Sorry, you need to enable JavaScript to visit this website.

ട്രെയിനില്‍ ചായ വാങ്ങിയാല്‍ ബാക്കി നല്‍കില്ല, പത്രക്കാരന്‍ വിഷയമാക്കിയപ്പോള്‍ പതിവു തട്ടിപ്പുകാരൻ കുടുങ്ങി

ന്യൂദല്‍ഹി- ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ചായ കുടിച്ച ശേഷം ബാക്കി കാശ് കിട്ടാതെ നിങ്ങള്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടോ. ഇരുപത് രൂപ നല്‍കി ബാക്കി പത്ത് രൂപ കിട്ടാത്തത് വിഷയമാക്കിയപ്പോള്‍ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് നിരവധി പേര്‍.
സോഷ്യല്‍ മീഡിയ ശരിയായ ഉദ്ദേശ്യത്തോടെയും ശരിയായ ലക്ഷ്യത്തോടെയും ഉപയോഗിക്കുകയാണെങ്കില്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് തെളിയിച്ച സംഭവങ്ങളിലൊന്നാണിത്.
93 വയസ്സുള്ള മുത്തശ്ശി 40 വര്‍ഷത്തിന് ശേഷം കുടുംബത്തോടൊപ്പം ഒന്നിച്ചത് സോഷ്യല്‍ മീഡിയയുടെ സഹായത്താലാണ്. വികലാംഗയായ പെണ്‍കുട്ടിക്ക് സോഷ്യല്‍ മീഡിയ കാരണം വീണ്ടും കൃത്രിമ കാല്‍ കിട്ടിയത് ഈയിടെ വാര്‍ത്തയായിരുന്നു.
ട്രെയിനില്‍ ചായക്കച്ചവടക്കാരനാല്‍ കബളിപ്പിക്കപ്പെട്ട  യാത്രക്കാരന് നീതി നേടാനായത് അദ്ദേഹം ട്വിറ്റര്‍ കാര്യക്ഷമമായി ഉപയോഗിച്ചതിനാലാണ്. പത്രപ്രവര്‍ത്തകനായ പ്രീതം സാഹയാണ് ചായക്കാരനില്‍ 10 രൂപയ്ക്ക് ചായ വാങ്ങിയത്. 20 രൂപയാണ് നല്‍കിയത്. അധികമായ 10 രൂപ തിരികെ നല്‍കുമെന്ന് കച്ചവടക്കാരന്‍ പറഞ്ഞിരുന്നു. പക്ഷേ, സാഹയ്ക്ക് പണം തിരികെ ലഭിച്ചില്ല.
തന്നെപ്പോലുള്ള എത്ര യാത്രക്കാര്‍ ഇതുപോലെ  കബളിപ്പിക്കുന്നുണ്ടാകുമെന്ന് ചിന്തിച്ച സാഹ ഇതിനെതിരെ ട്വിറ്ററില്‍ പ്രതിഷേധിക്കുകയും ഐആര്‍സിടിസിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ടാഗ് ചെയ്യുകയും ചെയ്തു.
ഇതോടെ ഈ കച്ചവടക്കാരന്‍ സ്ഥിരമായി യാത്രക്കാരെ കൊള്ളയടിക്കുന്നുണ്ടെന്ന വിവരമാണ് പുറത്തുവന്നത്. പരാതി ശ്രദ്ധയില്‍പെട്ട ഇന്ത്യന്‍ റെയില്‍വേ അദ്ദേഹത്തിന്റെ ടിക്കറ്റ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെട്ടു, അതുവഴി അവര്‍ക്ക് വിഷയം കൂടുതല്‍ അന്വേഷിക്കാനാകുമെന്നും അറിയിച്ചു. സാഹ ഒടുവില്‍ ഇന്ത്യന്‍ റെയില്‍വേയിലെ നിയമാനുസൃത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അവര്‍ അദ്ദേഹത്തിന് 10 രൂപ തിരികെ നല്‍കി. മാത്രമല്ല, ചായ വില്‍പനക്കാരനെതിരെ നടപടിയെടുക്കുകയും ചെയ്തു.
ഗാസിയാബാദില്‍ നിന്ന് ഹൗറയിലേക്ക് 'നേതാജി എക്‌സ്പ്രസ്' വഴിയാണ് സാഹ യാത്ര ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രയാഗ്‌രാജ് ജംക്ഷന് മുന്നിലാണ് സംഭവം.
പണം തിരികെ കിട്ടിയെന്നറിഞ്ഞപ്പോള്‍ ഓണ്‍ലൈനില്‍ ആളുകള്‍ സന്തോഷിച്ചു. എന്നിരുന്നാലും, ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനായതിനാല്‍ ഇന്ത്യന്‍ റെയില്‍വേ കാര്യം ഗൗരവമായി എടുക്കുകയും കര്‍ശന നടപടികളെടുക്കുകയും ചെയ്തുവെന്നും മറ്റു പലരും എടുത്തുപറഞ്ഞു.

 

 

Tags

Latest News