കൊച്ചി - പറവൂരിൽ കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റവരുടെ എണ്ണം വീണ്ടും ഉയർന്നു. ഇതിനകം ഭക്ഷ്യവിഷബാധയേറ്റ് 65 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
28 പേർ പറവൂർ താലൂക്ക് ആശുപത്രിയിലും 20 പേർ സ്വകാര്യ ആശുപത്രിയിലും മൂന്ന് പേർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവർ തൃശൂർ, കോഴിക്കോട് ആശുപത്രികളിലുമാണ് ചികിത്സയിലുള്ളത്.
പറവൂർ ടൗണിലെ മജ്ലിസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇന്നലെ വൈകീട്ട് ഹോട്ടലിൽ നിന്നും കുഴിമന്തിയും അൽഫാമും ഷവായയും മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. ഹോട്ടൽ നഗരസഭ ആരോഗ്യവിഭാഗം അടപ്പിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയെ ചിലർക്ക് പ്രയാസങ്ങൾ അനുഭവപ്പെട്ടുവെങ്കിലും ഇന്ന് രാവിലെ മൂന്ന് വിദ്യാർത്ഥികളെയാണ് ആദ്യം പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയരുകയായിരുന്നു. ചർദിയും വയറിളക്കവും കടുത്ത ക്ഷീണവുമാണ് എല്ലാവർക്കുമുണ്ടായത്.






