മലപ്പുറം-കാലിക്കറ്റ് സർവകലാശാലയിൽ അന്താരാഷ്ട്ര അറബിക് സെമിനാറിന് തുടക്കമായി. സർവകലാശാലയിലെ അറബിക് പഠന വിഭാഗവും ഫാറൂഖ് കോളേജിലെ അറബിക് പഠന വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വിനിമയങ്ങളിലൂടെ ഇന്തോ-അറബ് സൗഹൃദം കൂടുതൽ വളരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ എഴുത്തുകാരിയും പ്രസാധകയുമായ ഡോ. മറിയം ശിനാസി മുഖ്യ പ്രഭാഷണം നടത്തി. അറബി വിഭാഗം മേധാവി പ്രൊഫ. എ.ബി. മൊയ്തീൻ കുട്ടി അധ്യക്ഷനായിരുന്നു. ഫാത്തിമ അൽ മസ്റൂയി. (യു.എ.ഇ.), ഡോ. ഖാലിദ് അൽ കിന്ദി, ഡോ. നാസർ അൽ ഹസനി (ഒമാൻ), സാലിം അൽ റുമൈദി (കുവൈത്ത്), ഡോ. ഫാത്തിമ അൽ മുഖൈനി, ഡോ. ഹദിയ മൈക്കി (ഒമാൻ) തുടങ്ങിയവർ വിവിധ സെഷനുകളിൽ വിഷയാവതരണവതരണം നടത്തി. സിൻഡിക്കേറ്റംഗം ഡോ. എം. മനോഹരൻ, ഭാഷ ഫാക്കൽറ്റി മുൻ ഡീൻ ഡോ. കെ.കെ. ഗീതാകുമാരി, ഇംഗ്ലീഷ് വിഭാഗം വകുപ്പ് മേധാവി ഡോ. എം.എ. സാജിത, ഫാറൂഖ് കോളേജ് അറബി വിഭാഗം മേധാവി ഡോ. യൂനുസ് സാലിം തുടങ്ങിയവർ പ്രസംഗിച്ചു.
യൂനിവേഴ്സിറ്റി സംസ്കൃത വിഭാഗം മുൻ മേധാവി ഡോ. കെ.കെ.ഗീതാ കുമാരി വിവർത്തനം ചെയ്ത 'മുദക്കി റാത്തുൽ ഫാരിസ അറബിയ്യ' എന്ന അറബി പുസ്തകത്തിന്റെ സംസ്കൃത പരിഭാഷ ('ഒരു അറബി അശ്വാഭ്യാസിയുടെ ഓർമക്കുറിപ്പുകൾ'.), പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.ടി. ഖാലിദിന്റെ ചെറുകഥ വിവർത്തന സമാഹാരം 'വിലാപങ്ങളുടെ വീട്' എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു. അറബി ഭാഷ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വാർത്ത വായന മത്സരത്തിൽ വിജയികളായ ഷഹിൻഷ മൊല്ല, ടി. മുഹമ്മദ് ഷക്കീബ്, കെ. മുഹമ്മദ് നബീൽ, മുഹമ്മദ് റൂഹുൽ അമീൻ എന്നിവർക്കുള്ള സമ്മാന ദാനവും യു.ജി.സി. നെറ്റ് ജെ.ആർ.എഫ് വിജയിയായ ജാസിയ മാജിക്കുള്ള അവാർഡ് വിതരണവും നടന്നു. ഡോ. ടി.എ. അബ്ദുൽ മജീദ് സ്വാഗതവും ഡോ. കെ.പി. അബ്ബാസ് നന്ദിയും പറഞ്ഞു. വിവിധ ഇനങ്ങളിലുള്ള സാഹിത്യ, അക്കാദമിക അറബി പുസ്തകങ്ങളുടെ പ്രദർശനവും ചടങ്ങിനോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. നാല് ദിവസങ്ങളിലായി ഇന്ത്യക്കകത്തും പുറത്തു നിന്നുമുള്ള അമ്പതോളം പേർ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.






