Sorry, you need to enable JavaScript to visit this website.

ഷവർമ കടകൾ മാത്രം പരിശോധിച്ചാൽ മതിയോ; മായം ഭക്ഷിക്കുന്ന മലയാളി

ഷവർമ കടകൾ മാത്രം പരിശോധിച്ചതുകൊണ്ടായില്ല. പരിശോധന രാവും പകലും വേണം. തിരക്കേറിയ വൻകിട ഹോട്ടലുകളിലെ സ്‌റ്റോർ മുറിയിലെ അച്ചാർ മുതൽ പലതിലും കുഴപ്പം പിടിച്ചതുണ്ടാവും. കൂറ്റൻ മാളുകളിലെ ഭോജനശാലകളും പരിശോധനയുടെ പരിധിയിൽ വരണം.

 

രണ്ടാഴ്ച മുമ്പാണ്. വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം എക്‌സ്പ്രസ് കോഴിക്കോട്ടെത്തിയ സമയം. പ്ലാറ്റ്‌ഫോം വണ്ണിന്റെ തെക്കേ അറ്റത്ത് കുറെ വെളുത്ത പെട്ടികൾ. അമ്പതെണ്ണമെങ്കിലും കാണും. തെർമോകോൾ കവറിംഗുള്ള ബോക്‌സുകൾ നിരനിരയായി നിൽക്കുന്നു. ഇപ്പോൾ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന പഴയ കണ്ണൂർ എക്‌സ്പ്രസിൽ നിന്ന് ഇറക്കിയതല്ലെന്നുറപ്പ്. അവിടെ കണ്ട റെയിൽവേ പോർട്ടർമാരോട് അന്വേഷിച്ചപ്പോൾ കാര്യം വ്യക്തമായി. തൊട്ടു മുമ്പൊരു ഗുജറാത്ത് ട്രെയിൻ കൊച്ചുവേളിയിലേക്ക് ലെയ്റ്റായി കടന്നു പോയിരുന്നു. ഗുജറാത്തിൽ നിന്ന് മൂന്ന് ദിവസം മുമ്പ് പുറപ്പെട്ട വെരാവൽ -കൊച്ചുവേളി എക്‌സ്പ്രസ്. ഇതിൽ നിന്നിറക്കിയ മീൻ പെട്ടികളാണ് സ്റ്റേഷനിൽ ഇറക്കിയിരിക്കുന്നത്.

ചെന്നൈക്കടുത്തുള്ള കടലൂർ, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുള്ള മീൻ പണ്ടേ മലബാർ തീരങ്ങളിലേക്ക് ട്രെയിനുകളിൽ എത്തിക്കാറുണ്ടായിരുന്നു. ഏതാനും മണിക്കൂറുകൾ യാത്ര ചെയ്യേണ്ട കാര്യമല്ലേയുള്ളൂ. വെരാവൽ അത്ര മോശം സ്ഥലമൊന്നുമല്ല. ഇന്ത്യയുടെ മത്സ്യബന്ധന തലസ്ഥാനമാണ് ഗുജറാത്തിലെ ജുനാഗഢ് ജില്ലയിലെ ഈ തുറമുഖം. ഇവിടെ നിന്നാണ് അമേരിക്ക, യൂറോപ്പ്, ഗൾഫ് രാജ്യങ്ങൾ, ജപ്പാൻ, കിഴക്കനേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം സമുദ്ര വിഭവങ്ങൾ കയറ്റുമതി ചെയ്യുന്നത്. വിമാനത്തിൽ ആളുകൾ ജിദ്ദയിലേക്ക് പറന്ന് ഹജിന് പുറപ്പെടുന്നതിന് മുമ്പ് വെരാവൽ തുറമുഖത്തു നിന്ന് കപ്പലിലാണ് ഇന്ത്യയിൽ നിന്നുള്ള ഹജ് തീർഥാടകരുടെ യാത്ര ആരംഭിച്ചിരുന്നത്. പിൽക്കാലത്ത് സൂറത്ത് നഗരത്തിന് പ്രാധാന്യമേറുകയും വിമാനങ്ങളിൽ മക്കയിലേക്ക് പുറപ്പെടുക എന്ന സ്ഥിതി വന്നതോടെയുമാണ് വെരാവൽ മീൻ തലസ്ഥാനമെന്ന നിലയിലേക്ക് മാത്രം ചുരുങ്ങിയത്. ഗുജറാത്തിലെ പട്ടണമാണെങ്കിലും മലയാളികളുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യവ്യാപാര ഇടനലിക്കാരെ ഇവിടെ കാണാനാവും. ഇതൊന്നുമല്ല വിഷയം. പിടിച്ചതിന് ശേഷം അഞ്ചോ നാലോ ദിവസം പിന്നിട്ട മത്സ്യങ്ങളാണ് കോഴിക്കോട് സ്‌റ്റേഷനിലെ വെള്ള പെട്ടികളിലുള്ളത്. രാത്രി ഇവനെ ഒന്നും ചെയ്യാൻ സാധ്യതയില്ല. പുലർച്ചയ്ക്ക് സജീവമാവുന്ന കോഴിക്കോട്ടെ ഹോൾ സെയിൽ മാർക്കറ്റിലെത്തുന്നതിന് മുമ്പ് ഒരു രാവ് കൂടി ബോക്‌സിൽ കഴിയും. ഇതിലുള്ള മീനുകളായിരിക്കും ചുരം കയറി കൽപറ്റയിലും മാനന്തവാടിയിലും വരെ എത്തുക. തീര ദേശങ്ങളിലെ പട്ടണങ്ങളിൽ പിറ്റേ ദിവസം രാവിലെ കച്ചവടം നടക്കുമായിരിക്കും. എന്നാലും നമ്മുടെ തീൻമേശകളിലെത്തുന്നതിന് മുമ്പ് ഏകദേശം ഒരാഴ്ച പുറത്ത് കഴിഞ്ഞുവെന്നർഥം. കേരള തീരങ്ങളിൽ ഇത്രയേറെ മത്സ്യം പിടിക്കുന്ന സീസണിലും കൊങ്കൺ പാത താണ്ടി ഗുജറാത്തിലെ അതിഥികൾ ഇവിടെ എത്തുന്നതിന് പിന്നിൽ വാണിജ്യ താൽപര്യങ്ങൾ പലതുമുണ്ടാവാം. മലബാറിലെ പട്ടണങ്ങളിൽ മുന്നൂറിനും നാന്നൂറിനും ഓരോ കിലോഗ്രാം വിൽക്കുന്ന മത്സ്യം വെരാവലിൽ നൂറിനും നൂറ്റമ്പതിനും ലഭിച്ചാൽ ഇടനിലക്കാരെല്ലാം കോളടിക്കും തീർച്ച. ഇത്രയും ദിവസം മീൻ കേടാവാതെ സൂക്ഷിക്കാനുള്ള സംവിധാനമൊന്നും ആ പെട്ടിയിലുണ്ടാവില്ലെന്നുറപ്പ്. മാരകമായ രാസവസ്തുക്കൾ പ്രയോഗിച്ചിരിക്കാനുള്ള സാധ്യത ഏറെയുമാണ്. പിറ്റേ ദിവസം മാർക്കറ്റിലെത്തുമ്പോൾ മിന്നിത്തിളങ്ങി ഉപഭോക്താവിനെ ആകർഷിക്കാൻ വേറെയും പ്രയോഗം നടത്തിയിരിക്കും ഷുവർ. പഴയ കാലത്തെ ഫ്രഷ് മീനിന്റെ രുചി ഇപ്പോൾ ലഭിക്കാത്തതിന് കാരണം വേറെ അന്വേഷിക്കേണ്ടതില്ല. ഇതൊക്കെ പരിശോധിക്കാൻ കേരളത്തിൽ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരില്ലേ? ഓപറേഷൻ ഷവർമ അരങ്ങ് തകർക്കുകയാണല്ലോ ഇപ്പോൾ. 


മലയാളികൾ നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണി ഭക്ഷണത്തിലെ മായമാണെന്നതിൽ സംശയമില്ല. പച്ചക്കറിയിലും മാംസത്തിലും മത്സ്യത്തിലുമൊക്കെ വലിയ തോതിൽ മായം അടങ്ങിയിട്ടുണ്ട്. മലയാളികൾക്ക് വലിയ ശീലമില്ലാത്ത പല രോഗങ്ങൾക്കും അടിസ്ഥാനം ഭക്ഷണ ശീലങ്ങളിൽ വന്ന മാറ്റമാണെന്നാണ് വിദഗ്ധർ പറയുന്നത്. മലബാറിന്റെ ആസ്ഥാന നഗരമായ കോഴിക്കോട്ട് അർബുദ ചികിത്സക്ക് മാത്രം വൻകിട ആശുപത്രി ഇപ്പോഴുണ്ട്. ഈ നൂറ്റാണ്ട് തുടങ്ങുന്നതിന് മുമ്പ് മെഡിക്കൽ കോേളജുകളിലെ രണ്ടു വാർഡുകളിലായിരുന്നു ഇതിനുള്ള ചികിത്സ. 
കേരളത്തിൽ മൂന്നു ദിവസമായി നടന്ന റെയ്ഡുകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന കുറെ കടകളും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയുടെ ചൂട് രണ്ടു മൂന്ന് ദിവസം കൂടി കാണും.  അങ്ങനെയാണല്ലോ അനുഭവം. ഇതെല്ലാം നോക്കാൻ മാത്രമുണ്ടാക്കിയ  ഭക്ഷ്യസുരക്ഷ വകുപ്പ് കളംനിറഞ്ഞു നിൽക്കുകയാണിപ്പോൾ. 
എവിടെയെങ്കിലും ഭക്ഷ്യ വിഷബാധയുണ്ടാകുമ്പോഴാണ് ഈ വകുപ്പിന്റെ പേര് കേൾക്കാറുള്ളത്.  ഭക്ഷണശാലകൾ അങ്ങേയറ്റം വൃത്തിയോടെയിരിക്കേണ്ടത് പൊതുജനാരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്. പരിശോധനക്ക് ആരും എത്തില്ലെന്ന് അറിയാവുന്നതിനാലാണ് പലരും അതിരുവിട്ട കാര്യങ്ങൾക്ക് മുതിരുന്നത്. കൃത്യമായ ഇടവേളകളിൽ പരിശോധന ഉറപ്പാക്കിയാൽ നല്ല തോതിൽ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കാൻ ഉടമകൾ തയാറാകും. ഇന്നു ബാക്കി വരുന്ന ഫിഷ് ഫ്രൈ നാളത്തെ ഫിഷ് മോളിയാവാതിരിക്കാൻ 24 മണിക്കൂറും കണ്ണും തുറന്നിരിക്കുന്ന ഉദ്യോഗസ്ഥ സംവിധാനം വേണം. 
കേരളത്തിലെ തെരുവോരങ്ങളിൽ ഭോജനശാലകൾ സജീവമാവുന്നത് രാത്രികാലങ്ങളിലാണ്. പലേടത്തും തകർപ്പൻ കച്ചവടം നടക്കുന്നത് നേരം വെളുക്കുന്നത് വരെയുള്ള സമയങ്ങളിലാണ്. എന്നാൽ പരിശോധനയുടെ മറവിൽ തട്ടുകടകളെ ഉപദ്രവിക്കാനും പാടില്ല. തട്ടുദോശയും സാമ്പാറും ചുരുങ്ങിയ വിലയ്ക്ക് സാധാരണക്കാർക്ക് നൽകുന്ന ഇവർ ചെയ്യുന്ന സേവനം വാസ്തവത്തിൽ ആദരിക്കപ്പെടേണ്ടതാണ്. നമ്മുടെ കൺമുന്നിൽ തയാറാക്കുന്ന മാവ് കലക്കിയാണ് കൊച്ചുകൊച്ചു ദോശകൾ പിറന്നു വീഴുന്നത്. 


വാടകയും കരന്റ് ബില്ലുമൊന്നുമില്ലാത്തതിന്റെ ആനുകൂല്യം ഇടപാടുകാർക്ക് ലഭിക്കുകയും ചെയ്യുന്നു. 
ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വ്യാപക റെയ്ഡ് നടക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സായിരുന്ന രശ്മി രാജ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതാണ് ഇതിനു നിമിത്തമായത്. മുപ്പത്തിമൂന്നുകാരിയായ രശ്മി കോട്ടയത്തെ ഭക്ഷണ ശാലയിൽനിന്ന് അൽഫാം ഓർഡർ ചെയ്ത് കഴിച്ചതോടെയാണ് രോഗബാധിതയായതും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരണമടഞ്ഞതും. എന്തൊക്കെ ന്യൂനതകളുണ്ടെന്ന് പറഞ്ഞാലും  കേരളത്തിലെ പുതിയ തലമുറയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷ്യ വിഭവങ്ങൾ മന്തിയും ഷവർമയും മറ്റുമാണ്. കോഴി ബ്രോസ്റ്റിന്റെ ഇമിറ്റേഷനും ചിലേടങ്ങളിൽ ലഭ്യമാണ്. ഗൾഫ് രാജ്യങ്ങളിൽ അൽബൈക്ക് ബ്രോസ്റ്റ് കഴിച്ചവർക്ക് ഇതിനെയെടുത്ത് ദൂരെ വലിച്ചെറിയാൻ തോന്നുന്നതും സ്വാഭാവികമാണ്. 
ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധനകൾ നടത്താൻ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ഒരു പരിമിതിയാണ്. ദുരന്തങ്ങൾക്കു കാരണമാകുന്ന  ഇറച്ചിയിലെ ബാക്ടീരിയ ഉൾപ്പെടെയുള്ള സൂക്ഷ്മാണുക്കളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് മൈക്രോ ബയോളജി അടിസ്ഥാനമാക്കിയുള്ള ആധുനിക പരിശോധന അനിവാര്യമാണ്. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമുള്ള മൂന്നു റീജണൽ ലാബുകളിലേ പരിശോധന സംവിധാനങ്ങളുള്ളൂ.  
ഷവർമ കടകൾ മാത്രം പരിശോധിച്ചതുകൊണ്ടായില്ല. പരിശോധന രാവും പകലും വേണം. തിരക്കേറിയ വൻകിട ഹോട്ടലുകളിലെ സ്‌റ്റോർ മുറിയിലെ അച്ചാർ മുതൽ പലതിലും കുഴപ്പം പിടിച്ചതുണ്ടാവും. കൂറ്റൻ മാളുകളിലെ ഭോജന ശാലകളും പരിശോധനയുടെ പരിധിയിൽ വരണം. പൗരന്മാരുടെ ആരോഗ്യ സംരക്ഷണം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണല്ലോ.  

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News