Sorry, you need to enable JavaScript to visit this website.

വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ, കര്‍ണാടകയില്‍ പ്രിയങ്കയുടെ പ്രഖ്യാപനം

ബംഗളൂരു- കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയിലെ ഓരോ വീട്ടമ്മമാര്‍ക്കും പ്രതിമാസം രണ്ടായിരം രൂപ വീതം നല്‍കുമെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് സംഘടിപ്പിച്ച 'നാ നായഗി' എന്ന വനിതാ കണ്‍വെന്‍ഷനിലാണ് പദ്ധതിയുടെ പ്രഖ്യാപനം. ഗൃഹലക്ഷ്മി എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഒന്നരക്കോടിയിലധികം വീട്ടമ്മമാര്‍ക്ക് പ്രയോജനകരമാകുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സ്ത്രീകളെ ശാക്തീകരിക്കുന്നതിലൂടെ കുടുംബങ്ങള്‍ ശാക്തീകരിക്കപ്പെടുമെന്നും അതുവഴി രാഷ്ട്രം തന്നെ പുരോഗതിയാര്‍ജ്ജിക്കുമെന്നും കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്ന പ്രിയങ്ക ഗാന്ധി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രിയങ്ക ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് എന്തു മാറ്റമാണുണ്ടായതെന്നും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിഞ്ഞെന്നും ചോദിച്ചു. കര്‍ണാടകയില്‍ ഒന്നര ലക്ഷം കോടി രൂപയാണ് അഴിമതിയിലൂടെ നഷ്ടപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു. ബെംഗളൂരു ഉള്‍പ്പടെ കര്‍ണാടകയിലെ പല സ്ഥലങ്ങളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്നും അതിനെതിരെ സര്‍ക്കാര്‍ എന്താണ് ചെയ്തത്.
കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ കര്‍ഷകര്‍ക്കു ലോണ്‍ നല്‍കി. ഐടി മേഖല ശക്തിപ്പെട്ടതും കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്. കോണ്‍ഗ്രസ് സ്ത്രീകള്‍ക്കായി ഒരു പ്രകടന പത്രിക തയ്യാറാക്കിയപ്പോള്‍ പലരും കളിയാക്കി. എന്നാല്‍ അതിനു പിന്നാലെയാണ് പല രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കാന്‍ തുടങ്ങിയതെന്ന് പ്രിയങ്ക പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News