പശ്ചിമഘട്ടം സംരക്ഷിക്കാൻ ആരുമില്ല, പാലക്കാട്ട് പരിസ്ഥിതി പ്രവർത്തകൻ ജീവനൊടുക്കി

പാലക്കാട്- പശ്ചിമഘട്ടം സംരക്ഷിക്കാൻ ആരും തയ്യാറാവുന്നില്ലെന്ന് എഴുതി വെച്ച് പരിസ്ഥിതിപ്രവർത്തകൻ ജീവനൊടുക്കി. കൊഴിഞ്ഞാമ്പാറ മണൽത്തോട് അയ്യാവുചള്ള ജയപാലൻ(53) ആണ് ആത്മഹത്യ ചെയ്തത്. പശ്ചിമഘട്ടം സംരക്ഷിക്കാൻ ആരും തയ്യാറാവുന്നില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും കാണിച്ച് സുഹൃത്തുക്കൾക്ക് കത്തയച്ച ശേഷമായിരുന്നു ഇത്. ആറാം തീയ്യതി തപാലിൽ കുറിപ്പയച്ച് ശനിയാഴ്ച രാത്രിയാണ് വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ജയപാലനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 'ഗ്രീൻ ഗാർഡ്‌സ് ഓഫ് ഇന്ത്യ' എന്ന കൂട്ടായ്മയുണ്ടാക്കി കഴിഞ്ഞ അഞ്ചു വർഷത്തിലറെയായി നെല്ലിയാമ്പതി മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എല്ലാ മാസവും നെല്ലിയാമ്പതി കാട്ടിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കാറുണ്ട്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബോധവൽക്കരണ പരിപാടികളിലും സജീവമായിരുന്നു. ഭാര്യ ലത. മക്കൾ- ജയേഷ്, പൂജ. മരുമകൻ- ഹരിപ്രസാദ്.

Latest News