വയനാട്ടില്‍ കടുവ ആക്രമണത്തില്‍  മരിച്ച കര്‍ഷകന്റെ സംസ്‌കാരം ഇന്ന്

തോമസ്‌

മാനന്തവാടി-വടക്കേവയനാട്ടിലെ പുതുശേരി വെള്ളാരംകുന്നില്‍ വ്യാഴാഴ്ച കടുവ ആക്രമണത്തെത്തുടര്‍ന്നു മരിച്ച പള്ളിപ്പുറം തോമസിന്റെ(50) മൃതദേഹം ഇന്നുച്ചകഴിഞ്ഞ 2.30നു  പുതുശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. നഷ്ടപരിഹാരം ഉള്‍പ്പെടെ വിഷയങ്ങളില്‍ ഉറപ്പുലഭിക്കാതെ തോമസിന്റെ മൃതദേഹം സംസ്‌കരിക്കില്ലെന്നു കുടുംബാംഗങ്ങളും പുതുശേരി ആക്ഷന്‍ കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ആക്ഷന്‍ കമ്മിറ്റി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം ഉള്‍പ്പെടെ കാര്യങ്ങളില്‍ തീരുമാനമായത്. തോമസിന്റെ കുടുംബത്തിനു നഷ്ടപരിഹാരമായി 10 ലക്ഷം രൂപ അനുവദിക്കും. ആശ്രിതരില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ താത്കാലിക ജോലി നല്‍കും. നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു 40 ലക്ഷം രൂപ നല്‍കാന്‍ ശിപാര്‍ശ ചെയ്യും. കടങ്ങള്‍ എഴുതിത്തള്ളുന്നതിനു നീക്കം നടത്തും. ആശ്രിതനു നല്‍കുന്ന ജോലി സ്ഥിരപ്പെടുത്തുന്നതിനു ശിപാര്‍ശ ചെയ്യും. ഇത്രയും കാര്യങ്ങളിലാണ് ചര്‍ച്ചയില്‍ തീരുമാനമായത്.
ഭരണകൂടത്തിനുവേണ്ടി ഒ.ആര്‍.കേളു എം.എല്‍.എ, ഉത്തരമേഖല സി.സി.എഫ് കെ.എസ്.ദീപ,  നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, ജില്ലാ പോലീസ് മേധാവിയുടെ ചുമതലയുള്ള ആര്‍.കറപ്പസാമി, അഡീഷണല്‍ എസ്.പി വിനോദ് പിള്ള എന്നിവര്‍  ചര്‍ച്ചയില്‍ പങ്കെടുത്തു.


 

Latest News