കാക്കനാട്-സിനിമ താരം മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കി. എറണാകുളം കാക്കനാട് ആര്‍ടി ഓഫീസിനു കീഴിലായിരുന്നു താരം ടെസ്റ്റിന് പങ്കെടുത്തത്. തല അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയതിനു ശേഷം തനിക്കും സ്വന്തമായി ബൈക്ക് ഓടിക്കണം എന്ന് മഞ്ജു വാര്യര്‍ ഇന്റര്‍വ്യൂകളില്‍ പറയുകയുണ്ടായി.
അതിന്റെ ആദ്യപടിയായാണ് മഞ്ജു വാര്യര്‍ ടൂവീലര്‍ ലൈസന്‍സ് സ്വന്തമാക്കിയത്. പുതുതായി ഇറങ്ങാന്‍ പോകുന്ന ആയിഷ എന്ന സിനിമയുടെ തിരക്കുകള്‍ക്കിടയിലാണ് മഞ്ജു വാര്യര്‍ ലൈസന്‍സ് സ്വന്തമാക്കാനുള്ള ടെസ്റ്റ് പാസായത്.
''ഇനി എനിക്ക് ബി.എം.ഡബ്ല്യു. ബൈക്ക് വാങ്ങാം, റോഡിലൂടെ ഓടിക്കാം'' ടെസ്റ്റ് പാസായ സന്തോഷത്തില്‍ മഞ്ജു വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരോട് പറഞ്ഞു.
രാവിലെ മുതല്‍ നൂറുകണക്കിന് ആളുകളാണ് കാക്കനാട് ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാനും പരിശീലനത്തിനുമായി എത്തിയിരുന്നത്. ഇവരുടെയെല്ലാം ഊഴം കഴിഞ്ഞ ശേഷമായിരുന്നു താരത്തെ എറണാകുളം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍. രാജേഷ് ടെസ്റ്റിന് വിളിച്ചുവരുത്തിയത്. അവസാനത്തെ അപേക്ഷകനെയും വിട്ടയച്ച ശേഷമായിരുന്നു നടിയുടെ എട്ട് എടുക്കല്‍. തന്റെ സമയമാകുന്നതുവരെ മഞ്ജു വാരിയര്‍ കങ്ങരപ്പടിയിലുള്ള ഗ്രൗണ്ടില്‍ എട്ട് എടുത്ത് പരിശീലിക്കുകയായിരുന്നു. 2014ല്‍ തൃശ്ശൂര്‍ ആര്‍.ടി. ഓഫീസില്‍നിന്ന് നാലുചക്ര വാഹനം ഓടിക്കാനുള്ള ലൈസന്‍സ് മഞ്ജു സ്വന്തമാക്കിയിട്ടുണ്ട്.