ഇന്ത്യ-ന്യൂസിലാന്റ്
ഒന്നാം ഏകദിനം
ഹൈദരാബാദ്
ബുധന്‍ രാവിലെ 11.00
ഹൈദരാബാദ് - ശ്രീലങ്കക്കെതിരെ റെക്കോര്‍ഡ് വിജയത്തോടെ പരമ്പര തൂത്തുവാരിയതിന് പിന്നാലെ ന്യൂസിലാന്റിനെതിരെ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ നേരിടുന്നു. 2010 മുതല്‍ നാട്ടില്‍ കളിച്ച 25 പരമ്പരകളില്‍ ഇരുപത്തിരണ്ടും ജയിച്ച ഇന്ത്യക്ക് ന്യൂസിലാന്റും വലിയ വെല്ലുവിളിയാവാന്‍ സാധ്യതയില്ല. ഈ വര്‍ഷം സ്വന്തം മണ്ണിലെ ലോകകപ്പിനായി ഒരുങ്ങുകയാണ് ഇന്ത്യ. എന്നാല്‍ സമീപകാലത്ത് നാട്ടില്‍ ഇന്ത്യക്ക് ഏറ്റവും വെല്ലുവിളി സമ്മാനിച്ച ടീമുകളിലൊന്നാണ് ന്യൂസിലാന്റ്. 2016 ലെയും 2017 ലെയും കഴിഞ്ഞ പരമ്പരകള്‍ അവസാന മത്സരത്തിലാണ് വിധിയായത്.
കെയ്ന്‍ വില്യംസനും ടിം സൗതീയുമില്ലാതെയാണ് ന്യൂസിലാന്റ് എത്തിയിരിക്കുന്നത്. ട്രെന്റ് ബൗള്‍ടും ഇല്ല. അവസാനം കളിച്ച മത്സരത്തില്‍ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയടിച്ചിട്ടും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ഇശാന്‍ കിഷന് ഈ പരമ്പര മികച്ച അവസരമാണ്. കെ.എല്‍ രാഹുല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതിനാല്‍ ഇശാന് കളിക്കാനായേക്കും. കൂടാതെ ശ്രേയസ് അയ്യര്‍ പുറംവേദന കാരണം കളിക്കുന്നില്ല. രജത് പട്ടിധാറെ പകരം ടീമിലുള്‍പെടുത്തിയിട്ടുണ്ട്. പ്ലേയിംഗ് ഇലവനില്‍ അത് സൂര്യകുമാറിന് അവസരം തുറക്കും. സ്പിന്നര്‍മാരില്‍ കുല്‍ദീപ് യാദവ്, യുസവേന്ദ്ര ചഹല്‍ എന്നിവരിലൊള്‍ വിട്ടുനില്‍ക്കേണ്ടി വരും. ന്യൂസിലാന്റ് നിരയില്‍ സ്പിന്നര്‍ ഈശ് സോധി പരിക്കേറ്റു പിന്മാറി.