പുതിയ ചിത്രത്തിന് നായകനെ തേടിയ ഫ്രൈഡേ ഫിലിംസിന്റെ പോസ്റ്റിന് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. വെളുത്ത നായകനെ തേടുന്നുവെന്ന പരാമര്‍ശമാണ് ഏവരെയും ചൊടിപ്പിച്ചത്. വിജയ് ബാബുവാണ് കാസ്റ്റിങ് കോള്‍ പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. നിങ്ങള്‍ ഇങ്ങനെ പിന്തിരിപ്പന്‍ ആകരുതെന്നും കറുപ്പും സൗന്ദര്യത്തിന്റെ ലക്ഷണമാണെന്നും ആളുകള്‍ കമന്റ് ചെയ്തു. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വര്‍ണവിവേചനത്തിന്റെ പ്രതിഫലനമാണ് ഈ പോസ്‌റ്റെന്ന് പലരും അഭിപ്രായപ്പെടുന്നു. ഫ്രൈഡേ ഫിലിം ഹൗസ് പോലുള്ള ഒരു വലിയ നിര്‍മാണ കമ്പനി നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് ഏറെ അപലപനീയമാണെന്നും വിമര്‍ശനങ്ങളുയരുന്നുണ്ട്. നടനും നിര്‍മാതാവുമായ വിജയ് ബാബുവാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥന്‍. നടി സാന്ദ്രാ തോമസിനൊപ്പമാണ് വിജയ് ബാബു ഫ്രെഡേ ഫിലിം ഹൗസ് സ്ഥാപിച്ചത്. പിന്നീട് സാന്ദ്രയും വിജയ് ബാബുവും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഓഹരികളെല്ലാം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലാണ്.