Sorry, you need to enable JavaScript to visit this website.

കേരളത്തിലേക്ക് മടങ്ങാൻ മോഹിക്കുന്ന എം.പിമാർ

രാജ്യം നേരിടുന്ന ഗുരുതരമായ രാഷ്ട്രീയ വെല്ലുവിളികൾ തിരിച്ചറിയാതെയും അതേറ്റെടുക്കാതെയുമാണ്  ഇത്തരത്തിൽ അധികാരമോഹങ്ങൾ തുറന്നു പറഞ്ഞുള്ള ചർച്ചകൾ സജീവമാകുന്നത് എന്നതാണ് ഖേദകരം. എന്തു ധൈര്യത്തിലാണ് 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം 2026 ൽ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പു നടക്കുമെന്നും തങ്ങൾ മന്ത്രിമാരാകുമെന്നും ഇവർ കിനാവു കാണുന്നത്? 

 

കേരളത്തിൽ നിന്നുള്ള പല കോൺഗ്രസ് എംപിമാർക്കും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ താൽപര്യമില്ല എന്നതാണല്ലോ സമീപ ദിവസത്തെ കൗതുകകരമായ ഒരു രാഷ്ട്രീയ വാർത്ത. ടി.എൻ. പ്രതാപൻ മുമ്പേ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ഏഴോളം എം.പിമാർ ഇക്കാര്യം രഹസ്യമായും പരസ്യമായും സൂചിപ്പിച്ചതായാണ് വാർത്തകൾ. അതിന്റെ കാരണം വളരെ വ്യക്തമാണ്. ലോക്‌സഭയിലേക്കു മത്സരിച്ചാൽ ഒരുപക്ഷേ ജയിക്കുമായിരിക്കാം. എന്നാൽ അതുകൊണ്ടെന്തു ഗുണം എന്നായിരിക്കാം അവർ ചിന്തിക്കുന്നുണ്ടാകുക. 
ഒരു ടേം കൂടി എം.പിയായി തുടരാം. എന്നാൽ നിയമസഭ തെരഞ്ഞെടുപ്പിലേക്കാണ് മത്സരിക്കുന്നതെങ്കിൽ മന്ത്രിയാകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഭരണം വരുമെന്നു തന്നെയാണ് അവർ പ്രതീക്ഷിക്കുന്നത്. അപ്പോൾ കഴിഞ്ഞില്ലെങ്കിൽ പിന്നീട് മന്ത്രിയാകുക എളുപ്പമായിരിക്കില്ല എന്നുമവർ കരുതുന്നു. മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ശശി തരൂരടക്കമുള്ളവരാണ് ഈ പട്ടികയിലുള്ളത്. തീർച്ചയായും മന്ത്രിയാകാനുള്ള ഒരു രാഷ്ട്രീയ നേതാവിന്റെയും ആഗ്രഹത്തെ കുറ്റപ്പെടുത്താനാവില്ല. ഈ എംപിമാരിൽ പലരും അതിനർഹരുമാണ്. മാത്രമല്ല, ഈ ആഗ്രഹം കൊണ്ടുനടക്കുന്നവർ എല്ലാ പാർട്ടികളിലുമുണ്ട്. കോൺഗ്രസിലായതിനാൽ അതു തുറന്നു പറയാൻ കഴിയുന്നു എന്നു മാത്രം. പക്ഷേ ഹൈക്കമാന്റ്‌പോലും ഇടപെട്ട് ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പരസ്യമായി പറയരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

രാജ്യം നേരിടുന്ന ഗുരുതരമായ രാഷ്ട്രീയ വെല്ലുവിളികൾ തിരിച്ചറിയാതെയും അതേറ്റെടുക്കാതെയുമാണ്  ഇത്തരത്തിൽ അധികാരമോഹങ്ങൾ തുറന്നു പറഞ്ഞുള്ള ചർച്ചകൾ സജീവമാകുന്നത് എന്നതാണ് ഖേദകരം. എന്തു ധൈര്യത്തിലാണ് 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം 2026 ൽ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പു നടക്കുമെന്നും തങ്ങൾ മന്ത്രിമാരാകുമെന്നും ഇവർ കിനാവു കാണുന്നത്?  2025 ൽ രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുമെന്ന് ആർ.എസ്.എസ് 1925 ൽ തന്നെ പ്രഖ്യാപിച്ചിട്ടുള്ള കാര്യം ഇവരെല്ലാം മറന്നോ? പടിപടിയായി ആ ലക്ഷ്യത്തിലേക്കവർ അടുക്കുന്ന കാഴ്ചയല്ലേ കഴിഞ്ഞ പതിറ്റാണ്ടുകളിൽ കാണുന്നത്? എന്തിനേറെ, 2018 മെയ് മാസത്തിൽ  ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്തിന്റെ സാന്നിധ്യത്തിൽ 2025 ഓടെ ഇന്ത്യ ഹിന്ദുരാഷ്ട്രമാകുമെന്ന്  ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തന്നെ പ്രഖ്യാപിച്ചല്ലോ. പലപ്പോഴും പരസ്യമായി രംഗത്തു വരാത്ത മോഹൻ ഭാഗവത് അടുത്തയിടെ പരസ്യമായിത്തന്നെ വിദ്വേഷ രാഷ്ട്രീയം പ്രസംഗിക്കുന്നതും നാം കേൾക്കുന്നു. അതിന്റെ അവസാന ഉദാഹരണമാണല്ലോ, അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ മുസ്‌ലിം വിഭാഗങ്ങൾക്ക് ഇവിടെ ജീവിക്കാമെന്ന, കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസ്താവന.  2021 ൽ കാശിയിൽ ചേർന്ന ഹിന്ദുത്വ സംഘടനകളുടെ ധരംസൻസദിൽ 2025 ലേക്കുള്ള ഹിന്ദു രാഷ്ട്രത്തിന്റെ ഭരണഘടന പോലും തയാറാക്കിയ വാർത്തയുണ്ടായിരുന്നല്ലോ.  2022 ൽ പ്രയാഗിൽ നടന്ന സമ്മേളനത്തിൽ ഭരണഘടന  പൂർണമാക്കുവാനും തീരുമാനിച്ചു. മുസ്‌ലിം, ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഈ രാജ്യത്ത് കഴിയാമെങ്കിലും  വോട്ടവകാശം ഉണ്ടായിരിക്കുകയില്ലെന്നും അവർ പ്രഖ്യാപിച്ചു കഴിഞ്ഞു. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഇത്തരമൊരു സാഹചര്യത്തിലാണ്  കേരളത്തിൽ എംപി വേണ്ട, എം.എൽ.എ മതി എന്ന ചർച്ച നടക്കുന്നത്. ഇന്നു രാജ്യത്തെ ജനാധിപത്യ - മതേതരവാദികൾക്കു മുന്നിൽ ഒറ്റ ലക്ഷ്യമേ ഉള്ളൂ, അഥവാ ഉണ്ടാകാൻ പാടുള്ളൂ. അത് 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോഡിയുടെ തുടർഭരണത്തിന് അറുതി വരുത്തുക എന്നതായിരിക്കണം. അതിനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ട സമയമാണിത്. മറിച്ചായാൽ 2026 ൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പു നടക്കുമെന്ന പ്രതീക്ഷയൊന്നും വേണ്ട. ഒറ്റ രാജ്യം, ഒറ്റ ഭാഷ, ഒറ്റ നികുതി, ഒറ്റ സംസ്‌കാരം, ഒറ്റ മതം, ഒറ്റ യൂനിഫോം തുടങ്ങി സംഘ്പരിവാർ മുന്നോട്ടു വെക്കുന്ന നിരവധി മുദ്രാവാക്യങ്ങളിൽ ഒന്നാണ് ഒറ്റ തെരഞ്ഞെടുപ്പ് എന്നത് മറക്കണ്ട. പ്രസിഡൻഷ്യൽ ഭരണം ഏർപ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല. അതുമല്ല, ഇനി ന്യൂനപക്ഷങ്ങൾക്ക് വോട്ടവകാശം നിഷേധിച്ചാൽ കേരളത്തിലെ തെരഞ്ഞെടുപ്പു രംഗത്തിന്റെ അവസ്ഥയെന്താകും? ഇതൊന്നും നടക്കില്ല എന്നു വിശ്വസിക്കുന്ന ശുദ്ധഹൃദയരുണ്ടാകും. എന്നാൽ ബാബ്‌രി മസ്ജിദ് തകർക്കുക, പൗരത്വ ഭേദഗതി നിയമം കൊണ്ടുവരിക, കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുക തുടങ്ങിയവയൊക്കെ നടക്കുമെന്ന് ഏതാനും വർഷം മുമ്പുവരെ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? ഫാസിസത്തെ ഒരിക്കലും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്. ഇന്ത്യയുടെ ശക്തിയായ, എല്ലാ മേഖലയിലും നിലനിൽക്കുന്ന ബഹുസ്വരതയെ തകർത്ത് തങ്ങളുടെ മതരാഷ്ട്രം സ്ഥാപിക്കാൻ കച്ച കെട്ടിയിറങ്ങിയവരെ തടയുന്നതിനെ കുറിച്ചാലോചിക്കേണ്ട സമയത്താണ് പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിൽ എംഎൽഎ വേണോ, എം പി വേണോ എന്ന ചർച്ച നടക്കുന്നത്. അടിയന്തരാവസ്ഥയെ പിന്തുണച്ച് വോട്ട് ചെയ്ത നമ്മൾ ഒരുപക്ഷേ അർഹിക്കുന്നത് അതായിരിക്കാം. 

രാജ്യം ഒരിക്കലും കാണാത്ത രീതിയിൽ, രാഹുൽ ഗാന്ധി നയിക്കുന്ന ഒരു യാത്ര അതിന്റെ അന്തിമഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഈ തർക്കങ്ങൾ എന്നതും പ്രധാനമാണ്. ഫാസിസത്തെ ചെറുക്കാനായി പാർട്ടി രാഷ്ട്രീയത്തിനപ്പുറത്ത് സിവിൽ സമൂഹത്തിന്റെ പ്രതിനിധികളുമായും മറ്റു രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുമായും സംവദിച്ചുകൊണ്ടാണ്  രാഹുലിന്റെ യാത്ര. ഒപ്പം ദേശീയവും പ്രാദേശികവുമായ മിക്കവാറും പാർട്ടികളുമായി അദ്ദേഹം ബന്ധപ്പെടുന്നു. 'കോൺഗ്രസിന് മാത്രമാണ് ബിജെപിക്ക് ഒരു പ്രത്യയശാസ്ത്ര ബദൽ നൽകാൻ കഴിയുക. പ്രാദേശിക പാർട്ടികൾക്ക് തങ്ങളുടെ പരിമിത വട്ടത്തിലെ രാഷ്ട്രീയത്തിനപ്പുറം ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർണയിക്കാവുന്ന അളവിൽ കാഴ്ചപ്പാടുകളില്ല' എന്നു കൃത്യമായി പറയുന്ന രാഹുൽ പക്ഷേ അവരെയെല്ലാം ഐക്യപ്പെടുത്താനുള്ള ശ്രമത്തിലാണ്.  യാത്രയോട് ഡിഎംകെ, ശിവസേന, സമാജ്വാദി പാർട്ടി, നിതീഷ് കുമാർ, ആർജെഡി, രാഷ്ട്രീയ ലോക്ദൾ, നാഷണൽ കോൺഫറൻസ്, പിഡിപി എന്നിവയെല്ലാം സഹകരിക്കുന്നുണ്ട്. ആന്ധ്ര, തെലങ്കാന പാർട്ടികളും തൃണമൂലുമാണ് പ്രധാനമായും വിട്ടുനിൽക്കുന്നത്. തെരഞ്ഞെടുപ്പടുക്കുന്തോറും അവയും വിശാലമായ ഫാസിസ്റ്റ് വിരുദ്ധ വേദിയിൽ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്യൂണിസ്റ്റ് പാർട്ടികൾക്കും മാറിനിൽക്കാനാവില്ല. ത്രിപുരയിലെ സിപിഎം - കോൺഗ്രസ് ഐക്യശ്രമങ്ങൾ പ്രതീക്ഷ നൽകുന്നു. ഒരുപക്ഷേ കേരളത്തിൽ ബിജെപി വലിയ ശക്തിയല്ല എന്നതിനാലായിരിക്കാം ഇവിടത്തെ കോൺഗ്രസ് നേതാക്കൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ പ്രധാനമായി കാണാത്തത്. ഇവിടെ കോൺഗ്രസിന്റെയും ബിജെപിയുടെയും മുഖ്യ ശത്രു ബി.ജെ.പിയല്ല എന്നതു ശരിയായിരിക്കാം. ഇവിടെ പതിവുപോലെ മത്സരം നടക്കട്ടെ. അപ്പോഴും ദേശീയ നേതൃത്വത്തിനൊപ്പം നിന്ന് ഈ ഭഗീരഥ യത്‌നത്തിൽ പങ്കാളികളാകുകയാണ് ഇപ്പോഴത്തെ പ്രധാന രാഷ്ട്രീയ കടമ എന്നാണവർ തിരിച്ചറിയേണ്ടത്. 

Latest News