Sorry, you need to enable JavaScript to visit this website.

ഇന്ത്യ ഒരിക്കൽ ഖേദിക്കും; കാരണം പറഞ്ഞ് അമർത്യസെൻ

- ബി.ജെ.പിയുടെ സ്ഥാനം പിടിക്കാൻ മറ്റൊരു പാർട്ടിയുമില്ലെന്ന കാഴ്ചപ്പാട് അബദ്ധം. രാജ്യം ആര് ഭരിക്കണമെന്ന് 2024-ൽ പ്രാദേശിക പാർട്ടികൾ തീരുമാനിക്കും. ഇന്ത്യ പോലൊരു രാജ്യം ന്യൂനപക്ഷങ്ങളെ വിദേശികളായി കാണുന്നത് നിർഭാഗ്യകരമെന്നും അമർത്യസെൻ

ന്യൂദൽഹി - രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകിയും പ്രതിപക്ഷ പാർട്ടികളുടെ ശക്തിയിൽ പ്രതികരിച്ചും നൊബേൽ സമ്മാന ജേതാവ് അമർത്യ സെൻ. 
 മതേതരത്വവും സമത്വവുമുണ്ടെന്ന് കരുതുന്ന ഇന്ത്യ പോലൊരു രാജ്യം ന്യൂനപക്ഷങ്ങളെ വിദേശികളായി കാണുന്നത് നിർഭാഗ്യകരമാണെന്ന് അമർത്യ സെൻ പറഞ്ഞു. മതന്യൂനപക്ഷങ്ങളായ മുസ്‌ലിംകളെ പോലെയുള്ളവരെ തിരസ്‌കരിക്കുന്നതിന് ഇന്ത്യ ഒരിക്കൽ ഖേദിക്കുമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഓർമിപ്പിച്ചു.
 ന്യൂനപക്ഷങ്ങളുടെ പങ്ക് കുറയ്ക്കാനാണ് സി.എ.എ നടപ്പാക്കുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ചുരുക്കി അവരെ അപ്രധാനമാക്കാമെന്ന് ബി.ജെ.പി കരുതുന്നു. ന്യൂനപക്ഷങ്ങളെ ദുർബലമാക്കാൻ നേർക്കുനേരെയോ അല്ലാതെയോ ഹിന്ദു ഭൂരിപക്ഷ ശക്തികളുടെ പങ്കാളിത്തം രാജ്യത്ത് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ പൗരന്മാർക്കും അവകാശങ്ങളുണ്ടെന്ന് അംഗീകരിക്കലാണ് ഇന്ത്യക്ക് ഇന്ന് ആവശ്യം. മതപരമായി പൂർണ ഹിന്ദുവായിട്ടും ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ വളർത്താൻ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി തുനിഞ്ഞില്ല. സ്വാതന്ത്ര്യലബ്ധിയുടെ വേളയിലുണ്ടായിരുന്നതിനേക്കാൾ മെച്ചപ്പെട്ട നില മുസ്‌ലിംകൾക്ക് നൽകാൻ അദ്ദേഹം തയ്യാറായിരുന്നു.
ബി.ജെ.പി സർക്കാർ മെച്ചപ്പെട്ടുവെന്ന് കരുതുന്നില്ല. ഇന്ത്യൻ കാഴ്ചപ്പാടിനെ ചുരുക്കുകയാണ് ബി.ജെ.പി ചെയ്തത്. ഇന്ത്യ എന്നാൽ 'ഹിന്ദു ഇന്ത്യ'യാണെന്നും 'ഹിന്ദി സംസാരിക്കുന്നവരുടെ ഇന്ത്യ'യാണെന്നുമുള്ള ധാരണയുണ്ടാക്കിയെന്നും അമർത്യ സെൻ ചൂണ്ടിക്കാട്ടി.
 2024ലെ പൊതുതെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികൾ പ്രധാനമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അനുകൂലമായ ഒറ്റക്കുതിരയോട്ടമായിരിക്കുമെന്നു കരുതുന്നത് അബദ്ധമായിരിക്കും. തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളുടെ പങ്ക് പ്രധാനമായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 ഡി.എം.കെയും തൃണമൂലും പ്രധാന പാർട്ടികളാണ്. ഒരളവോളം സമാജ്‌വാദി പാർട്ടിയും അങ്ങനെതന്നെ. ബി.ജെ.പിയുടെ സ്ഥാനം പിടിക്കാൻ മറ്റൊരു പാർട്ടിയുമില്ലെന്ന കാഴ്ചപ്പാട് അബദ്ധമായിരിക്കും. 
 കോൺഗ്രസ് ഏറെ ദുർബലമായി കാണുന്നു. ആരെങ്കിലും കോൺഗ്രസിനെ ഗൗരവമായി പരിഗണിക്കുന്നുണ്ടോ എന്നറിയില്ല. എന്നാൽ, മറ്റൊരു പാർട്ടിക്കുമില്ലാത്ത ഒരു അഖിലേന്ത്യ കാഴ്ചപ്പാട് കോൺഗ്രസ് നൽകുന്നുണ്ട്. കോൺഗ്രസിനകത്ത് ഭിന്നിപ്പുകളുമുണ്ട്. മമത ബാനർജിക്ക് പ്രധാനമന്ത്രിയാകാൻ കഴിയുമോ എന്ന ചോദ്യത്തിന് അതിനുള്ള യോഗ്യത അവർക്കുണ്ടെന്നായിരുന്നു മറുപടി. എന്നാൽ, ഇന്ത്യയിലെ ചേരിതിരിവുകൾക്ക് അറുതി വരുത്തുന്ന നേതൃപാടവം സാധ്യമാക്കുന്ന തരത്തിൽ ബി.ജെ.പിക്കെതിരായ വികാരം ഒരുമിപ്പിക്കാൻ അവർക്കാകുമോ എന്നത് ഇനിയും തെളിയിച്ചിട്ടില്ലെന്നും അമർത്യസെൻ ചൂണ്ടിക്കാട്ടി.

Latest News