Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിനെ വിമര്‍ശിക്കാന്‍ ഹോളോകോസ്റ്റ്; ബ്രിട്ടീഷ് എം.പി കുടുങ്ങി

ലണ്ടന്‍-കോവിഡിനെതിരായ വാക്‌സിനുകളെ ഹോളോകോസ്റ്റുമായി താരതമ്യം ചെയ്തതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ  കണ്‍സര്‍വേറ്റീവ് പാര്‍ട്ടി  പാര്‍ലമെന്ററി ബ്ലോക്കില്‍നിന്ന് ഒരു ജനപ്രതിനിധിയെ പുറത്താക്കി.
ആന്‍ഡ്രൂ ബ്രിഡ്ജനെതിരെയാണ് ഭരണകക്ഷിയുടെ നടപടി.  ഇദ്ദേഹം പരിധി വിട്ടുവെന്നും വലിയ അപരാധമാണ് ചെയ്തതെന്നും കണ്‍സര്‍വേറ്റീവുകളുടെ ചീഫ് വിപ്പ് സൈമണ്‍ ഹാര്‍ട്ട് പറഞ്ഞു. വാക്‌സിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ അപകടമുണ്ടാക്കുകയും ജീവന്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നതാണ്. ഔപചാരികമായ അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ  ആന്‍ഡ്രൂ ബ്രിഡ്ജനെ ഉടന്‍ പ്രാബല്യത്തോടെ പുറത്താക്കുകയാണെന്ന് പാര്‍ട്ടി അച്ചടക്ക മേധാവി പറഞ്ഞു.
കോവിഡ് വാക്‌സിനുകളുടെ ദീര്‍ഘകാല വിമര്‍ശകനാണ് ബ്രിഡ്ജന്‍. കോവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള ലേഖനത്തിലേക്കുള്ള ലിങ്ക് ബുധനാഴ്ച  ബ്രിഡ്ജന്‍ ട്വീറ്റ് ചെയ്തിരുന്നു. ഒരു കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് പറഞ്ഞതുപോലെ, ഹോളോകോസ്റ്റിന് ശേഷം മനുഷ്യരാശിക്കെതിരായ ഏറ്റവും വലിയ കുറ്റകൃത്യമാണിതെന്നാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
യഹൂദ വിരുദ്ധമായി കണക്കാക്കുന്ന ഹോളോകോസ്റ്റ് പ്രയോഗത്തില്‍ ബ്രിഡ്ജന്‍ പിന്നീട് ക്ഷമാപണം നടത്തി. ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് തീര്‍ത്തും അസ്വീകാര്യമാണെന്ന് പാര്‍ലമെന്റില്‍ സംസാരിച്ച പ്രധാനമന്ത്രി സുനക് പറയുകയും ചെയ്തു.
ഹോളോകോസ്റ്റിനെ ഒരു റഫറന്‍സായി ഉപയോഗിച്ചത് ബോധപൂര്‍വമല്ലെന്നും അതില്‍   ക്ഷമ ചോദിക്കുന്നുവെന്നും ആക്ഷേപകരമായ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും  ബ്രിഡ്ജന്‍ പറഞ്ഞു. എന്നിരുന്നാലും, വാക്‌സിനുമായി ബന്ധപ്പെട്ട സാധുവായ ആശങ്കകളില്‍ നിന്ന് വ്യതിചലിക്കാന്‍ വിവാദത്തെ ഉപയോഗിക്കരുതെന്നും  ട്വീറ്റ് ചെയ്ത ലേഖനം ഒരു ജൂത ഇസ്രായേലി ഗവേഷകന്റെതാണെന്നും അദ്ദേഹം പറഞ്ഞു.  
2021 ല്‍ വാക്‌സിനുകള്‍ അതിവേഗം പുറത്തിറക്കാന്‍ കഴിഞ്ഞത് പ്രധാന നേട്ടങ്ങളിലൊന്നായാണ് സുനക്കിന്റെ പാര്‍ട്ടി കണക്കാക്കുന്നത്.  വാക്‌സിന്‍ മഹാമാരി സമയത്ത് എണ്ണമറ്റ ജീവന്‍ രക്ഷിച്ചതായും ലോക്ക്ഡൗണ്‍ വേഗത്തില്‍ അവസാനിപ്പിക്കാന്‍ രാജ്യത്തെ അനുവദിച്ചതായും അവര്‍ അവകാശപ്പെടുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News