VIDEO നേപ്പാളില്‍ തകര്‍ന്ന വിമാനത്തിന്റെ അവസാന നിമിഷങ്ങള്‍ ഫേസ് ബുക്ക് ലൈവില്‍

കഠ്മണ്ഡു-നേപ്പാളില്‍ വിമാന ദുരന്തത്തിനു തൊട്ടു മുമ്പ് പകര്‍ത്തിയ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. യാത്രക്കാരിലൊരാളാണ് അവസാന നിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്. യെതി എയര്‍ലൈന്‍സ് വിമാനത്തിനുള്ളിലെ അവസ്ഥ ഫേസ് ബുക്ക് ലൈവില്‍ വിട്ടതാണ് പുറത്തുവന്നത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ സോനു ജയ്‌സ്വാളാണ് വിമാനത്തിനുള്ളിലെയും പുറത്തേയും ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നത്.  വിമാനം വീടുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്ന യാത്രക്കാരെയും കാണാം.  
ഫൂട്ടേജില്‍ യെതി എയര്‍ലൈന്‍സിന്റെ ലോഗോയും യാത്രക്കാരുടെ സീറ്റിന് പിന്നില്‍ നേപ്പാളീസ് ഇന്‍ഷുറന്‍സ് പരസ്യവുമുണ്ട്.  ക്യാമറ ഒടുവില്‍ കുലുങ്ങാന്‍ തുടങ്ങി, വിമാനം പെട്ടെന്ന് വായുവില്‍ താളംതെറ്റിയതിനാല്‍ യാത്രക്കാര്‍ നിലവിളിക്കുന്നത് കേള്‍ക്കാം.
വിമാനത്തിന്റെ അവസാന നിമിഷങ്ങള്‍ സോനുവിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി തത്സമയം കണ്ടതായി യാത്രക്കാരന്റെ ബന്ധു രജത് ജയ്‌സ്വാള്‍ പറഞ്ഞു.
വിമാനം തകരുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് സോനു മൂന്ന് പേര്‍ക്കൊപ്പമായിരുന്നു. നല്ല രസമെന്ന് ഒരാള്‍ വിളിച്ചു പറയുന്നുമുണ്ട്.
അപകടത്തില്‍പെട്ടവരില്‍സോനു ജയ്‌സ്വാള്‍ (35) ഉള്‍പ്പെടെ അഞ്ച് പേരാണ് ഇന്ത്യക്കാര്‍.അഭിഷേക് ഖുഷ്‌വാഹ (25), വിശാല്‍ ശര്‍മ (22), അനില്‍കുമാര്‍ രാജ്ബര്‍ (27), സഞ്ജയ് ജയ്‌സ്വാള്‍ (30) എന്നിവരാണ് മറ്റ് ഇന്ത്യക്കാര്‍.രണ്ടു ദിവസം മുന്‍പു കഠ്മണ്ഡുവിലെത്തിയ ഇവര്‍ പാരാഗ്ലൈഡിങ്ങിനാണ് പൊഖാരയിലേക്കു പോയത്.
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് റിസോര്‍ട്ട് പട്ടണമായ പൊഖാറയിലേക്ക് പറക്കുകയായിരുന്നു വിമാനം.

 

Latest News