ശമ്പളം ലഭിച്ചില്ല, കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങി മരിച്ചു. നെടുമങ്ങാട് ആര്യനാട് കാരക്കന്‍ തോട് തോണിപ്പാറ അഭിജിത്ത് ഭവനില്‍ ജി. സജികുമാര്‍ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. വര്‍ഷങ്ങളോളം ആര്യനാട് ഡിപ്പോയിലെ ഡ്രൈവര്‍ ആയിരിക്കെ ഈ അടുത്തകാലത്തായി സിറ്റി ഡിപ്പോയിലേക്ക് സ്ഥലം മാറിയിരുന്നു. ശബരിമല സീസണില്‍ സിറ്റി ഡിപ്പോയില്‍ നിന്നും സജികുമാറിനെ അയച്ചിരുന്നു. ഡ്യൂട്ടി കുറവായത് കാരണം കഴിഞ്ഞമാസം അദ്ദേഹത്തിന് ശമ്പളം നല്‍കിയിരുന്നില്ല.
ശമ്പളത്തിന് വേണ്ടി നിരവധി തവണ സജികുമാര്‍ കെ എസ് ആര്‍ ടി സി അധികൃതരുടെ മുന്നില്‍ അപേക്ഷയുമായി എത്തിയതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. സഹപ്രവര്‍ത്തകരായ ഡ്രൈവര്‍മാരില്‍ നിന്നും കണ്ടക്ടര്‍മാരില്‍ നിന്നും കടംവാങ്ങിയാണ് സജികുമാര്‍ ജീവിത ചെലവുകള്‍ നടത്തിയിരുന്നത്. പത്താം തീയതി ആയിട്ടും ശമ്പളം ലഭിക്കാത്തത് മൂലം സജികുമാര്‍ വളരെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. തൊഴിലാളികളില്‍ നിന്നും പിരിച്ചെടുക്കുന്ന എല്‍ഐസി തുക, ലോണ്‍ തുക, എന്‍ പി എസിന്റെ തുക എന്നിവയൊന്നും തന്നെ കഴിഞ്ഞ ഒന്നര വര്‍ഷമായി കെഎസ്ആര്‍ടിസി അടയ്ക്കുന്നില്ല. സിറ്റി ഡിപ്പോയിലെ ഡ്രൈവര്‍ ആയിരുന്നിട്ടും ആര്യനാട് ഡിപ്പോയില്‍ ഒഴിവ് വരുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ജോലിക്ക് കയറിയിരുന്നു. ചന്ദ്രികയാണ് ഭാര്യ. അഭിജിത്ത് ലാല്‍, ലക്ഷ്മി എന്നിവര്‍ മക്കളാണ്.

Latest News