ആദ്യമായി കണ്ണാടി കാണുന്ന കുഞ്ഞ് അതിശയത്തോടെ നോക്കുന്നു. ആ തെളിയുന്നത് തന്റെ തന്നെ മുഖമാണെന്ന് അവനറിയുന്നില്ല. വേറൊരു കുട്ടിയാണെന്നു കരുതി കളിപ്പാട്ടമെടുത്തു കൊടുക്കുന്നു. ചിരിക്കുന്നു. ശബ്ദമുയർത്തുന്നു. പിടിക്കാൻ നോക്കുന്നു. അതെല്ലാം തിരിച്ചും ചെയ്യുന്നതു കാണുമ്പോൾ കൗതുകം പിന്നെയുമേറുന്നു.
സ്വന്തം മുഖമാണ് കണ്ണാടിയിൽ തെളിയുന്നതെന്ന സത്യമറിയാൻ കുഞ്ഞിന് പിന്നെയും കുറേ കാലങ്ങൾ വേണ്ടിവരും. എത്രകാലം കഴിഞ്ഞിട്ടും അത് തിരിച്ചറിയുന്നില്ലെങ്കിലോ? ബുദ്ധിവളർച്ചയിൽ അവൻ പ്രയാസം നേരിടുന്നുവെന്നാണല്ലോ അതിനർത്ഥം.
ജീവിതത്തിൽ സംഭവിക്കുന്ന ഇടർച്ചകളും ആന്തരികമായൊരു വളർച്ചക്കുറവിന്റെ അടയാളമാണ്. നിമിഷരസങ്ങളിൽ ഭ്രമിക്കുകയും ശരീരകൗതുകങ്ങളിൽ തൂങ്ങിക്കിടക്കുകയും ചെയ്യുമ്പോൾ നമ്മളിലെ ആ പഴയ കുട്ടി ഒട്ടും മുതിരാതെ നിൽക്കുകയാണ്. മനുഷ്യശരീരത്തിൽ തലച്ചോറാണ് ഏറ്റവും മുകളിൽ. ബുദ്ധിയും വിവേചനശേഷിയും അറിവും ആദർശങ്ങളും അവിടെയാണ്. മുകളിലുള്ള തലച്ചോറുകൊണ്ട് താഴെയുള്ളതെല്ലാം നിയന്ത്രിക്കപ്പെടണം. ആയുസ്സിലെ ഓരോ ചുവടിലും ഉള്ളിലെ നമ്മളും ചുവടുവെക്കണം. ഓരോ ഘട്ടങ്ങളായി ചിട്ടപ്പെടുത്തിയ ഈ ജീവിതാവസ്ഥയെക്കുറിച്ച് ഖുർആൻ എൺപത്തിനാലാം അധ്യായത്തിൽ,സൂര്യശോഭയേയും രാത്രിയേയും പൂർണചന്ദ്രനേയും സത്യം ചെയ്ത് പറഞ്ഞുതരുന്നുണ്ട്. ഇന്ദിയങ്ങളും മനസ്സിന്റെ സഞ്ചാരവും ആ പഴയ കുട്ടിയുടേതാകാതെ നോക്കുന്നതിന്റെ പേരാണ് ഭക്തി.
വീടിന്റെ അഞ്ച് വാതിലുകൾ പോലെയാണ് മനുഷ്യനിൽ അഞ്ച് ഇന്ദ്രിയങ്ങൾ. ആ വാതിലുകളിലൂടെ മനസ്സ് സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഒരു തോട്ടത്തിലിറങ്ങി ഇഷ്ടമുള്ള ഫലങ്ങളെല്ലാം അനുമതി ചോദിക്കാതെ കൊത്തിത്തിന്നുന്ന കിളികളെപ്പോലെയാണവ. ഇന്ദിയങ്ങളഞ്ചും മനസ്സും നിയന്ത്രിക്കപ്പെട്ടില്ലെങ്കിൽ പഴങ്ങൾ തിന്നതിനെല്ലാം ഉത്തരം പറയേണ്ടതും ദുരിതമേൽക്കേണ്ടതും നമ്മളായിരിക്കും. നിരന്തരം കൊത്തുപണികൾ ആവശ്യമുണ്ട് ജീവിതത്തിന്. നമ്മുടെ അകത്തുനിന്ന് പുതിയൊരു നമ്മളെ വിരിയിച്ചെടുക്കണം.
കടുപ്പമേറിയ കല്ലിൽനിന്ന് ഭംഗിയുള്ളൊരു മരത്തിന്റെ രൂപമുണ്ടാക്കിയ ശിൽപ്പിയോട് ആരോ ചോദിച്ചു; 'എങ്ങനെയാണ് അത്രയും കട്ടിയുള്ള കല്ലിൽനിന്ന് ശിൽപ്പം മെനഞ്ഞത്?'. ശിൽപ്പി രഹസ്യം വെളിപ്പെടുത്തി; 'അത് വളരെ നിസ്സാരം. കല്ലിനകത്ത് ആ ശിൽപം നേരത്തേയുണ്ട്. ആവശ്യമില്ലാത്തത് ചെത്തിക്കളയുക മാത്രേ ഞാൻ ചെയ്തുള്ളൂ. അപ്പോൾ ശിൽപ്പം പുറത്തുവന്നു !'