മഹറിനെ ചൊല്ലി തര്‍ക്കം; 15 മിനിറ്റ് മാത്രം നീണ്ട വിവാഹ ബന്ധം വരന്‍ വേര്‍പ്പെടുത്തി

ഷാര്‍ജ- നിക്കാഹ് കഴിഞ്ഞ് വാഗ്ദാനം ചെയ്ത മഹര്‍ ധനം കൈമാറുന്നതില്‍ വരനും വധൂപിതാവിനുമിടയിലുണ്ടായ തെറ്റിദ്ധാരണയെ തുടര്‍ന്ന് വെറും 15 മിനിറ്റ് മാത്രം നീണ്ട വിവാഹ ബന്ധം വരന്‍ വേര്‍പ്പെടുത്തി. വിവാഹ കരാര്‍ പ്രകാരം കൈമാറാമെന്നേറ്റ് മഹറിന്റെ ഒരു ഭാഗം പുറത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും എടുത്തു കൊണ്ടുവരുന്നതു വരെ വധൂപിതാവിനെ കാത്തു നില്‍ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വരന്‍ വധുവിനെ മൊഴി ചൊല്ലിയത്. ഒരു ലക്ഷം ദിര്‍ഹമായിരുന്നു മഹര്‍ ആയി നല്‍കാമെന്ന് വധൂപിതാവുമായി വരന്‍ കരാറിലെത്തിയിരുന്നത്. 50,000 ദിര്‍ഹം ശരീഅ ജഡ്ജിന്റെ സാന്നിധ്യത്തില്‍ വിവാഹ കരാര്‍ ഒപ്പിടുന്ന വേളയില്‍ കൈമാറണമെന്നും ബാക്കി അര ലക്ഷം രൂപ കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ കൈമാറണമെന്നുമായിരുന്നു കരാര്‍. നിക്കാഹിന് സാക്ഷ്യം വഹിക്കാന്‍ വധൂവരന്‍മാരുടെ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു.

കരാര്‍ പ്രകാരം ജഡ്ജിയുടെ ഓഫീസില്‍ വച്ചു തന്നെ ആദ്യ ഘടുവായ 50,000 ദിര്‍ഹം വരന്‍ വധൂപിതാവിന് കൈമാറി. ചടങ്ങിനു ശേഷം കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ വധൂപിതാവ് ബാക്കി 50,000 ദിര്‍ഹം ഉടന്‍ ലഭിക്കണമെന്ന് വരനോട് ആവശ്യപ്പെടുകയായിരുന്നു. പുറത്ത് പാര്‍ക്ക് ചെയ്ത കാറില്‍ പണം ഉണ്ടെന്നും അതെടുത്തു കൊണ്ടു വരുന്നതു വരെ അഞ്ചു മിനിറ്റ് കാത്തു നില്‍ക്കണമെന്നും വരന്‍ ആവശ്യപ്പെട്ടെങ്കിലും വധൂപിതാവ് തയാറായില്ല. വരനെ പിടിച്ചു നിര്‍ത്തിയ വധൂ പിതാവ് ബന്ധുക്കളേയോ സുഹൃത്തുക്കളെയോ വിട്ട് പണം എടുത്തു വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അപമാനിതനായ വരന്‍ വധുവിനെ മൊഴി ചൊല്ലി വിവാഹം ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.
 

Latest News