ക്രിസ്റ്റ്യാനോയെ കാണാൻ ഗാനിം എത്തി, അന്നസ്‌റിന് ജയം

റിയാദ്- ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഗാനിം അൽ മുഫ്താഹ് റിയാദിലെത്തി ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. റിയാദിൽ വെള്ളിയാഴ്ച ക്രിസ്റ്റിയാനോയുടെ അന്നസ് ർ ക്ലബ്ബിന് മത്സരമുണ്ടായിരുന്നു. ഈ കളിയിൽ ക്രിസ്റ്റിയാനോ ഉണ്ടായിരുന്നില്ല. എങ്കിലും ക്ലബിലെത്തി ക്രിസ്റ്റിയാനോയുമായി ഗാനിം കൂടിക്കാഴ്ച നടത്തി. ഇരുവരും ഒന്നിച്ചിരിക്കുന്നതിന്റെ ചിത്രം ഞങ്ങളുടെ വെളിച്ചം എന്ന അടിക്കുറിപ്പോടെ അന്നസ്ർ ട്വീറ്റ് ചെയ്തു. 

ഖത്തർ ലോകകപ്പിൻറെ അംബസാഡറായ ഗാനീം അൽ മുഫ്താഹ് ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് താരം മോർഗൻ ഫ്രീമാനൊപ്പമാണ് വേദിയിൽ പ്രത്യക്ഷപ്പെട്ടത്. 
നട്ടെല്ലിൻറെ വളർച്ച ഇല്ലാതാക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് മുഫ്താഹ്. എന്നാൽ രോഗത്തോട് മല്ലിട്ട് സംരംഭകനെന്ന നിലയിലും സേഷ്യൽ ഇൻഫ്‌ലുവൻസറായും തലയുയർത്തി ലോകകപ്പ് വേദിയിലെത്തി. ലോകകപ്പ് ഫൈനൽ മത്സരത്തിലും മുഫ്താഹ് ഗ്യാലറിയിലുണ്ടായിരുന്നു. 


അതേസമയം വെള്ളിയാഴ്ച റോഷൻ സൗദി ലീഗ് ഫുട്‌ബോളിൽ അന്നസ്ർ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് അൽ തായി ക്ലബ്ബിനെ തോൽപ്പിച്ചു. ബ്രസീൽ താരം ആൻഡേഴ്‌സൺ ടലിസ്‌ക 42, 48 മിനിറ്റുകളിൽ നേടിയ ഗോളിലൂടെയാണ് ജയം. മത്സരം കാണാൻ കാണികൾ ഗ്യാലറിയിൽ നിറഞ്ഞു.  

 

Tags

Latest News