ക്രിസ്റ്റ്യാനൊ റൊണാൾഡൊ സൗദി അറേബ്യയിലെ ഫുട്‌ബോളിന് താരപ്പൊലിമയേകുമെന്നാണ് സ്‌പോർട്‌സ് പണ്ഡിറ്റുകൾ പറയുന്നത്. പക്ഷേ ഇൻസ്റ്റന്റ് വാർത്തകളുമായി മാധ്യമങ്ങൾ ലോകമെങ്ങുമെത്തുന്നതിന് മുമ്പ് ലോകകപ്പ് ചാമ്പ്യന്മാർ സൗദി ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്. റിവെലിനോയും ബെബെറ്റോയുമുൾപ്പെടെ പ്രമുഖർ.
1970 ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ പെലെയോടൊപ്പം കളിച്ച റിവെലിനൊ അൽഹിലാൽ ക്ല്ബ്ബിന്റെ ജഴ്‌സി ധരിച്ചിട്ടുണ്ട്. 16 വർഷം നീണ്ട തന്റെ ഐതിഹാസികമായ ഫുട്‌ബോൾ കരിയറിന് അൽഹിലാലിലാണ് റിവെലിനൊ തിരശ്ശീലയിട്ടത്.
റിവെലിനോയാണ് സൗദി ഫുട്‌ബോളിലേക്ക് ആദ്യം ലോക ശ്രദ്ധയാകർഷിച്ചത്. ബ്രസീൽ ഫുട്‌ബോളിൽ നിന്നുയർന്ന് വന്ന് ലോകം കീഴടക്കിയ ബെബെറ്റോയും റൊമാരിയോയുമൊക്കെ ആ വഴി പിന്തുടർന്നു. റിവെലിനൊ അൽഹിലാലിനൊപ്പം എഴുപതുകളിൽ സൗദി പ്രൊഫഷനൽ ലീഗ് കിരീടം നേടി. 39 ഗോളടിച്ചു. റിവെലിനൊ അൽഹിലാലിൽ ചേർന്ന അതേ വർഷമാണ് 1970 ലെ ബ്രസീൽ ക്യാപ്റ്റൻ കാർലോസ് ആൽബർടൊ പെരേര കുവൈത്ത് ഫുട്‌ബോളിന്റെ ഭാഗമായത്. കുവൈത്ത് 1982 ൽ ലോകകപ്പിന് യോഗ്യത നേടി. ഗൾഫിൽ നിന്ന് ആദ്യം ലോകകപ്പിൽ കളിക്കുന്ന ടീമായി.
അന്നസ്‌റിൽ കളിച്ച ആദ്യത്തെ പ്രമുഖൻ പോലുമല്ല റൊണാൾഡൊ. ബൾഗേറിയയുടെ എക്കാലത്തെയും മികച്ച താരം ഹ്രിസ്‌റ്റൊ സ്‌റ്റോയ്ച്‌കോവ് 1998 ൽ അന്നസ്‌റിന്റെ കുപ്പായമിട്ടിരുന്നു. ആ സീസണിൽ അന്നസ്‌റിനെ ഏഷ്യൻ കപ്പ് വിന്നേഴ്‌സ് കപ്പ് ചാമ്പ്യന്മാരാക്കാൻ സ്‌റ്റോയ്ച്‌കോവിന് സാധിച്ചു.
1994 ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമംഗം ബെബെറ്റോയും കരിയർ അവസാനിപ്പിച്ചത് സൗദി ക്ലബ്ബിലാണ് -ജിദ്ദയിലെ അൽഇത്തിഹാദിൽ. 2002 ൽ മുപ്പത്തെട്ടാം വയസ്സിലായിരുന്നു ബെബെറ്റൊ സൗദി ലീഗ് കളിക്കാനെത്തിയത്. അഞ്ചു മത്സരങ്ങളിൽ ഇറങ്ങുകയും ഒരു ഗോളടിക്കുകയും ചെയ്തു. അതേ വർഷം വിരമിച്ചു.
ഒരു കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട ബ്രസീൽ കളിക്കാരനായിരുന്നു ഡെനിൽസൻ. ലോകത്തിലെ ഏറ്റവും വിലയേറിയ താരമായിരുന്നു. ഡെനിൽസൻ 2007 ൽ രണ്ടു മാസത്തോളം അന്നസ്‌റിലുണ്ടായിരുന്നു.
ബാലൻഡോർ നേടിയ ഏക ആഫ്രിക്കക്കാരനായ ജോർജ് വിയ ഇപ്പോൾ ലൈബീരിയൻ പ്രസിഡന്റാണ്. ഇക്കഴിഞ്ഞ ലോകകപ്പിൽ അദ്ദേഹത്തിന്റെ മകൻ തിമോത്തി വിയ അമേരിക്കക്കു കളിച്ചിരുന്നു. ബാലൻഡോറായിട്ടും ജോർജ് വിയക്ക് ലോകകപ്പ് കളിക്കാനായില്ല, ലൈബീരിയക്ക് ഒരിക്കലും ലോകകപ്പിന് യോഗ്യത നേടാൻ സാധിച്ചിട്ടില്ല. അബുദാബിയിൽ അൽജസീറ ക്ലബ്ബിന് രണ്ട് സീസണിൽ വിയ കളിച്ചിരുന്നു 2001 മുതൽ 2003 വരെ. 2006 ൽ ഇറ്റലിയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഫാബിയൊ കനവാരൊ 2011 ൽ ദുബായിലെ അൽഅഹ്‌ലി ക്ലബ്ബിന്റെ പ്രതിരോധത്തിന് ചുക്കാൻ പിടിച്ചു.
2003-04 കാലഘട്ടങ്ങളിൽ മുപ്പതിലേറെ ഇന്റർനാഷനൽ കളിക്കാർ ഖത്തർ ലീഗിലെത്തി. 1998 ൽ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ ഫ്രാങ്ക് ലിബോഫ്, മാഴ്‌സെൽ ഡിസായി, ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റി കോച്ചായ സ്‌പെയിനിന്റെ പെപ് ഗാഡിയോള, ഫെർണാണ്ടൊ ഹിയറൊ, അർജന്റീനയുടെ ഗോളടിവീരൻ ഗബ്രിയേൽ ബാറ്റിസ്റ്റിയൂട്ട എന്നിവരെല്ലാം ഖത്തർ ക്ലബ്ബുകളിൽ ഏറ്റുമുട്ടി. ആദ്യ സീസണിൽ അൽഅറബി ക്ലബ്ബിനു വേണ്ടി ബാറ്റി ഗോൾ റെക്കോർഡായ 25 ഗോളടിച്ചു. അതേ വർഷമാണ് ഖത്തർ ക്ലബ്ബ് അൽസദ്ദ് റൊമാരിയോയുമായി 100 ദിവസത്തെ കരാറൊപ്പിട്ടത്. മൂന്നു മത്സരങ്ങളിലേ റൊമാരിയൊ കളിച്ചുള്ളൂ, ഒരു ഗോൾ പോലും നേടാനായില്ല.
2012 ൽ സ്‌പെയിനിന്റെ റൗൾ അൽ സദ്ദിൽ ചേർന്നു. ആദ്യ സീസണിൽ ഖത്തർ ലീഗ് ചാമ്പ്യനായി. 2015 ൽ മറ്റൊരു സ്പാനിഷ് രോമാഞ്ചം ഷാവി അൽ സദ്ദിലെത്തി. നിരവധി ട്രോഫികൾ ഷാവി നേടി. കോച്ചെന്ന നിലയിലും ലീഗ് ചാമ്പ്യനായി. 2021 ലാണ് അൽസദ്ദ് വിട്ട് ബാഴ്‌സലോണയുടെ പരിശീലകനായി ഷാവി ചുമതലയേറ്റത്