തൂത്തുകുടി സ്റ്റെര്‍ലൈറ്റ് സമരക്കാരും പോലീസും ഏറ്റുമുട്ടി; വെടിവയ്പ്പില്‍ ഒമ്പതു മരണം

തൂത്തുകുടി- തമിഴ്‌നാട്ടിലെ തീരദേശ പട്ടണമായ തൂത്തുകുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പു ശുദ്ധീകരശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിവരുന്ന പ്രക്ഷോഭം നൂറാം ദിവസമായ ഇന്ന് ആക്രമസക്തമായി. സമരക്കാര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വന്‍തോതിലുള്ള പരിസ്ഥിതി മലിനീകരണവും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസ് പ്ലാന്റിനെതിരെയാണ് പ്രദേശവാസികളുടെ സമരം. ഇന്ന് ഇരുപതിനായിരത്തോളം സമരക്കാര്‍ ജില്ലാ ആസ്ഥാനത്തേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് ആക്രമാസക്തമായത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതായതോടെയാണ് പോലീസിനു വെടിവയ്‌ക്കേണ്ടി വന്നതെന്ന് മന്ത്രി ഡി ജയകുമാര്‍ പറഞ്ഞു. 

മരണ സംഖ്യ സര്‍ക്കാരും പോലീസും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം പരിക്കേറ്റവര്‍ക്കും വെടിയേറ്റു മരിച്ചവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ചെമ്പ് ഉരുക്കുന്ന പ്ലാന്റിനെതിരെ മൂന്ന് മാസമായി പ്രദേശവാസികള്‍ വ്യാപാരികളും പ്രതിപക്ഷ കക്ഷികളും പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുടെ പിന്തുണയില്‍ സമരം നയിച്ചു വരികയാണ്.

ബഹുരാഷ്ട്ര കമ്പനിയായ വേദാന്ത റിസോഴ്‌സസ് എന്ന ഖനന കമ്പനിയുടെ ഉടമസ്ഥതലിയുള്ള സ്ഥാപനമാണ് തൂത്തുകുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഇന്‍ഡസ്ട്രീസ്. ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഘടകങ്ങള്‍, ഇലക്ട്രിക് വയറുകളില്‍ ഉപയോഗിക്കുന്ന ചെമ്പ് എന്നിവയാണ് ഈ കമ്പനി പ്രധാനമായും നിര്‍മ്മിക്കുന്നത്. ഇവ കൂടാതെ മറ്റു രാസ വസ്തുക്കളും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. തൂത്തുകുടിയില്‍ കമ്പനിയുടെ വിവിധ പ്ലാന്റുകളില്‍ നിന്നുള്ള രാസവിഷ പുകയും രാസമാലിന്യങ്ങളും പ്രദേശത്ത് പരിസ്ഥിതി മലിനീകരണത്തിനു പുറമെ ജനങ്ങള്‍ക്കിടയില്‍ അര്‍ബുദം അടക്കമുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പ്രദേശ വാസികളുടെ ആരോപണം. ഏറെ കാലമായി പ്രതിഷേധം നിലനില്‍ക്കുന്നുണ്ടെങ്കിലും കമ്പനി പ്ലാന്റുകള്‍ വികസിപ്പിക്കാന്‍ നീക്കം തുടങ്ങിതോടെയാണ് പ്രക്ഷോഭം ശക്തിപ്പെട്ടത്.
 

Latest News