അകലം വര്‍ധിക്കുന്നത് നോക്കിനില്‍ക്കാന്‍ കഴയില്ല; മുജാഹിദ് സെന്ററിലെത്തി ശശി തരൂര്‍

കോഴിക്കോട്- കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങളില്‍ എല്ലാ സമുദായങ്ങള്‍ക്കും പങ്കുണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ പഠനം നടക്കണമെന്നും ശശി തരൂര്‍ എം പി പറഞ്ഞു.
കോഴിക്കോട് മുജാഹിദ് സെന്ററില്‍ കെ എന്‍ എം നേതാക്കളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ് ലിം  നവോത്ഥാന ചരിത്രത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ പങ്കു വളരെ വലുതാണ്. നമ്മുടെ സമൂഹത്തില്‍ വര്‍ഗീയ വിഭജനം ശക്തമായ രൂപത്തില്‍ നടക്കുകയാണ്. മുറിവ് ഉണക്കാന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. ഈ രംഗത്ത് മതനിരപേക്ഷ കൂട്ടായ്മ വേണം. സമുദായങ്ങള്‍ തമ്മിലുള്ള അടുപ്പമാണ്  ഉണ്ടാകേണ്ടത്. അകലം വര്‍ധിക്കുമ്പോള്‍ നോക്കി നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് എല്ലാ സമുദായ നേതാക്കളെയും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ആരും രാഷ്ട്രീയം കാണരുത്. നമ്മുടെ പഴയ സൗഹൃദം  വീണ്ടെടുക്കാനുള്ള എളിയ ശ്രമമാണ് താന്‍ നടത്തുന്നെതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹത്തില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ശശി തരൂര്‍ എം പിയെന്ന്  തരൂരിനെ സ്വീകരിച്ചു കൊണ്ട്  കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി പറഞ്ഞു.
അദ്ദേഹത്തിന്റെ അന്തര്‍ദേശീയ ബന്ധങ്ങളും സ്വാധീനവും ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അദ്ദേഹത്തെ പോലെ ഒരാള്‍ സമുദായനേതാക്കളെ കാണുന്നതില്‍ ഒരു തെറ്റുമില്ലെന്നും ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും  കെ എന്‍ എം പ്രസിഡന്റ് പറഞ്ഞു
കെ എന്‍. എം വൈസ് പ്രസിഡന്റ്മാരായ ഡോ ഹുസൈന്‍ മടവൂര്‍, പ്രൊഫ. എന്‍ വി അബ്ദുറഹ്മാന്‍, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, സെക്രട്ടറിമാരായ പാലത്തു അബ്ദുറഹ്മാന്‍ മദനി, ഡോ എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഐ എസ് എം വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ എന്നിവരും സന്നിഹിതരായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News