തിരുവനന്തപുരം- സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിൽ കടുത്ത മുസ്്‌ലിം വിരുദ്ധത കടന്നു കയറിയത് യാദൃശ്ചികമാണെന്ന് കരുതാനാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കുട്ടികളുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്ന ഇത്തരം പ്രവണതകൾ തുടക്കത്തിലെ തടയാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനും അവർ നിയോഗിച്ച സംഘാടകസമിതിക്കും ഉണ്ടായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. എന്നാൽ അടിമുടി സംഘപരിവാർവത്ക്കരിക്കപ്പെട്ടിരിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന്റെ ഭരണകൂടവും ആർ എസ് എസ്സിനെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണോ ഗുരുതരമായ വിദ്വേഷ പ്രചാരണം നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
തീവ്രവാദികൾ എന്നാൽ മുസ്്‌ലിം മതത്തിൽ പെട്ടവർ എന്ന രീതിയിൽ ചിത്രീകരിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി വായും തുറന്നു വേദിയിലേക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു. തീവ്രവാദത്തിനും തീവ്രവാദികൾക്കും മതവും ജാതിയും ഇല്ലെന്ന് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാൻ ഗാന്ധിവധം തൊട്ട് ഇങ്ങോട്ട് പലചരിത്ര സംഭവങ്ങളുമുണ്ട്. എന്നാൽ അത്തരം ഒരു സന്ദേശം സംഘപരിവാറിന്റെ അജണ്ടയ്ക്ക് വിരുദ്ധമായതുകൊണ്ടാകാം സംസ്ഥാന സർക്കാർ പരിഗണിക്കാതിരുന്നത്.
ബിജെപി അംഗത്വം എടുക്കാനായി ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയ സിപിഎം എംഎൽഎ വിവാദമായ ഈ സംഗീതശില്പം മുൻകൂട്ടി കണ്ടിട്ടും തടയാതിരുന്നത് തന്നെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
ദൃശ്യാവിഷ്‌കാരത്തിലെ ഇസ്ലാമോഫോബിയ മനസ്സിലാക്കാനുള്ള വിവരവും വിവേകവും ഇല്ലാത്തതുകൊണ്ടാകാം ബന്ധപ്പെട്ട വകുപ്പ് മന്ത്രി അതിനെ കല്യാണ വീട്ടിലെ തെറ്റുകുറ്റങ്ങൾ ആയി കണ്ടാൽ മതിയെന്ന വിഡ്ഢിത്തം എഴുന്നള്ളിച്ചത്.
മൈക്ക് കിട്ടുമ്പോൾ മുസ്ലിം സമുദായത്തോടുള്ള സ്‌നേഹം ഘോരഘോരം പ്രസംഗിച്ച് പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി പ്രവൃത്തിയിലൂടെ എന്താണ് കാണിക്കുന്നതെന്ന് സമൂഹം തിരിച്ചറിയണം.കേരളത്തിൻറെ മതസൗഹാർദ്ദം തച്ചു തകർക്കാനുള്ള ഭരണകൂട ശ്രമങ്ങളെ നമ്മൾ ഒന്നിച്ചു നിന്ന് തടയേണ്ടതുണ്ട്. ആർഎസ്എസിന്റെ ആജ്ഞാനുവർത്തികളായി സിപിഎം കാണിച്ചുകൂട്ടുന്ന പ്രകടമായ മുസ്്‌ലിം വിരുദ്ധത വലിയ അപകടത്തിലേക്ക് ആണ് കേരള സമൂഹത്തിനെ നയിക്കുന്നത്.
കലോത്സവത്തിലെ ഭക്ഷണത്തെപ്പറ്റി അല്ല ,അവിടെ ഭരണകൂടം കുഞ്ഞു മനസ്സുകളിലേക്ക് കുത്തിവെക്കാൻ നോക്കുന്ന വർഗീയ വിഷത്തെപ്പറ്റിയാണ് പൊതുസമൂഹം ചർച്ച ചെയ്യേണ്ടത്.