ചൈനീസ് വനിതയെ തട്ടിക്കൊണ്ടുപോയി, നഗ്നചിത്രങ്ങളെടുത്തു, നാല് പേര്‍ക്ക് ശിക്ഷ

അബുദാബി- തട്ടിക്കൊണ്ടുപോകല്‍, പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് നാല് ചൈനീസ് പൗരന്മാരെ മൂന്ന് വര്‍ഷം തടവിലിടാന്‍ ദുബായ് ക്രിമിനല്‍ കോടതി വിധിച്ചു. ദുബായില്‍ ഒരു ചൈനീസ് വനിത നല്‍കിയ പരാധിയിലാണ് വിധി. 2022 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം.
മുന്‍ധാരണ പ്രകാരം ഡിജിറ്റല്‍ കറന്‍സി നല്‍കാന്‍ ജബല്‍ അലിയില്‍ എത്തിയ യുവതിയെ 4 പേര്‍ ചേര്‍ന്ന് ബലമായി പിടിച്ച് വാഹനത്തിന്റെ പിന്‍സീറ്റിലേക്കു മാറ്റി കൈകാലുകളും ബന്ധിപ്പിച്ച് വായ മൂടിക്കെട്ടി കൊണ്ടുപോയി.
മര്‍ദിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മൊബൈല്‍ അണ്‍ലോക്ക് ചെയ്യിച്ച് ഡിജിറ്റല്‍ കറന്‍സി വാലറ്റില്‍നിന്ന് 8000 യൂണിറ്റ് (30,000 ദിര്‍ഹം) പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കൂടാതെ പഴ്‌സിലുണ്ടായിരുന്ന 8000 ദിര്‍ഹവും 7500 ദിര്‍ഹം വിലയുള്ള ബാഗും തട്ടിയെടുത്തു.
പോലീസില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ നഗ്‌ന ചിത്രം ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. യുവതി കാര്‍ നമ്പര്‍ മനസ്സിലാക്കി പോലീസിനു പറഞ്ഞുകൊടുത്തതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മണിക്കൂറുകള്‍ക്കകം 4 പേരെയും അറസ്റ്റ് ചെയ്തു. ശിക്ഷക്കുശേഷം ഇവരെ നാടുകടത്തും.

 

Latest News