Sorry, you need to enable JavaScript to visit this website.

ബാഫഖി തങ്ങളുടെ വിയോഗത്തിന് അമ്പതാണ്ട്; ദിശ നിര്‍ണയിച്ച ബഹുമുഖ പ്രതിഭ

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ സുവര്‍ണകാലം ഏതെന്ന് അന്വേഷിച്ചാല്‍ 1960 കളും പിന്നെ 1970കളുടെ ആദ്യ വര്‍ഷങ്ങളുമടങ്ങുന്ന വ്യാഴവട്ടക്കാലമെന്ന സുചിന്തിത നിരീക്ഷണമാണ് പലര്‍ക്കുമുള്ളത്. 1973 ജനുവരി 18ന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മക്കയില്‍ വെച്ച് മരിച്ചതിനു പിറകെയുള്ള രണ്ട് മൂന്ന് വര്‍ഷങ്ങളിലാണ് മുസ്ലിംലീഗിന്റെ തളര്‍ച്ച കണ്ടത്. പിന്നീടുള്ള രണ്ട് ദശകങ്ങളില്‍ മുസ്ലിംലീഗില്‍ നിര്‍ഭാഗ്യകരമായ രണ്ട് പിളര്‍പ്പുകള്‍ ഉണ്ടായി.
അഖിലേന്ത്യാതലത്തില്‍ മര്‍ഹൂം ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും നേതൃത്വം നല്‍കിയ ആ നാളുകള്‍ പ്രതികൂല ചുറ്റുപാടുകളുള്ളതായിരുന്നു. മുസ്ലിം സമുദായം വളരെ പിന്നോക്കവും ദരിദ്രവുമായിരുന്നു. ഭരണാധികാരത്തിന്റെ തണലോ സൗകര്യങ്ങളോ ഇല്ല. ഗള്‍ഫിന്റെ സാധ്യതകളും വലുതായിട്ടൊന്നും തെളിഞ്ഞു വന്നിട്ടില്ല. രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പലരും മുസ്ലിംലീഗിനെയും മറ്റ് മുസ്ലിം സംഘടനകളെയും ഒട്ടും പരിഗണിക്കാറുണ്ടായിരുന്നില്ല. നിസ്വാര്‍ത്ഥമായ ത്യാഗ പരിശ്രമങ്ങളായിരുന്നു അന്നത്തെ മുസ്ലിംലീഗിന്റെ മുഖമുദ്ര. ഇക്കാര്യം വ്യക്തമാക്കാനുതകുന്ന ഒരു വസ്തുത വിവരിക്കാം.
1969ല്‍ ഇന്ത്യയുടെ പ്രസിഡണ്ടായിരുന്ന സാക്കിര്‍ ഹുസൈന്റെ ആകസ്മിക വിയോഗത്തെ തുടര്‍ന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി നിര്‍ത്തിയ സഞ്ജീവറെഡ്ഡിക്കെതിരെ അന്ന് വൈസ് പ്രസിഡണ്ട് ആയിരുന്ന വി.വി ഗിരിയെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മത്സരിപ്പിച്ചു. ഇത് പിന്നീട് കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കി. അന്ന് ഇടതുപക്ഷം ഉള്‍പ്പെടെ പലരും ഇന്ദിരയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. മൊറാര്‍ജി ദേശായി, നിജലിംഗപ്പ, കാമരാജ് തുടങ്ങിയവര്‍ ഉള്‍പ്പെടെ ഔദ്യോഗിക വിഭാഗത്തെ സോഷ്യലിസത്തോട് ആഭിമുഖ്യമില്ലാത്ത, മുതലാളിത്ത ലോബിയോട് ചേര്‍ന്ന് നില്‍ക്കുന്ന വിഭാഗമായിട്ടാണ് പൊതുവേ അന്ന് മനസ്സിലാക്കപ്പെട്ടത്. വാശിയേറിയ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വളരെ നേരിയ ഭൂരിപക്ഷത്തിലാണ് വി.വി ഗിരി ജയിച്ചത് ( ജയിച്ച ഭൂരിപക്ഷത്തിന്റെ മൂല്യം ഏതാണ്ട് 15300 ആണെന്നാണ് ഓര്‍മ്മ) അന്ന് ഖാഇദെമില്ലത്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പിന്തുണ ഇന്ദിരാ വിഭാഗം തേടുകയും മുസ്ലിം ലീഗ് നിരുപാധികം പിന്തുണക്കുകയും ചെയ്തു. മുസ്ലിംലീഗിന് അന്ന് ലോകസഭയിലും രാജ്യസഭയിലുമായി ഏഴ് എം.പി.മാര്‍ ഉണ്ടായിരുന്നു. കേരളത്തില്‍ 14 എം.എല്‍.എമാര്‍, പശ്ചിമബംഗാളില്‍ ഏഴ്, തമിഴ്‌നാട്ടില്‍ മൂന്ന്, മഹാരാഷ്ട്രയില്‍ ഒന്ന് വീതം എം.എല്‍.എമാരും ഉണ്ടായിരുന്നു. ലീഗിന്റെ കൈവശമുള്ള വോട്ടിന്റെ മൂല്യം ഏകദേശം അമ്പതിനായിരമായിരുന്നു എന്നാണ് പറയപ്പെടുന്നത്. അന്ന് ഇന്ദിരയും വി.വി ഗിരിയുമൊക്കെ ഖാഇദെമില്ലത്തിനോട് നന്ദി അറിയിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ജനിച്ചത് മുസ്‌ലിം ലീഗ് രൂപീകൃതമായ 1906 ലാണ്. ഏഴു പതിറ്റാണ്ടില്‍ താഴെ മാത്രം ജീവിച്ച തങ്ങള്‍ തന്റെ ആയുസ്സിന്റെ പകുതി കാലം ചുരുങ്ങിയത് മൂന്നര ദശകം കോഴിക്കോട് സിറ്റി മുസ്‌ലിം ലീഗ് പ്രസിഡണ്ടായും പിന്നീട് മലബാര്‍ ജില്ലാ ലീഗ് പ്രസിഡണ്ടായും കേരളപ്പിറവിക്ക് ശേഷം കേരള സ്‌റ്റേറ്റ് മുസ്‌ലിം ലീഗ് പ്രസിഡണ്ടായും ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു. അദ്ദേഹം രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല. മറിച്ച് മത സാമൂഹ്യ  വിദ്യാഭ്യാസ മേഖലകളില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ച ഉജ്വലമായ ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു. ദീനീനിഷ്ഠയും വിശാലവീക്ഷണവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു. ഈ സവിശേഷതകളില്‍ നിന്നുയിര്‍കൊണ്ട അസാധാരണമായ ഉള്‍ക്കാഴ്ചയും ഉള്‍ക്കരുത്തും ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത അദ്ദേഹത്തിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളെ ഉജ്വലമാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യം ഇരട്ട പ്രസവമായിരുന്നു. ഈ പ്രസവത്തില്‍ ഒരുപാട് രക്തം വാര്‍ന്നു പോയിരുന്നു. നിരവധി കൊച്ചു നാട്ടുരാജ്യങ്ങളായി കഴിഞ്ഞിരുന്ന നമ്മുടെ ഇന്ത്യ വിഭക്തമായാണ് സ്വതന്ത്രയായത്. നേരത്തെ ഒരു അഖണ്ഡഭാരതം ഇവിടെ ഉണ്ടായിരുന്നില്ല. ഇന്ത്യ വിഭജനം എന്ന പ്രയോഗം തന്നെ അത്ര സൂക്ഷ്മമല്ല. പക്ഷേ, ഇന്ത്യാ വിഭജനത്തിന്റെ പാപക്കുരിശ് മുസ്‌ലിം ലീഗിന്റെ പിരടിയില്‍ കെട്ടിയേല്‍പിക്കാനുള്ള ശ്രമങ്ങളാണ് അക്കാലത്ത്  സജീവമായി നടന്നത്. സത്യത്തില്‍ വികലാംഗ ശിശു പിറന്നതിന് ദമ്പതിമാര്‍ പരസ്പരം പഴി ചാരുന്നതുപോലുള്ള വര്‍ത്തമാനമാണിത്. പല നാടുകള്‍ ചേര്‍ന്ന് ഒന്നാകലും ഒന്നായിരുന്നത് പലതാകലും ചരിത്രത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. (രണ്ട് ജര്‍മ്മനികള്‍ ഒന്നായത്, സോവിയറ്റ് റഷ്യ പലതായത്, പാക്കിസ്ഥാന്‍ പിളര്‍ന്ന് ബംഗ്ലാദേശ് ഉണ്ടായത് തുടങ്ങിയവ ഉദാഹരണമാണ്)വിഭജനം എന്നത് ഉണ്ടായിട്ടുണ്ടെങ്കില്‍, അത് ഒരു തെറ്റുമായിരുന്നെങ്കില്‍ അതില്‍ ത്രികക്ഷി പങ്കാളിത്തമുണ്ടെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. (1) ഭിന്നിപ്പിച്ച് ഭരിക്കല്‍ എന്ന രീതി അടിസ്ഥാനമാക്കി അന്നിവിടെ നാട് ഭരിച്ച ബ്രിട്ടീഷ് ഗവര്‍ണ്‍മെന്റ്. (2) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്. (3) സര്‍വേന്ത്യാ മുസ്‌ലിം ലീഗ്.

എന്നാല്‍ വിഭജനത്തിനുത്തരവാദി മുസ്‌ലിം ലീഗും അതുവഴി പരോക്ഷമായി മുസ്‌ലിംകളുമാണെന്ന പ്രചണ്ഡ പ്രചാരവേല മുസ്‌ലിംകളില്‍ അപകര്‍ഷതാ ബോധം വളര്‍ത്താനും മറ്റുള്ളവര്‍ക്ക് മുസ്‌ലിംകളുടെ നേരെ കടുത്ത വെറുപ്പുണ്ടാക്കാനും ഇടയാക്കി. ഉത്തരേന്ത്യയില്‍ പല ഭാഗങ്ങളില്‍ മുസ്‌ലിം വിരുദ്ധ കലാപങ്ങളുണ്ടായതിനും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനും മുഖ്യഹേതു മേല്‍ചൊന്ന തെറ്റായ പ്രചരണമാണ്. (പാവപ്പെട്ട പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ കലാപ ഭീതിയാലും മറ്റും മതപരിത്യാഗികളായിത്തീരാന്‍ വരെ ഇത് ഇടയാക്കി)

ഉത്തരേന്ത്യയിലെ ഇതേ സാമൂഹ്യാവസ്ഥ കേരളത്തിലുണ്ടായിരുന്നില്ലെങ്കിലും അതിന്റെ സ്വാധീനം ഇവിടെയുമുണ്ടായിരുന്നു. കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യ വിഭജനത്തിന്റെ പ്രശ്‌ന സങ്കീര്‍ണതകള്‍ വളരെയൊന്നും അനുഭവിച്ചിട്ടില്ലെങ്കിലും തീവ്രമായ കുപ്രചാരണങ്ങള്‍ ഇവിടെയുമുണ്ടായിരുന്നു.

കേരളത്തിന്ന്, വിശിഷ്യാ മലബാറിന് മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. അറബികളുമായി അവര്‍ക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന വ്യാപാര സമ്പര്‍ക്കങ്ങളായിരുന്നു അത്. അറേബ്യയില്‍ നിന്ന് നേരിട്ട് വളരെ നേരത്തെ ഇസ്‌ലാം ഇവിടെയെത്തിയതും പ്രചരിച്ചതും അങ്ങനെയായിരുന്നു. ളാദ് എന്ന ഉച്ഛാരണം പ്രയാസകരമായ അറബി അക്ഷരം ഇന്ത്യയുടെ ഇതരഭാഗങ്ങളിലുള്ളവരെ അപേക്ഷിച്ച് സ്ഫുടമായി ഉച്ചരിക്കാന്‍ മലയാളി മുസ്‌ലിംകള്‍ക്ക് സാധിക്കുന്നത് ഈ അറബ് ബന്ധത്തിന്റെ സ്വാധീനം കുറിക്കുന്നു. മലയാള ഭാഷയിലും മലയാള സംസ്‌കാരത്തിലുമുള്ള അറബ്‌സ്വാധീനവും ഇതിന്റെ നിദര്‍ശനമാണ്. ഈ അറേബ്യന്‍ പാരമ്പര്യത്തിന്റെയും സ്വാധീനത്തിന്റെയും തുടര്‍ച്ചയാണ് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. ലോകത്തിലെ വിവിധ ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ഇസ്‌ലാമിന്റെ പ്രചാരണത്തില്‍ അറേബ്യന്‍ മുസ്‌ലിം വ്യാപാരികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

ഇതേ പാരമ്പര്യമനുസരിച്ച് മികവാര്‍ന്നതും മാതൃകാപരവുമായ ഒരു കച്ചവടപാരമ്പര്യവും സംസ്‌കാരവുമാണ് ബാഫഖി തങ്ങളുടേതും. മികച്ച കച്ചവടക്കാര്‍ ആദാന പ്രദാന പ്രക്രിയകളിലും ആളുകളുമായി ഇണങ്ങുന്നതിലും മറ്റാരേക്കാളും കേമന്മാരായിരിക്കും. വിശിഷ്യാ ഇസ്‌ലാമിന്റെ കച്ചവട തത്ത്വങ്ങള്‍ (Business ethics) സ്വാംശീകരിച്ചവര്‍ ഇതില്‍ കുറേകൂടി ഉന്നത നിലവാരം പുലര്‍ത്തും. മര്‍ഹൂം സയ്യിദ് അബ്ദു റഹ്മാന്‍ ബാഫഖി തങ്ങളില്‍ ഇത് തികച്ചും പുലര്‍ന്നിരുന്നു. കെ.എം സീതി സാഹിബിന്റെ പ്രേരണയും പ്രോല്‍സാഹനവും ഇതിനെ ത്വരിതപ്പെടുത്തി. 1942ല്‍ കോഴിക്കോട് നഗരസഭക്ക് ഒരു നോമിനേറ്റഡ് കൗണ്‍സില്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കൊയിലാണ്ടിക്കാരനായ ബാഫഖി തങ്ങളും അതിലൊരംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. എം.വി ഹൈദ്രോസ് വക്കീല്‍, പി.പി ഹസ്സന്‍കോയ, കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി, പി.ഐ അഹമ്മദ് കോയ ഹാജി മുതലായവരായിരുന്നു മറ്റ് കൗണ്‍സിലര്‍മാരില്‍ ചിലര്‍. കെ.വി സൂര്യനാരായണയ്യര്‍ ചെയര്‍മാനും. ഇതേ വര്‍ഷത്തില്‍ മലബാര്‍ പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം സഭ, കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്‌ലാം സഭ, ഹിമായത്തുല്‍ ഇസ്‌ലാം സഭ തുടങ്ങിയ സ്ഥാപനങ്ങളുടെയെല്ലാം നടത്തിപ്പിലും അദ്ദേഹം വ്യാപൃതനായിരുന്നു.
ചന്ദ്രിക പത്രത്തിന്റെ ജീവനാഡിയായും അദ്ദേഹം വര്‍ത്തിച്ചു. മുസ്‌ലിംകളുടെ വിഷയങ്ങളും വാര്‍ത്തകളും പരമാവധി തമസ്‌കരിക്കുകയും വക്രീകരിക്കുകയും ചെയ്ത ആ നാളുകളില്‍ ചന്ദ്രിക മാത്രമായിരുന്നു മുസ്‌ലിംകളുടെ വിഷയങ്ങള്‍ ഒരളവോളമെങ്കിലും പ്രകാശനം ചെയ്തത്. അതുകൊണ്ടുതന്നെ  ചന്ദ്രികയുടെ കാര്യത്തില്‍ തങ്ങള്‍ പുലര്‍ത്തിയ വലിയ താല്‍പര്യം വളരെ പ്രസക്തമായിരുന്നു.

 

Latest News