Sorry, you need to enable JavaScript to visit this website.

വരദാനം പോലെ ഒരു സായാഹ്നം; ജയില്‍പുള്ളികള്‍ക്കു മുന്നില്‍ ഇസ്മായില്‍ മരിതേരി

നാം സ്‌കൂളുകളിൽ പഠിച്ച ചില പാഠഭാഗങ്ങൾ എത്ര കാലം കഴിഞ്ഞാലും  മായാതെ സവിശേഷമായി മനസ്സിൽ തങ്ങി നിൽക്കും, അല്ലേ? അത്തരത്തിൽ മനസ്സിനെ ഏറെ സ്വാധീനിച്ച ഒന്നാണ്    പത്താം തരത്തിൽ ഞങ്ങൾക്ക്  പഠിക്കാനുണ്ടായിരുന്ന ഗോഡ് സീസ് ദ ട്യൂത്ത് ബട്ട് വെയ്റ്റ്‌സ് എന്ന കഥ. ലിയോ ടോൾസ്റ്റോയ് രചിച്ച ആ കഥയിൽ  ഒരുപാട് കാലം   തടവുശിക്ഷ അനുഭവിക്കേണ്ടി വന്ന നിരപരാധിയായ  ആക്‌സിനോവും യഥാർത്ഥ  കുറ്റവാളിയായ മകാർ സെമിയോണിച്ചുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഹൃദയ സ്പൃക്കായ രീതിയിൽ ആ കഥ ക്ലാസിൽ വായിച്ചവതരിപ്പിച്ച തണ്ടലാട്ട്  ഗോവിന്ദൻ മാസ്റ്ററുടെ ശബ്ദവും ഭാവങ്ങളും മറക്കാനാവില്ല. അപരാധികൾ,  നിരപരാധികൾ, കുറ്റം, ശിക്ഷ, ക്ഷമ, പശ്ചാത്താപം,  ജയിൽ ജീവിതത്തിന്റെ ഭീകരത തുടങ്ങി പല കാര്യങ്ങളും ഹൃദയത്തിൽ പതിഞ്ഞ നാളുകളായിരുന്നു അത്.
ഇത്തവണ പുതുവർഷപ്പുലരിയിൽ  കണ്ണൂർ സെൻട്രൽ ജയിൽ  സന്ദർശിക്കാനും   ജയിൽ ക്ഷേമ ദിനാഘോഷത്തിന്റെ  ഭാഗമായി
അവിടെ  സംഘടിപ്പിക്കപ്പെട്ട ഒരു സാംസ്‌കാരിക  പരിപാടിയിൽ ആയിരത്തോളം  വരുന്ന ജയിൽ അന്തേവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കാനും  ലഭിച്ച അവസരത്തിൽ  എന്റെ മനസ്സിലൂടെ ആ കഥ വീണ്ടും വീണ്ടും   കടന്നു പോയി. 
പ്രിയ സുഹൃത്തും സിനിമ സംവിധായകനുമായ  വിനീഷ് ആരാധ്യയും ഞാനും   പരിപാടിയിൽ കണ്ണൂരിലേക്കുള്ള യാത്രയിൽ ആലോചിച്ചതും ചർച്ച ചെയ്തതും അവിടെ എന്ത് എങ്ങനെ സംസാരിക്കണം എന്നത് കൂടിയായിരുന്നു.
ഇക്കാലമത്രയും  അഭിസംബോധന ചെയ്ത സദസ്സുകളിൽ നിന്നെല്ലാം ഏറെ ഭിന്നമായ   ശ്രോതാക്കളായിരിക്കും മുന്നിൽ. രാജ്യത്ത് നിലനിൽക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ   തെറ്റുകാരായി  സമൂഹത്തിൽ നിന്നും മാറ്റിപ്പാർപ്പിച്ചവരാണല്ലോ തടവറയിലുണ്ടാവുക.
ഭീകരമായ പാതകങ്ങൾ ചെയ്ത് മനസ്സാക്ഷി മരവിച്ച് പോയവർ മുതൽ നിസ്സാരമായ കൈപ്പിഴ മൂലം  വിചാരണത്തടവ്  അനുഭവിക്കേണ്ടി  വന്നവർ ഉൾപ്പെടെ സാമൂഹ്യ ശ്രേണിയിലെ  ഒരു പറ്റം പ്രബലരും ദുർബലരുമായ രാഷ്ട്രീയത്തടവുകാരും അല്ലാത്തവരുമായ  മനുഷ്യരെയാണ് ഞങ്ങൾക്ക് അവിടെ  അഭിമുഖീകരിക്കേണ്ടിയിരുന്നത്. അതിൽ ഉന്നത വിദ്യാഭ്യാസം നേടിയവരും  സ്‌കൂളിന്റെ പടി  കാണാത്തവരും അപൂർവ സർഗ വൈഭവമുള്ളവരുമുണ്ട് അത്തരക്കാരുടെ മാനസികമായ പരിവർത്തനത്തിന് സൗകര്യമൊരുക്കുന്ന കേന്ദ്രങ്ങൾ കൂടിയാണ് ഇപ്പോൾ തടവറകൾ.
ഡെപ്യൂട്ടി പ്രിസൺ ഓഫീസർ മണിലാലിനോടൊപ്പം ഞങ്ങൾ നേരെ പോയത് ജയിലിന് മുൻവശത്ത് ചുറ്റിലും പ്രാചീനമായ വൻമരങ്ങൾ തലയുയർത്തി നിൽക്കുന്ന കെട്ടിടത്തിലേക്കായിരുന്നു.     ജയിൽ ഉദ്യോഗസ്ഥർക്കുള്ള മെസ് ഹാളാണത്. നൂറ്റാണ്ട് മുമ്പ്  പണിത ആ ഹാളിൽ   ഭീതിദമായ  മൗനം തളംകെട്ടി നിൽക്കുന്നത് പോലെ തോന്നി. 
ഉച്ചഭക്ഷണം വിളമ്പിത്തന്നത് തടവ് പുള്ളികളായിരുന്നു. അവരുടെ പെരുമാറ്റത്തിലെ  സൗമ്യതയും മുഖഭാവവും  ഏറെ  കൗതുകത്തോടെ  ശ്രദ്ധിച്ചപ്പോൾ എന്റെ അകത്ത് കൂടുതൽ പ്രശോഭിതമായത് ആക്‌സി നോവിന്റെ മുഖമായിരുന്നു.
തുടർന്ന് ഭീമാകാരമായ ജയിൽ കവാടത്തിലൂടെ  അകത്തേക്ക് കയറുമ്പോൾ അനുഭവിച്ച മാനസിക വികാരം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. തല കുനിച്ച് വേണം കവാടം കടക്കാൻ. ചെറിയ വാതിൽ തുറന്ന് പാറാവുകാരൻ അകത്തേക്ക് പ്രവേശിക്കാൻ വഴിയൊരുക്കിയപ്പോൾ അതു വഴി അകത്തേക്ക് പോയ  പലരുടെയും   വിചാര വികാരങ്ങളുടെ കടലിരമ്പം അകതാരിൽ പെരുമ്പറ കൊട്ടിയതുപോലെ.
1869 ൽ സ്ഥാപിതമായ കണ്ണൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കപ്പെട്ട തടവുപുള്ളികൾ കണ്ട കവാടമല്ലല്ലോ ഞാൻ കടന്നുപോവുന്ന ഈ കവാടമെന്നോർത്തപ്പോൾ അഭിമാനവും അതോടൊപ്പം ആശങ്കയും ഏറിവന്നു.
ഞങ്ങൾ നേരെ ചെന്നത് ജയിൽ വെൽഫെയർ ഓഫീസർമാരായ മാൻസി മാഡത്തിന്റെയും ഹനീഫ് സാറിന്റെയും ഓഫീസിലേക്കാണ്.
ഇളനീർ തന്നാണ് അവർ ഞങ്ങളെ  സ്വീകരിച്ചത്.തൊട്ടടുത്ത ചില്ലിട്ട മുറി കാട്ടി ഹനീഫ സാർ പറഞ്ഞു: അതാണ് ഇന്റർവ്യൂ റൂം. കാരാഗൃഹത്തിൽ കഴിയുന്ന തടവുകാരെ കാണാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അവസരം നൽകുന്ന ഇടമാണത്. നിത്യേന എത്ര മാത്രം നെടുവീർപ്പുകൾ ഉയരുന്നുണ്ടാവും അവിടെ! എത്ര കണ്ണീർ കണങ്ങൾ വീണ് നനഞ്ഞിട്ടുണ്ടാവും ആ അന്തരീക്ഷം?
പിന്നീട്, സിനിമയിൽ മാത്രം കണ്ട് പരിചയമുള്ള നീണ്ട വഴിയിലൂടെ  പ്രൗഢമായ  ടവർ ബിൽഡിംഗിലെത്തിയ ഞങ്ങൾക്ക്     ഡെപ്യൂട്ടി സൂപ്രണ്ട് നരേന്ദ്രൻ സാർ ജയിലിന്റെ ഘടനയും  ജയിൽ ആധുനികവൽക്കരണത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ വിദ്യാഭ്യാസ സാംസ്‌കാരിക തൊഴിൽ പരിശീലന പരിപാടികളെ കുറിച്ചെല്ലാം കുറഞ്ഞ നേരത്തിനുള്ളിൽ   മനസ്സിലാക്കിത്തന്നു.
അന്യ സംസ്ഥാനക്കാരും വിദേശികളും ഉൾപ്പെടെ ആ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്ന കാര്യം ഏറെ ആവേശം പകരുന്നതായിരുന്നു. തൊട്ടപ്പുറത്ത് ഒരു മുറിയിൽ  പുസ്തകമേള നടക്കുന്നുണ്ട്.
എൺപത് ശതമാനത്തോളം കുറ്റവാളികളും ബാക്കി റിമാൻഡ് പ്രതികളും വിചാരണ തടവുകാരും അടങ്ങുന്നതാണ് കണ്ണൂർ ജയിലിലെ അന്തേവാസികൾ. പത്തും ഇരുപത്തഞ്ചും വർഷമായി പുറംലോകം കാണാത്തവർ, ചിലർ  ഒന്നിലധികം പേരെ കൊന്നവർ, അനുദിനം പെരുകുന്ന പോക്‌സോ കുറ്റവാളികൾ, മയക്കുമരുന്ന് മാഫിയക്കാർ, സൈബർ ക്രൈം, രാഷ്ട്രീയ പ്രേരിതമായ കുറ്റകൃത്യങ്ങൾ കാരണം വർഷങ്ങളായി ഉറ്റവരെയും ഉടയവരെയും പിരിഞ്ഞ്  രാപ്പകലുകൾ പ്രാർത്ഥന നിരതരായി കഴിച്ചുകൂട്ടുന്നവർ എല്ലാവരും വെള്ള വസ്ത്രധാരികളായി പോക്കഴവെയിലിന്റെ പൊൻവെളിച്ചത്തിൽ ജയിലങ്കണത്തിൽ മുന്നിൽ വന്നിരുന്ന് ഞങ്ങളെ സ്‌നേഹ ലാളനകളോടെ കേട്ട ആ സായാഹ്നം ഏറെ അവിസ്മരണീയമായിരുന്നു.
ഒരുപാട് പുസ്തകങ്ങൾ വായിച്ചും   സിനിമകൾ കണ്ടും അറിഞ്ഞതിനേക്കാൾ  പ്രായോഗികമായ ജീവിത പാഠങ്ങൾ നേരറിവിലൂടെ  പകർന്നുതരാൻ കെൽപുള്ളവരടങ്ങിയ ആ  സദസ്സിൽ   നടത്തിയ ആ പ്രഭാഷണം എന്നെ സംബന്ധിച്ചിടത്തോളം വരദാനം പോലെ ഒഴുകിയെത്തിയ ഒന്നായിരുന്നു.  അതിന് ലഭിച്ച പ്രതികരണവും  വിലമതിക്കാനാവാത്തത്രപ്രചോദനാത്മകമായിരുന്നുവെന്ന് കൂടി പറയട്ടെ.

Latest News