ഗര്‍ഭഛിദ്രത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട്  പതിനാലുകാരി ദല്‍ഹി ഹൈക്കോടതിയില്‍ 

ന്യൂദല്‍ഹി-ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് 14 കാരി ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. 16 ആഴ്ചത്തെ ഗര്‍ഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഇന്നു  ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ ബെഞ്ചിന് മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അവിവാഹിതയാണെന്നും, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ നിന്നാണ് ഗര്‍ഭധാരണം ഉണ്ടായതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പോലീസില്‍ അറിയിക്കാതെ അഭിഭാഷകന്‍ മുഖേന പെണ്‍കുട്ടിയുടെ അമ്മയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
കുട്ടിയെ വളര്‍ത്താന്‍ മാനസികമായും ശാരീരികമായും തയ്യാറാകാത്തതിനാല്‍ ഗര്‍ഭം തുടരാന്‍ ആഗ്രഹിക്കുന്നില്ല. ഗര്‍ഭാവസ്ഥ തുടരുന്നത് ശാരീരികവും മാനസികവുമായി തളര്‍ത്തും. ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേകിച്ച് എയിംസില്‍ ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലെ ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങള്‍, രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ എന്നിവര്‍ക്ക് സര്‍ക്കുലര്‍/വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News