ബ്രിട്ടനിൽ നിയമവിരുദ്ധമായ ഓൺലൈൻ സ്ട്രീമിംഗിലൂടെ സ്പോർട്സും മറ്റു ഉള്ളടക്കങ്ങളും കാണുന്ന ആയിരത്തിലധികം ആളുകളെ തിരിച്ചറിഞ്ഞതായി പോലീസ് അവകാശപ്പെട്ടു. കുറ്റാരോപിതരായ വ്യക്തികളുടെ വീടുകൾ അധികൃതർ സന്ദർശിച്ച് അവർക്ക് നോട്ടീസ് നൽകുകയും നിയമവിരുദ്ധ സ്ട്രീമിംഗ് അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. പരിഷ്കരിച്ച സെറ്റ്ടോപ് ബോക്സുകളും ഫയർസ്റ്റിക്കുകളും വഴി സ്ട്രീമുകൾ വാഗ്ദാനം ചെയ്യുന്ന യു.കെ ആസ്ഥാനമായുള്ള നിയമവിരുദ്ധ സ്ട്രീമിംഗ് സേവനത്തിനെതിരെ പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് റെയ്ഡ് ആരംഭിച്ചത്.
ടെസ്ല കാർ നീന്തൽകുളത്തിൽ വീണു; മൂന്നുപേരെ രക്ഷപ്പെടുത്തി
അമേരിക്കയിൽ നീന്തൽകുളത്തിലേക്ക് വീണ ടെസ്ല കാറിൽനിന്ന് രണ്ട് മുതിർന്നവരെയും ഒരു ആൺകുട്ടിയെയും രക്ഷപ്പെടുത്തി. ബ്രേക്കിന് പകരം ഡ്രൈവർ ആക്സിലറേറ്ററിൽ ചവിട്ടിയതിനെ തുടർന്നാണ് ടെസ്ല കുളത്തിൽ വീണത്. പസഡേനയിലെ ഒരു വീടിന്റെ നീന്തൽകുളത്തിലേക്കാണ് കാർ മറിഞ്ഞത്. വെള്ളത്തിൽ മുങ്ങിയ ടെസ്ലയിൽ നിന്ന് രണ്ട് മുതിർന്നവരെയും നാല് വയസ്സുള്ള ആൺകുട്ടിയെയും അപകടം കണ്ടവരാണ് രക്ഷപ്പെടുത്തിയത്. ബ്രേക്കിനു പകരം ആക്സിലറേറ്റർ കൊടുത്തതിനെ തുടർന്ന് മതിൽ തകർത്താണ് ടെസ്ല നീന്തൽ കുളത്തിൽ പതിച്ചത്. അഗ്നിശമന സേന വരാൻ കാത്തുനിൽക്കാതെ സ്ഥലത്തുണ്ടായിരുന്നവർ കുളത്തിലേക്ക് ചാടിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയതെന്ന് പസഡേന ഫയർ ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
ടാറ്റ ഇന്ത്യയിൽ ഐഫോൺ നിർമാതാക്കളാകും
ആപ്പിളിന്റെ ഐഫോണുകളുടെ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര നിർമാതാവാകാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. 4000-5000 കോടി രൂപയുടെ ഇടപാടിൽ ടാറ്റ കർണാടകയിലെ പ്രധാന പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. തായ്വാൻ ആസ്ഥാനമായുള്ള വിസ്ട്രോണിന്റെ കർണാടകയിലെ ഐഫോൺ ഫാക്ടറി ഏറ്റെടുക്കാൻ ടാറ്റ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. മാസങ്ങളായി വിസ്ട്രോണുമായി ടാറ്റ ചർച്ചകൾ നടത്തിവരികയാണെന്നും മാർച്ച് അവസാനത്തോടെ ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഉപയോക്താക്കളുടെ സ്വകാര്യത അപകടത്തിലാക്കുന്നുവെന്ന് ഗൂഗിൾ
ഇന്ത്യയിൽ ആൻഡ്രോയിഡ് ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും തകർക്കുന്ന നടപടികളാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടേതെന്ന (സി.സി.ഐ) വാദവുമായി ഗൂഗിൾ സുപ്രീം കോടതിയിൽ. സി.സി.ഐയുടെ ഉത്തരവുകളെയാണ് ഗൂഗിൾ ചോദ്യം ചെയ്യുന്നത്. ഉത്തരവുകൾ ഇന്ത്യയിൽ ആൻഡ്രോയിഡ് ഇക്കോസിസ്റ്റത്തിന്റെ വളർച്ച സ്തംഭിപ്പിക്കുമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആൻഡ്രോയിഡിലെ മേധാവിത്വം ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിൽ സി.സി.ഐ ഗൂഗിളിന് 161 ദശലക്ഷം ഡോളർ പിഴ ചുമത്തിയിരുന്നു.
ലിംഗ അടിസ്ഥാനത്തിൽ കൗമാരക്കാരെ ലക്ഷ്യമിടാൻ അനുവദിക്കില്ല
ലിംഗഭേദം അടിസ്ഥാനമാക്കി കൗമാരക്കാരെ ടാർഗറ്റ് ചെയ്യുന്നതിൽ നിന്ന് പരസ്യ ദാതാക്കളെ തടയാനൊരുങ്ങി മെറ്റാ. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പരസ്യ ദാതാക്കൾക്ക് കൗമാരക്കാരിലേക്ക് എത്താനുള്ള ഓപ്ഷനിൽ ലിംഗഭേദം നീക്കം ചെയ്യുമെന്ന് മെറ്റാ അറിയിച്ചു. ഇൻ ആപ് പ്രവർത്തനത്തെ അടിസ്ഥാനമാക്കി കൗമാരക്കാരെ ടാർഗറ്റ് ചെയ്യാൻ പരസ്യ ദാതാക്കളെ അനുവദിക്കില്ല. പ്രായവും സ്ഥലവും മാത്രമായിരിക്കും കൗമാരക്കാരെ പരസ്യങ്ങൾ കാണിക്കാൻ ഉപയോഗിക്കുന്ന വിവരങ്ങളെന്ന് കമ്പനി വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






