തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ തീപിടിത്തം; കത്തി നശിച്ചതു കൂടുതലും മൊബൈല്‍ ഫോണുകള്‍, കോടിയുടെ നഷ്ടം

തിരൂര്‍-തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.  കത്തി നശിച്ചത് ആയിരത്തിലേറെ മൊബൈല്‍ ഫോണുകളും നൂറുക്കണക്കിന് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും.ഗള്‍ഫ് മാര്‍ക്കറ്റിന്റെ പ്രവേശന കവാടത്തിലുള്ള കെട്ടിടത്തിലാണ്  ഇന്നലെ  പുലര്‍ച്ചെ രണ്ടു മണിയോടെ  തീപിടിത്തമുണ്ടായത്. പത്തോളം കടകളിലാണ് നഷ്ടം സംഭവിച്ചത്. പൂക്കയില്‍ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് മൊബൈല്‍ പൂര്‍ണമായും കത്തിയമര്‍ന്നു. കടയുടെ ചുമര്‍ ഉള്‍പ്പെടെ കത്തി. 30 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് ഇവിടെ മാത്രം കത്തി നശിച്ചത്.  ലാപ്പ്‌ടോപ്പുകള്‍, കാമറകള്‍ എന്നിവയും കത്തിയവയിലുള്‍പ്പെടുന്നു.
തീപിടിത്തമുണ്ടായ കടകളെല്ലാം മൊബൈല്‍ ഷോപ്പുകളാണ്. നഷ്ടം തിട്ടപ്പെടുത്തല്‍ പൂര്‍ത്തിയായിട്ടില്ല. മൊത്തം കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്ക്. പുലര്‍ച്ചെ രണ്ടു മണിയോടെ മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരായ ഷാനവാസ്, സിദിഖ്് എന്നിവരാണ് തീപിടിത്തം ആദ്യം കണ്ടത്. ഉടന്‍ സെക്യൂരിറ്റി ക്യാപ്റ്റന്‍ ജാഫറിനെയും സഹപ്രവര്‍ത്തകരായ  ജുനൈദ്, പ്രദീപ്, രാജേഷ് എന്നിവരെയും വിവരമറിയിച്ചു. അപകട സാധ്യത തിരിച്ചറിഞ്ഞ് ഉടന്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചതും കുറഞ്ഞ സമയത്തിനകം അഗ്‌നിശമന സേന എത്തിയതും തുണയായി. തിരൂര്‍, താനൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നിന്നു ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് എത്തിയത്. കനത്ത പുക മൂലം കടകളിലേക്ക് പ്രവേശിക്കാനാകാത്ത അവസ്ഥയായിരുന്നു. ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ ബ്രീതിംഗ്് അപ്പാരക്കസ് അണിഞ്ഞ് സാഹസികമായി അകത്തു കടന്നു എക്‌സോസ്റ്റ് ബ്ലോവര്‍ ഉപയോഗിച്ച് പുക പുറന്തള്ളിയ ശേഷമാണ് തീ പൂര്‍ണമായും അണച്ചത്. പൊന്നാനി സ്റ്റേഷന്‍ ഓഫീസര്‍ ഫാഹിദ്, തിരൂരിലെയും താനൂരിലെയും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ ടി.കെ ഹംസക്കോയ, ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒന്നര മണിക്കൂറോളം നീണ്ട  രക്ഷാപ്രവര്‍ത്തനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

 

Latest News