Sorry, you need to enable JavaScript to visit this website.

കോടതിയിലെ അഴിമതി കൂട്ടുകെട്ട് ആശങ്കയിൽ, ജഡ്ജിക്ക് കൈക്കൂലി നൽകാനെന്ന് പറഞ്ഞ് 25 ലക്ഷം വാങ്ങിയ വക്കീലിനെതിരെ അന്വേഷണം

കൊച്ചി- ബലാത്സംഗക്കേസിൽ പ്രതിയായ സിനിമാ നിർമാതാവിന് മുൻകൂർ ജാമ്യം കിട്ടാൻ ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ അഭിഭാഷകൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ പോലീസ് അന്വേഷണം വരുന്നതിന്റെ ആശങ്കയിൽ ഹൈക്കോടതിയിലെ അഴിമതി വൃന്ദം.
ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് കൂടിയായ അഡ്വ. സൈബി ജോസിനെതിരെയാണ് അന്വേഷണം. അഭിഭാഷകനെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി രജിസ്ട്രാർ തന്നെയാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. 
ആരോപണത്തിൽ വാസ്തവുമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ  ബോധ്യപ്പെട്ടാൽ പോലീസ് കേസെടുക്കും. ഇതേക്കുറിച്ച് അന്വേഷണം നടന്നാൽ ഹൈക്കോടതിയിലെ അഴിമതി കൂട്ടുകെട്ടിന്റെ അടിവേരിളകുമെന്നാണ് ഒരു വിഭാഗം അഭിഭാഷകർ പറയുന്നത്.
മാസങ്ങൾക്കുമുമ്പായിരുന്നു സിനിമാ നിർമാതാവ് പ്രതിയായ ബലാത്സംഗക്കേസ് കൊച്ചി സിറ്റി പോലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ മുൻകൂർ ജാമ്യം ലഭിക്കുന്നതിന് കേസ് പരിഗണിച്ച ജഡ്ജിക്ക് നൽകാനെന്ന പേരിൽ 25 ലക്ഷം രൂപ അഭിഭാഷകൻ വാങ്ങിയെന്നാണ് ആരോപണം. രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ ആരോപണം കോടതിക്ക് കളങ്കമുണ്ടാക്കുന്നതാണെന്ന് ബോധ്യപ്പെട്ടു. ആരോപണവിധേയനായ അഭിഭാഷകനെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലായിരുന്നു ചീഫ് ജസ്റ്റിസ് അടക്കമുള്ള മുതിർന്ന ജഡ്ജിമാർ. ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരമാണ് കേസിൽ പ്രാഥമികാന്വേഷണം നടത്താൻ ഹൈക്കോടതി രജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടത്. 
കൊച്ചി സിറ്റി കമ്മീഷണറുടെ മേൽനോട്ടത്തിലാകും അന്വേഷണം നടത്തുക.അന്വേഷണ വിവരങ്ങൾ പരമാവധി രഹസ്യമാക്കി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ആരോപണത്തിൽ കാര്യമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടാൽ കേസെടുക്കും. 
കേരളാ ഹൈക്കോടതിയിൽ ആഴ്ചകളായി അഭിഭാഷകർ തമ്മിൽ  ഒളിഞ്ഞും തെളിഞ്ഞും നടന്ന ആരോപണ-പ്രത്യാരോപണങ്ങൾക്കൊടുവിലാണ് വിഷയം പോലീസ് കേസായി മാറുന്നത്.ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ സുപ്രധാന ചുമതലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താൻ ആ സ്ഥാനത്ത് എത്താതിരിക്കാൻ എതിർവിഭാഗം നടത്തുന്ന നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും അന്വേഷണം വന്നാൽ സഹകരിക്കുമെന്നും അഭിഭാഷകൻ വിശദീകരിച്ചു. 
ശക്തമായ തെളിവുകളുണ്ടായിട്ടും നിർമാതാവിന് മുൻകൂർ ജാമ്യം അനുവദിച്ച കോടതിവിധി നിയമവൃത്തങ്ങളിൽ ചർച്ചയായിരുന്നു. 
അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും പരാതി പിൻവലിപ്പിക്കാൻ ബന്ധുക്കളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്തുവരികയും വരെ ചെയ്തിട്ടും വിദേശത്തേക്ക് കടന്ന സംവിധായകന് നാട്ടിൽ വരാനുള്ള എല്ലാ അവസരവും നൽകിയ ശേഷം മുൻകൂർ ജാമ്യം അനുവദിച്ച കോടതിയുടെ വിധിയെ അതിജീവിതയുടെ രക്ഷിതാക്കൾ വിമർശിക്കുകയുണ്ടായി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News