ബംഗളൂരു- ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികളുയർന്നതിനെത്തുടർന്ന് മൈസുരു ബിഷപ്പ് കനികദാസ് എ വില്യംസിനെയാണ് വത്തിക്കാൻ ചുമതലയിൽ നിന്ന് നീക്കി. ബംഗളുരു മുൻ ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസിനാണ് പകരം ചുമതല.
ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി നൽകണമെങ്കിൽ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും ആരോപിച്ച് ഒരു സ്ത്രീ പരാതി നൽകിയിരുന്നു. സഭാ ഫണ്ടിൽ തിരിമറി നടത്തിയെന്നത് തൊട്ട്, വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങൾ വൈദികർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ പരാതി നൽകിയ ഈ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റി.
ഇതെല്ലാം പരിഗണിച്ചാണ് വിശദമായ അന്വേഷണം നടത്തി മൂന്നരക്കൊല്ലത്തിന് ശേഷം ബിഷപ്പ് വില്യംസിനെ വത്തിക്കാൻ ചുമതലയിൽ നിന്ന് നീക്കിയത്. ബിഷപ്പിനോട് അവധിയിൽ പോകാനാണ് നിർദേശിച്ചിരിക്കുന്നത്. പകരം ചുമതലയേൽക്കുന്ന മുൻ ബംഗളുരു ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസ് മൈസുരു അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററാകും. ഇദ്ദേഹത്തിന് ഭരണപരമായും അജപാലപരവുമായ എല്ലാ ചുമതലകളും കൈമാറണമെന്നും വത്തിക്കാൻ സ്ഥാനപതി നിർദേശിച്ചിട്ടുണ്ട്.






