Sorry, you need to enable JavaScript to visit this website.

മദീനയില്‍ ഏതാനും തൊഴില്‍ മേഖലകളില്‍ സൗദിവല്‍ക്കരണം

മദീന - മദീന പ്രവിശ്യയില്‍ ദുല്‍ഹജ് 20 മുതല്‍ ഏതാനും തൊഴില്‍ മേഖലകളില്‍ 40 ശതമാനം മുതല്‍ 100 ശതമാനം വരെ സൗദിവല്‍ക്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമ ഗൈഡ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. റെസ്റ്റോറന്റുകള്‍, ആഘോഷ പരിപാടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് എത്തിക്കുന്ന ഹോട്ടലുകള്‍, ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍, ജ്യൂസ് കടകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു ഷിഫ്റ്റില്‍ നാലും അതില്‍ കൂടുതലും ജീവനക്കാരുള്ള പക്ഷം 40 ശതമാനം സൗദിവല്‍ക്കരണമാണ് പാലിക്കേണ്ടത്. കോഫി ഷോപ്പുകളിലെ സപ്ലയര്‍മാര്‍, ഐസ്‌ക്രീം കടകള്‍, ഷോപ്പിംഗ് സെന്ററുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഒരു ഷിഫ്റ്റില്‍ രണ്ടും അതില്‍ കൂടുതലും ജീവനക്കാരുള്ള പക്ഷം 50 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കണം.
ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വില്‍ക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ ഒരു ഷിഫ്റ്റില്‍ മൂന്നില്‍ കുറവ് ജീവനക്കാരാണുള്ളതെങ്കിലും 50 ശതമാനം സൗദിവല്‍ക്കരണം പാലിക്കണം. ശുചീകരണ തൊഴിലാളികളെയും കയറ്റിറക്ക് തൊഴിലാളികളെയും സൗദിവല്‍ക്കരണ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കഫ്റ്റീരിയ, കാറ്ററിംഗ്, ഫാക്ടറികളിലെയും ലൈബ്രറികളിലെയും ആശുപത്രികളിലെയും സ്‌കൂളുകളിലെയും കാന്റീനുകളും കഫ്റ്റീരിയകളും, ഹോട്ടലുകള്‍ക്കും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ക്കും ഹോട്ടല്‍ വില്ലകള്‍ക്കുമകത്ത് പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും എന്നിവയെ കോഫിഷോപ്പ്, റെസ്റ്റോറന്റ് സൗദിവല്‍ക്കരണ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെയില്‍സ്മാന്‍, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ് മേഖലയില്‍ 40 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കണം.
ക്യാഷ് കൗണ്ടര്‍ മേഖലയില്‍ 100 ശതമാനം സൗദിവല്‍ക്കരണമാണ് പാലിക്കേണ്ടത്. കാര്‍ വര്‍ക്ക്‌ഷോപ്പ്, പെട്രോള്‍ ബങ്ക്, പാചക വാതക വില്‍പന കേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, എല്ലായിനത്തിലും പെട്ട വര്‍ക്ക്‌ഷോപ്പുകള്‍, ചെടികളും മറ്റും വില്‍പന നടത്തുന്ന നഴ്‌സറികള്‍ എന്നിവിടങ്ങളിലെ ക്യാഷ് കൗണ്ടര്‍ ജോലിയെ 100 ശതമാനം സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 300 ചതുരശ്രമീറ്ററില്‍ കുറവ് വിസ്തൃതിയുള്ള വ്യാപാര സ്ഥാപനങ്ങളിലെ ക്യാഷ് കൗണ്ടര്‍ ജോലിയെയും സമ്പൂര്‍ണ സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മദീന പ്രവിശ്യയിലെ ചില തൊഴില്‍ മേഖലകളില്‍ 40 മുതല്‍ 100 ശതമാനം വരെ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തരുമാനം പാലിക്കാന്‍ 180 ദിവസത്തെ സാവകാശം മന്ത്രാലയം അനുവദിച്ചിട്ടുണ്ട്. ഇത് ദുല്‍ഹജ് 20 ന് അവസാനിക്കും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Tags

Latest News