എയര്‍ ഇന്ത്യ വിമാനം വൈകി; കലിമൂത്ത യാത്രക്കാരന്‍ പേന കൊണ്ട് സ്വയം കുത്തിപ്പരിക്കേല്‍പ്പിച്ചു

ചെന്നൈ- മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയരാന്‍ വൈകിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ കലിപ്പു തീര്‍ക്കല്‍. വിമാനം വൈകുന്നതിനെ ചൊല്ലി ജീവനക്കാരുമായി വഴക്കിട്ട് കലിയൊടുങ്ങാത്ത 37-കാരനായ യാത്രക്കാരന്‍ ഒടുവില്‍ പേനയെടുത്ത് സ്വയം കുത്തി മുറിവേല്‍പ്പിച്ചാണ് കലിയൊടുക്കിയത്. മദ്യലഹരിയിലായിരുന്ന ഇയാളെ ഉടന്‍ തന്നെ എയര്‍പോര്‍ട്ട് പരിസരത്തെ ഒരു ആശുപത്രിയിലെത്തിച്ചു. ഇതിനിടെ മൂന്ന് മണിക്കൂര്‍ വൈകിയ വിമാനം ഇയാളെ കൂടാതെ മുംബൈയിലേക്ക് പറന്നുയരുകയും ചെയ്തു. 

ഞായറാഴ്ച പുലര്‍ച്ചെ 2.30ന് പുറപ്പെടേണ്ടിയിരുന്നു വിമാനം മൂന്ന് മണിക്കൂര്‍ വൈകിയതാണ് യാത്രക്കാരനെ ചൊടിപ്പിച്ചത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുമായി ഇതിനെ ചൊല്ലി ഏറെ നേരം വഴക്കിടുകയും ചെയ്തു. മുംബൈയില്‍ നിന്നുളള തന്റെ കണക്ഷന്‍ വിമാനം നഷ്ടമാകുമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ജീവനക്കാരോട് രോഷം പ്രകടിപ്പിച്ചത്. ഒരു ഫലവുമില്ലെന്നു കണ്ടതോടെ രോഷം മൂത്ത യാത്രക്കാരന്‍ തന്റെ കയ്യിലുണ്ടായിരുന്ന പേനയെടുത്ത് വയറിന് കുത്തുകയായിരുന്നു.
 

Latest News