Sorry, you need to enable JavaScript to visit this website.

കേരളത്തിൽ ഒരു താമരയെങ്കിലും വിരിയണം; ആറു മണ്ഡലങ്ങളിലേക്ക് മൂന്ന് കേന്ദ്രമന്ത്രിമാർക്ക് ചുമതല

- കേന്ദ്രമന്ത്രിമാർ മാസം നാല് ദിവസമെങ്കിലും ചുമതല നല്കിയ മണ്ഡലങ്ങളിൽ ഉണ്ടാവണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം

കോഴിക്കോട് / ന്യൂദൽഹി - അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമര വിരിയിക്കാൻ ഊർജിത ശ്രമങ്ങളുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. കേരളത്തിലെ പാർട്ടിക്ക് പ്രതീക്ഷയുള്ള ആറു ലോക്‌സഭാ മണ്ഡലങ്ങളിലേക്കായി മൂന്ന് കേന്ദ്രമന്ത്രിമാർക്ക്  ചുമതല നൽകിയാണ് ബി.ജെ.പി പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്. 
 കേന്ദ്രമന്ത്രി എസ് ജയശങ്കറിനാണ് തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന്റെ ചുമതല. കേന്ദ്രമന്ത്രി ശോഭ കരന്തജെക്ക് ആറ്റിങ്ങൽ, പത്തനംതിട്ട മണ്ഡലങ്ങളുടെ ചുമതല നൽകിയപ്പോൾ കേന്ദ്രമന്ത്രി ഭഗവന്ത കുബ്ബെക്ക് മാവേലിക്കര, തൃശൂർ, പാലക്കാട് മണ്ഡലങ്ങളുടെ ചുമതല നൽകി. മന്ത്രിമാർ മാസത്തിൽ നാലു ദിവസമെങ്കിലും ചുമതല നല്കിയ മണ്ഡലങ്ങളിൽ ഉണ്ടാവണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. 
  20 ലോക്‌സഭ സീറ്റുകളിലും ശ്രദ്ധ കൊടുക്കാനും താഴെ തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനുമാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത കേന്ദ്ര മന്ത്രിസഭ പുന:സംഘടനയിൽ നടൻ സുരേഷ് ഗോപിയെ പരിഗണിച്ചേക്കാമെന്നും സൂചനകളുണ്ട്. ഏപ്രിൽ വരെ രാജ്യസഭാംഗമായിരുന്ന സുരേഷ് ഗോപിക്കും ഇതിൽ താൽപര്യമുണ്ട്. 2019-ൽ അവസാനനിമിഷം തൃശൂരിൽ മത്സരിക്കാൻ ഇറങ്ങിയിട്ടും ശക്തമായ മത്സരം കാഴ്ചവെക്കാനായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി ഉയർത്തിയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാക്കാനാകുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷ. 
 ഒരൊറ്റ എം.എല്.എയെയോ എം.പിമാരെയോ തെരഞ്ഞെടുക്കാനായില്ലെങ്കിലും കേരളത്തിലെ പാർട്ടി നേതാക്കൾക്ക് ബി.ജെ.പി കേന്ദ്ര നേതൃത്വം വൻ പരിഗണനയാണ് നൽകുന്നത്. പ്രതീക്ഷിച്ച മുന്നേറ്റമൊന്നും ഉണ്ടാക്കാൻ സാധിക്കാതെ വരുമ്പോഴും കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും സാധ്യതകളിൽ വൻ പരുക്കുകളുണ്ടാക്കി അവരുടെ മടയിൽനിന്ന് കൂടുതൽ നേട്ടം കൊയ്യാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
  കേന്ദ്രമന്ത്രിസഭയിൽ വി മുരളീധരനെയും രാജീവ് ചന്ദ്രശേഖറെയും പരിഗണിച്ച ബി.ജെ.പി ഒളിമ്പ്യൻ പി.ടി ഉഷയെയും ഈയിടെ രാജ്യസഭാ എം.പിയാക്കി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അമരത്ത് എത്തിച്ചിരിക്കുകയാണ്. പുറമെ ഗോവയിലെയും ബംഗാളിലെയും രണ്ട് ഗവർണർമാരെയും പാർട്ടി താൽപര്യാനുസരണം നിയോഗിക്കാനും ശ്രദ്ധിച്ചു. ഒരു സീറ്റ് പോലും ഇല്ലാതിരുന്നിട്ടും കേരളത്തെ ഇത്രമാത്രം പരിഗണിച്ചതിന്റെ പ്രത്യുപകാരം കേന്ദ്ര നേതൃത്വം കാര്യമായും പ്രതീക്ഷിക്കുന്നുണ്ട്. ആ നിലയ്ക്കുള്ളൊരു സംഘടനാ പ്രവർത്തനത്തിലൂടെ വൻ ചലനമുണ്ടാക്കണമെന്നാണ് നേതൃ നിർദേശം.
 തൃശൂരിൽ ലോക്‌സഭ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തെത്തിയ സുരേഷ് ഗോപിക്ക് അടുത്ത ഊഴം കൈപ്പിടിയിലൊതുക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ. അതിന് കേന്ദ്ര മന്ത്രിപദം സഹായകരമാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, തിരുവനന്തപുരത്താണ് സുരേഷ് ഗോപി ഏറ്റവും കൂടുതൽ ചലനമുണ്ടാക്കുകയെന്നും നേൃത്വത്തിൽ അഭിപ്രായമുള്ളവരുണ്ട്. ശശി തരൂരിനെ പൂട്ടാൻ സുരേഷ് ഗോപിക്കാവുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ തൃശൂരോ, തിരുവനന്തപുരമോ എന്നതിൽ സുരേഷ് ഗോപിയുടെ താൽപര്യം പരിഗണിച്ച് ഉചിതമായ തീരുമാനം ആകാമെന്നും ഇവർ പറയുന്നു. 

Latest News