ശീർഷകത്തോടെ പുറത്തിറക്കിയതായിരുന്നു ഈ വീഡിയോ. എൻടിപിസിയുടെ ഹൈഡൽ ഇലക്ട്രിക് പദ്ധതിയാണ് സർവനാശത്തിന് വഴിയൊരുക്കിയതെന്ന് വിശ്വസിക്കുന്നവരാണ് പ്രദേശവാസികൾ. ദേശീയ പാത വികസനം പ്രശ്‌നം ഗുരുതരമാക്കി. 
2018-19 ൽ കിരാത്പൂർ - മണാലി ഹൈവേ നാലുവരിപ്പാതയാക്കുന്ന  പദ്ധതി ആരംഭിക്കുന്നത് വരെ ഇവിടത്തെ  ഗ്രാമങ്ങളിൽ കാര്യങ്ങൾ സാധാരണ പോലെയായിരുന്നു. പദ്ധതി ആരംഭിച്ച  2020 മുതൽ മേഖലയിൽ വിള്ളലുകൾ ഉണ്ടാവാൻ തുടങ്ങി. നാലുവരിപ്പാതയുടെ പദ്ധതി പൂർത്തിയാക്കാനുള്ള സമയപരിധി 2024 ആണ്. കുന്നിടിച്ചതോടെയാണ് വീടുകൾക്ക് വിള്ളലുണ്ടായത്. 
ഭൂഘടനയെക്കുറിച്ച്  സമഗ്രമായ അറിവുകൾ ഇവിടെ പ്രസക്തമാണ്. ഭൂമിയിൽ സംഭവിക്കുന്ന അത്ഭുതങ്ങളുടെ പ്രതിഭാസം ചർച്ച ചെയ്യപ്പെടണം. വളരെ മുമ്പ് തന്നെ ഇവിടെ മുന്നറിയിപ്പുണ്ടായതിനെ തുടർന്നാണ് പരിസ്ഥിതിലോല പ്രദേശമായി ജോഷിമഠിനെ പ്രഖ്യാപിച്ചത്.  പല നിർമാണ പ്രവർത്തനങ്ങളും വനനശീകരണവും ഭൂമിക്കടിയിലൂടെയുള്ള ടണൽ നിർമാണവും ചെരിവുകളിലെ നിർമാണ പ്രവർത്തനങ്ങളും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് നടത്തിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ദുരന്ത നിവാരണ അതോറിറ്റി, റൂർക്കി ഐഐടി, ഡെറാഡൂണിലെ വാഡിയ ഹിമാലയൻ ജിയോളജി ഗവേഷണ ഇൻസ്റ്റിറ്റിയൂട്ട് എന്നിവ നടത്തിയ പഠനങ്ങൾ കാര്യമായി വിലയിരുത്തിയതുമില്ല. 
കഴിഞ്ഞ ദിവസമാണ് ജോഷിമഠിലെ സ്ഥിതിയെ കുറിച്ച് ഐ.എസ്.ആർ.ഒ റിപ്പോർട്ട് പുറത്തു വന്നത്. പന്ത്രണ്ട് ദിവസത്തിനുള്ളിൽ ജോഷിമഠ് നഗരം താഴ്ന്നത് 5.3 സെന്റിമീറ്ററെന്നാണ്  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന കണ്ടെത്തിയത്. നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടു കൊണ്ടാണ് ഇത്തരമൊരു കാര്യം വ്യക്തമാക്കിയത്. 2022 ഡിസംബർ 27 നും 2023 ജനുവരി 8 നും ഇടയിൽ 5.4 സെന്റിമീറ്ററോളം നഗരം ഇടിഞ്ഞ് താഴുകയായിരുന്നു. 2022 ഏപ്രിലിനും 2022 നവംബറിനുമിടയിൽ 12 ദിവസത്തെ താഴ്ചാ നിരക്ക് വേഗത്തിലായിരുന്നുവെന്നും ഈ കാലയളവിൽ 9 സെന്റിമീറ്ററോളം നഗരം താഴ്ന്നതായും ഐഎസ്ആർഒ വ്യക്തമാക്കി. ജോഷിമഠ് നഗരത്തിൽ ഭൂമി താഴുന്നതിനെത്തുടർന്ന്  കെട്ടിടങ്ങളിലും വീടുകളിലും റോഡുകളിലും ഏറെ ആഴമേറിയ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. പ്രതിസന്ധിക്ക് പരിഹാരം കാണാൻ നേരിട്ട് ഇടപെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്ഥിഗതികൾ വിലയിരുത്താൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ എല്ലാവിധ സഹായങ്ങളും  കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തു. ജനുവരി 12 ന് ചേർന്ന യോഗത്തിന് ശേഷം വിചിത്രമായ ഒരു ഉത്തരവാണ് ദുരന്ത മാനേജ്‌മെന്റ് അതോറിറ്റിയുടേതായി പുറത്തു വന്നത്. 
ജോഷിമഠിലെ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച സമിതികളിലെ വിദഗ്ധർ മാധ്യമങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ചത് ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നത് പോലെയാണ്. 
ഇന്ത്യയിലെവിടെ വേണമെങ്കിലും ജോഷിമഠിലേത് പോലെ പ്രതിസന്ധികളുണ്ടാവാം. മലയാളികൾ ഭാഗ്യത്തിനാണ് കെ റെയിലെന്ന കുന്നുകളും പുഴകളും തുരന്നുള്ള മഹാ ദുരന്തത്തിൽ നിന്ന് തൽക്കാലം രക്ഷപ്പെട്ടത്. വേമ്പനാട്ട് കായലും കല്ലായിപ്പുഴയും കോട്ടയം, കോഴിക്കോട് നഗരങ്ങളും തുരന്നു മാന്തി ഭൂഗർഭത്തിലൂടെ അർധ അതിവേഗ പാത പണിയാനായിരുന്നുവല്ലോ ഇവിടെയും പദ്ധതി. ടൺ കണക്കിന് മണലും പാറയും ശേഖരിക്കുമ്പോഴുണ്ടാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ വേറെയും. 
പരിസ്ഥിതിലോല മേഖലകൾ അതീവ ശ്രദ്ധയോടെ സംരക്ഷിക്കുന്നതിലും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നതാണ് ജോഷിമഠ് ദൈവത്തിന്റെ സ്വന്തം നാടിനുൾപ്പെടെ നൽകുന്ന മഹത്തായ പാഠം.

Latest News