Sorry, you need to enable JavaScript to visit this website.

പാലാ നഗരസഭ അധ്യക്ഷൻ: സി.പി.എം -കേരള കോൺഗ്രസ് ഭിന്നത മുറുകുന്നു


കോട്ടയം- ധാരണ പ്രകാരം കേരള കോൺഗ്രസ് എം പാലാ നഗരസഭാ അധ്യക്ഷപദം ഇടതു മുന്നണിക്കു വിട്ടു നൽകിയെങ്കിലും സിപിഎം പ്രതിനിധിയുടെ കാര്യത്തിൽ തർക്കം തുടരുന്നു. കേരള കോൺഗ്രസ് എമ്മിന്റെ ശത്രുപക്ഷത്തുളള ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനുളള സിപിഎം നീക്കമാണ് ചൊടിപ്പിച്ചത്. നിയമസഭാ ഇലക്ഷൻ പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ കേരള കോൺഗ്രസ് എമ്മിന്റെ പാലായിലെ വിജയസാധ്യതകളെ അട്ടിമറിച്ച തല്ലു കേസിന്റെ സൂത്രധാരൻ എന്ന നിലയിലാണ് ബിനുവിനോട് വിരോധം. 
മാണി സി കാപ്പന്റെ വിവാദമായ ചെക്ക് കേസ് സംബന്ധിച്ച് വാർത്താ സമ്മേളനം കോട്ടയത്ത് നടക്കുമ്പോഴാണ് നാടകീയമായി പാലാ നഗരസഭയിൽ ഏറ്റുമുട്ടൽ നടന്നത്. കേരള കോൺഗ്രസ് അംഗവും നഗരസഭാംഗവുമായ ബൈജു കൊല്ലംപറമ്പിലും ബിനുവും തമ്മിലായിരുന്നു അടി. ഇതോടെ പാലായിൽ ഇടതുമുന്നണിക്കു ലഭിക്കാമായിരുന്ന മുൻതൂക്കം നഷ്ടമായി. രാഷ്ട്രീയമായി ക്ഷീണമായി. ഇടതുമുന്നണിയിലെ രണ്ടു കൗൺസിലർമാർ തമ്മിലടിച്ചത് നാണക്കേടുമായി. അന്ന് പരസ്പരം പോർവിളി നടത്തുന്നതിനു നേതൃത്വം നൽകിയ ആളെ നഗരസഭാധ്യക്ഷനാക്കാനുളള നീക്കമാണ് കേരള കോൺഗ്രസ് എമ്മിനെ പ്രകോപ്പിച്ചത്.
2019 ൽ കെ.എം മാണിയുടെ നിര്യാണത്തെ തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിൽ തന്നെ ബിനു പുളിക്കക്കണ്ടത്തിനെതിരെ ആരോപണം ഉയർന്നിരുന്നതാണ്. അന്നു ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന മാണി സി കാപ്പനായി ബിനു ബിജെപി വോട്ടു മറിച്ചെന്ന് ബിജെപി ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി. തുടർന്ന് ബിജെപിയിൽ നിന്നു പുറത്താക്കുകയും ചെയ്തു. ബിജെപിയിൽ നിന്നും സിപിഎമ്മിലെത്തി നഗരസഭയിലേക്ക് മത്സരിച്ചു വിജയിച്ച പുളിക്കക്കണ്ടം പാർട്ടിയുടെ കണ്ണിലുണ്ണിയായി മാറി. പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ചതാണ് സിപിഎം പുതിയ പദവിയിലേക്ക് ബിനുവിനെ പരിഗണിക്കാൻ കാരണം. കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയുടെ തോൽവിയ്ക്കായി രണ്ടു തെരഞ്ഞെടുപ്പിലും ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ച ആളെ അംഗീകരിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കേരള കോൺഗ്രസ് എം. മന്ത്രി വി.എൻ വാസവന്റെ നേതൃത്വത്തിൽ പലതവണ ചർച്ച നടത്തിയെങ്കിലും വിഷയത്തിൽ ഇനിയും സമവായമായിട്ടില്ല.
ഇടതുമുന്നണി സ്ഥാനാർഥിയായി ബിനുവിനെ അവതരിപ്പിക്കാൻ സിപിഎം ഏതാണ്ടു തീരുമാനിച്ചിരിക്കുകയാണ്. 19 നാണ് യോഗം. അന്ന് പുതിയ നഗരസഭാധ്യക്ഷ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. തുടർന്ന് അടുത്ത ഒരു വർഷം സിപിഎമ്മിനാണ് പാലാ നഗരസഭാധ്യക്ഷപദം. അവസാന രണ്ടുവർഷം വീണ്ടും കേരള കോൺഗ്രസ് എമ്മിനു തന്നെ ലഭിക്കും. ബിനുവിനെ അംഗീകരിക്കില്ലെന്ന കർശന നിലപാടിലാണ് കേരള കോൺഗ്രസ് എം. ഇടതുമുന്നണി യോഗത്തിൽ സിപിഐ നിലപാടും നിർണായകമാവും. ചെയർമാൻ സ്ഥാനാർഥിയെ സിപിഎം തീരുമാനിക്കുമെന്നു തന്നെയാണ് പാർട്ടി പറയുന്നത്. കേരള കോൺഗ്രസ് സമ്മർദത്തിനു മുന്നിൽ സിപിഎം വഴങ്ങുമോ എന്നാണ് അറിയാനുളളത്. ഇടതുമുന്നണി ധാരണപ്രകാരം കേരള കോൺഗ്രസ് എമ്മിനെ ആന്റോ ജോസ് പടിഞ്ഞാറേക്കര പാല നഗരസഭാധ്യക്ഷപദം നേരത്തെ രാജിവെച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News