Sorry, you need to enable JavaScript to visit this website.

ഹേമേ നീ എവിടെയാണ്, ജിദ്ദയിലെ ഡോക്ടർ പഴയ കൂട്ടുകാരിയെ തേടുന്നു; പ്രണയം തകർത്ത സൗഹൃദം

ബന്ധുവായ യുവാവുമായി പ്രേമത്തിലായ കൂട്ടുകാരിയോട് ചങ്ങാത്തം കൂടി പഠിത്തം ഉഴപ്പരുതെന്നും അവളുമായി ഒരു ബന്ധവും അരുതെന്നും അധ്യാപികമാരുടെയും രക്ഷിതാക്കളുടെയും ഉഗ്രശാസന. അതോടെ നഷ്ടപ്പെട്ടത് മനോഹരമായൊരു സൗഹൃദം. ഇടയ്‌ക്കെപ്പോഴോ കണ്ടുവെങ്കിലും കൂടുതൽ മിണ്ടാനായില്ല. ഹേമ എന്ന ആ കൂട്ടുകാരിയെ തേടുകയാണ് ജിദ്ദ നാഷനൽ ഹോസ്പിറ്റലിലെ ഡോക്ടറും കലാകാരിയുമായ ഇന്ദുചന്ദ്ര. തൃശൂർ സെന്റ് മേരീസ് കോളേജിലെ ആർദ്രമായൊരു ഓർമ... 

എല്ലാവർക്കും പറയാനുണ്ടാവും അവരവരുടെ പ്രിയപ്പെട്ട കൂട്ടുകാരികളെ കുറിച്ച്. അതുപോലൊരു കൂട്ടുകാരി എനിക്കുമുണ്ടായിരുന്നു. ആ കൂട്ടുകാരി ഇന്ന് എവിടെയാണ് എന്ന് എനിക്കറിയില്ല. എന്നാലും ഞാൻ തെരയുകയാണ് അവളെ. ഞാനെഴുതുന്നത് പ്രീഡിഗ്രി കാലഘട്ടത്തെ കുറിച്ചാണ്. ആലപ്പുഴയിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് കഴിഞ്ഞ് സാംസ്‌കാരിക നഗരമായ തൃശൂരിലേക്കായിരുന്നു എന്റെ ചുവടുമാറ്റം. പത്താം ക്ലാസ് ആലപ്പുഴയിൽ അച്ഛന്റെ കൂടെ നിന്നായിരുന്നു പഠിച്ചിരുന്നത്. പ്രി ഡിഗ്രി പഠനത്തിനായി തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന അമ്മയുടെ കൂടെ പോന്നു. ഒത്തിരി പ്രതീക്ഷകളോടെയും സന്തോഷത്തോടെയുമായിരുന്നു പൂരനഗരിയിലേക്കുള്ള വരവ്. തൃശൂരിലെ പ്രശസ്തമായ സെന്റ് മേരീസ് കോളേജിലാണ് ഞാൻ അഡ്മിഷൻ നേടിയത്. തൃശൂരിലേക്ക് വന്നതിനു പിന്നിൽ തോമസ് മാഷിന്റെ എൻട്രൻസ് കോച്ചിംഗ് ആയിരുന്നു പ്രധാന ലക്ഷ്യം.
കോളേജ് ജീവിതം വലിയ സംഭവബഹുലം ഒന്നുമായിരുന്നില്ല. കോളേജിലെ ഒരു പരിപാടിക്കും പങ്കെടുക്കരുത് എന്ന് എൻട്രൻസ് കോച്ചിംഗിലെ തോമസ് മാഷിന്റെ കർശനമായ താക്കീതുണ്ടായിരുന്നു. അത് ഞാൻ അക്ഷരംപ്രതി പാലിച്ചിരുന്നു. പുതിയ സ്ഥലം, പുതിയ മുഖങ്ങൾ, പുതിയ ചുറ്റുപാടുകൾ എല്ലാം എന്നെ ഒത്തിരി ആകർഷിച്ചു. പുതിയ അധ്യയന വർഷത്തിൽ ചെറുതായി പരിഭ്രമത്തിലായിരുന്ന എന്നെ പരിചയപ്പെടാൻ ആദ്യം വന്നത് ആ കൂട്ടുകാരിയായിരുന്നു -ഹേമ. വലിയ സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്നായിരുന്നില്ല അവളുടെ വരവ്. അവളിൽ ഒരുപാട് പ്രതീക്ഷകൾ വെച്ചുപുലർത്തിയായിരുന്നു മാതാപിതാക്കൾ അവളെ പഠിക്കാൻ അയച്ചിരുന്നത്. പിന്നെ അങ്ങോട്ട് അവളായിരുന്നു എന്റെ പ്രിയ കൂട്ടുകാരി. ഞങ്ങൾ അന്യോന്യം കൈമാറാത്ത രഹസ്യങ്ങൾ ഉണ്ടായിരുന്നില്ല. പൊതുവെ വായാടിയായ എനിക്ക് പറ്റിയ കൂട്ടായിരുന്നു വായാടി ആയിരുന്ന  അവൾ. റാങ്ക് വാങ്ങിയിരുന്ന ഞാനും പഠിക്കാൻ പിന്നോക്കം നിന്നിരുന്ന അവളും എങ്ങനെ അടുത്ത കൂട്ടുകാരായി എന്നുള്ളത് എല്ലാവർക്കും കൗതുകമായിരുന്നു. വലിയ കാമ്പസിൽ കലപില കൂട്ടി കൈകോർത്തു പിടിച്ചുകൊണ്ട് ഞങ്ങൾ നടന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഞങ്ങളുടെ ഈ സുഹൃദ്ബന്ധം ഇഷ്ടമില്ലാത്ത ആളുകൾ ഒത്തിരി പേരുണ്ടായിരുന്നു. അതിൽ പ്രധാനി അവിടുത്തെ കന്യാസ്ത്രീയായിരുന്നു. ക്ലാസിൽ വളരെ കുറച്ചു മാർക്ക് വാങ്ങിയിരുന്ന അവളും എന്നാൽ കോളേജിന്റെ റാങ്ക് പ്രതീക്ഷയായിരുന്ന ഞാനും തമ്മിലുള്ള കൂട്ടുകെട്ട് സിസ്റ്റർക്ക് ഒട്ടും ദഹിക്കുന്നതായിരുന്നില്ല. ഒരുപാട് തവണ എന്നെ വിളിച്ച് ഉപദേശിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന അവളോടുള്ള കൂട്ടുകെട്ട് എന്റെ പഠനത്തെ ബാധിക്കുമെന്ന് അവർ ഭയന്നിരുന്നു. പക്ഷേ ഞാൻ അതൊന്നും ചെവികൊണ്ടില്ല. അയ്യന്തോളിൽ നിന്നും ബസ് കയറി പാറമേക്കാവിന്റെ മുമ്പിൽ ഇറങ്ങി കോളേജിലേക്കുള്ള നടത്തത്തിൽ കൂട്ടായി എപ്പോഴും അവൾ ഉണ്ടാവും. അതുപോലെ ബസ് സ്റ്റോപ്പിലേക്കുള്ള മടക്കയാത്രയിലും അവൾ എന്റെ സഹചാരിണി തന്നെയായിരുന്നു. അങ്ങനെ ഒരവസരത്തിലാണ് അവൾ എന്നോട് അവളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. കക്ഷി അവളുടെ അമ്മാവന്റെ മകൻ തന്നെയാണ്. എങ്കിലും വീട്ടുകാർക്ക് ഈ ബന്ധത്തോട് താൽപര്യമില്ല എന്ന് അവൾ പറഞ്ഞു. പ്രണയം എന്നത്  ഒരു മഹാപരാധമാണ് എന്ന് കരുതിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അവളെ ഞാൻ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ഒത്തിരി ശ്രമിച്ചു. അവളോട് പിണങ്ങി നടന്നു നോക്കി. ഒന്നും ഏറ്റില്ല. പിന്നെ പതുക്കെ ഞാൻ അതിനെ അവളുടെ ഇഷ്ടത്തിന് വിട്ടു. മനസ്സിൽ ഈയൊരു കാര്യത്തിൽ അവളോട് എനിക്ക് ദേഷ്യം തന്നെയായിരുന്നു. ആ ഒരു സമയത്ത് എനിക്കറിയില്ലല്ലോ ഞാനും അവളുടെ പാതയായിരിക്കും പിന്തുടരുക എന്നത്. ദിവസങ്ങൾ മാസങ്ങളായി കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ഞങ്ങളാകട്ടെ, കാമ്പസിൽ ഇണങ്ങിയും പിണങ്ങിയും ചിരിച്ചും കളിച്ചും പാറി നടന്നു. പഠനത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കാൻ ഞാൻ കിണഞ്ഞു പരിശ്രമിച്ചു. സിസ്റ്റർമാർക്കും ടീച്ചർമാർക്കും എന്നെ ഒത്തിരി ഇഷ്ടമായിരുന്നു. ആ ഇഷ്ടം തന്നെയായിരുന്നു ഞങ്ങളുടെ സുഹൃദ്ബന്ധത്തിൽ വിള്ളലുണ്ടാക്കിയത്.
എന്റെ മാതാപിതാക്കൾക്ക് പണ്ടു മുതലേ ഉണ്ടായിരുന്ന നിർബന്ധമായിരുന്നു പഠിക്കുന്ന കുട്ടികളോട് മാത്രമേ ഞാൻ കൂട്ടുകൂടാൻ പാടുള്ളൂ എന്നുള്ളത്. അവർ അത് പറഞ്ഞിരുന്നു എങ്കിലും അത് ഞാനൊരിക്കലും പാലിച്ചിരുന്നില്ല. സ്‌കൂൾ കാലഘട്ടത്തിലെ എന്റെ കൂട്ടുകാരി ആൻസിയ പഠിത്തത്തിൽ വളരെ പിന്നോക്കം നിന്നിരുന്ന കുട്ടിയായിരുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അവളുടെ കല്യാണം. വളരെ സന്തോഷത്തോടെ അവളുടെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞ് വീട്ടിലേക്ക് ഓടിച്ചെന്ന  എന്നെ കാത്തിരുന്നത് ശകാര വർഷങ്ങളായിരുന്നു. അവളുടെ കല്യാണം കഴിഞ്ഞത് എന്നെ ബാധിക്കുമോ എന്ന് അവർ ഭയന്നിരുന്നിരിക്കാം. അങ്ങനെയൊരു ചുറ്റുപാടിൽ നിന്നും വന്ന എന്നെ  വെട്ടിലാക്കാൻ ഏറ്റവും നല്ല മാർഗം എന്റെ മാതാപിതാക്കൾ തന്നെയാണ് എന്നത് സിസ്റ്റർ തിരിച്ചറിഞ്ഞു. അങ്ങനെ ഞങ്ങളുടെ സുഹൃദ്ബന്ധത്തിലെ വില്ലത്തിയായി മാറി ആ സിസ്റ്റർ. എന്തു കാര്യവും കണ്ടുപിടിക്കാൻ അപാര കഴിവുള്ള ആളായിരുന്നു ആ സിസ്റ്റർ. കോളേജിൽ പോകുന്ന വഴിയിൽ എവിടെയോ വെച്ച് ഹേമയും അവളുടെ പ്രിയപ്പെട്ടവനും കൂടി വർത്തമാനം പറയുന്നത് ഈ സിസ്റ്റർ കണ്ടുപിടിച്ചു. പിന്നെ ഉണ്ടായ പുകില് ഒന്നും പറയേണ്ട. അവളെ അന്ന് കോളേജിൽ നിന്നും പുറത്താക്കാഞ്ഞത് തന്നെ വലിയ ഭാഗ്യം. പക്ഷേ സിസ്റ്റർ എന്നെ വിട്ടില്ല. എന്റെ അമ്മയെ കോളേജിൽ വിളിച്ചുവരുത്തി. റാങ്ക് പ്രതീക്ഷയുള്ള മകളുടെ കൂട്ടുകെട്ട് മുഴുവൻ പ്രണയത്തിൽ കുടുങ്ങി നടക്കുന്ന ഹേമയുമായാണ് എന്നുള്ള സത്യം അമ്മയോട് സിസ്റ്റർ വിവരിച്ചു കൊടുത്തു. അന്ന് കോളേജ് വിട്ട് വീട്ടിൽ ചെന്ന് എന്നെ കാത്തിരുന്നത് അച്ഛന്റെ ഉഗ്രശാസനയായിരുന്നു. ഇനി മേലാൽ ഹേമയോട് കൂട്ടുകൂടാനോ സംസാരിക്കാനോ പോലും പാടില്ലെന്ന് കൽപന. കൂട്ടത്തിൽ ഇതുകൂടി ഓർമിപ്പിച്ചു. അഥവാ സംസാരിച്ചാൽ ആ കാര്യം പറഞ്ഞു കൊടുക്കാനായി കോളേജിൽ തന്നെ ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടുപോലും. ഞാനാകെ ധർമസങ്കടത്തിലായി. പിന്നെയുള്ള ദിവസങ്ങളിൽ കാര്യമറിയാതെ എന്റെയടുക്കലേക്ക് ഓടിവന്ന ഹേമയെ ഞാൻ മനഃപൂർവം അകറ്റി നിർത്തി. ഒടുവിൽ ഒരു ദിവസം അവളോട് ഞാൻ പറഞ്ഞു നിന്റെ ഈ പ്രണയമാണ് നമ്മളെ പിരിച്ചത് എന്ന്. അന്ന് അവൾ എന്നോട് പറഞ്ഞ വാചകം ഇന്നും ഞാൻ ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു. പ്രണയം ആളുകളെ അകറ്റുകയല്ല ചെയ്യുന്നത്, അടുപ്പിക്കുകയാണ്. നിനക്ക് ഇന്നല്ലെങ്കിൽ നാളെ അത് മനസ്സിലാകും. നിന്നോട് ഞാൻ ദ്രോഹം ഒന്നും ചെയ്തിട്ടില്ലല്ലോ. ഒരു പ്രണയ ബന്ധത്തിന് നമ്മുടെ സ്‌നേഹത്തെ നശിപ്പിക്കാൻ എങ്ങനെ കഴിഞ്ഞു? ഇത്രയും പറഞ്ഞ് നടന്നകന്ന അവളെ ഞാൻ സങ്കടത്തോടെ നോക്കി നിന്നു. എന്റെ മാതാപിതാക്കളുടെ വാക്ക് കേട്ട് അവളോട് ഞാൻ അകന്നുവെങ്കിലും മനസ്സിൽ അവളോടുള്ള സ്‌നേഹം എന്നും ബാക്കി നിന്നു. ആ രണ്ടു വർഷവും ഞാൻ നന്നായി പഠിച്ചു. കോളേജധികൃതരുടെ ആഗ്രഹം പോലെ തന്നെ സ്‌കോളർഷിപ്പോടു കൂടി 98.7 ശതമാനം മാർക്ക് വാങ്ങി പ്രീഡിഗ്രി പാസായി. പിന്നെ ഞാൻ അവളോട് സംസാരിക്കുന്നത് പിരിഞ്ഞു പോകുമ്പോൾ ഓട്ടോഗ്രാഫ് എഴുതാൻ വേണ്ടിയാണ്. അവളുടെ മനസ്സിനെ എപ്പോഴും പിടിച്ചുലച്ച വിഷമം അവളുടെ മുഖം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. എങ്കിലും അത് ഞാൻ കണ്ടില്ല എന്ന് നടിച്ചു. അവളെ ഒന്ന് വീട്ടിലോട്ടു വിളിക്കണം എന്നും കുറെ നേരം വർത്തമാനം പറഞ്ഞിരിക്കണമെന്നുമൊക്കെ മനസ്സിൽ ഉണ്ടായിരുന്നു. അച്ഛനും അമ്മയും അത് ഒരിക്കലും സമ്മതിക്കില്ല എന്ന് പൂർണ ബോധ്യം ഉള്ളതുകൊണ്ട് ആ ആഗ്രഹം ഞാൻ ഉപേക്ഷിച്ചു. 
ആ വർഷം തന്നെ മെഡിക്കൽ പ്രവേശന പരീക്ഷ പാസായി എനിക്ക് മെഡിക്കൽ കോളേജിൽ അഡ്മിഷനും കിട്ടി. മൂന്നാം കൊല്ലം പീഡിയാട്രിക് പോസ്റ്റിംഗിന്റെ ഇടയിലെ ഓട്ടത്തിനിടയിലാണ് സുപരിചിതമായ ആ ശബ്ദം. ഇന്ദൂ എന്ന വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ചിരിച്ചുകൊണ്ട് നിൽക്കുന്ന ഹേമയെയാണ്. അവൾ നഴ്‌സിംഗ് കഴിഞ്ഞു എന്ന് അപ്പോഴാണറിഞ്ഞത്. ഇത്രയും കൊല്ലമായിട്ടും അവളെ ഒന്നു വിളിക്കാഞ്ഞതിൽ എനിക്ക് വളരെയധികം കുറ്റബോധം തോന്നി. അവളോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിയണമെന്നും പറയണമെന്നും ഒക്കെ ഉണ്ടായിരുന്നു. ഒ. പി യിലെ തിരക്ക് കാരണം ഒന്നും നടന്നില്ല. അവളുടെ ഫോൺ നമ്പർ വാങ്ങി കൈയിൽ കുറിച്ചിടാൻ പക്ഷേ ഞാൻ മറന്നില്ല. ഒ. പി കഴിഞ്ഞ് കൈ കഴുകുമ്പോൾ ആ നമ്പർ  മാഞ്ഞു പോകും എന്നുള്ളത് ഞാൻ എന്തേ ഓർക്കാതെ പോയി? എന്റെ ജീവിതത്തിൽ നടന്നതൊക്കെ - പ്രണയവും വിവാഹവുമെല്ലാം - അവളോട് പറയണമെന്ന് എനിക്കുണ്ടായിരുന്നു. ഒന്നും കഴിഞ്ഞില്ല. ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഒന്നും അന്നില്ലല്ലോ. അവളെ ഞാൻ ഒരുപാട് അന്വേഷിച്ചു. അവളെ കണ്ടുപിടിക്കാൻ ഇന്നും എനിക്ക് കഴിഞ്ഞിട്ടില്ല. എന്നാലും അവളെ ഞാൻ തെരഞ്ഞുകൊണ്ടിരിക്കുന്നു.
പ്രിയ കൂട്ടുകാരി, നീ എവിടെയാണ്? എനിക്ക് നിന്നോട്  ഓർമച്ചെപ്പിൽ ഒളിപ്പിച്ചുവെച്ച ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. നീ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക് ഒരുപാട് വർഷങ്ങൾ ഒന്നും കാത്തിരിക്കേണ്ടി വന്നില്ല. ഇന്ന് നിന്നെ എനിക്ക് മനസ്സിലാവും പക്ഷേ അന്നത്തെ പ്രായത്തിൽ എനിക്ക് നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.
എന്നെങ്കിലും നിന്നെ കണ്ടുമുട്ടുകയാണെങ്കിൽ മനസ്സിൽ പറയാൻ കരുതിവെച്ച നൊമ്പരങ്ങളും സ്‌നേഹവും ഒത്തിരിയുണ്ട്.പ്രിയ കൂട്ടുകാരി, എന്നെങ്കിലും നീ എന്റെയരികിലേക്ക് വരുമോ? നിന്റെ ആ പഴയ കൂട്ടുകാരി നീറുന്ന ഹൃദയത്തോടെ ഇന്നും നിന്നെ തെരയുകയാണ്. ഹേമേ നീ വരില്ലേ?

Latest News