Sorry, you need to enable JavaScript to visit this website.

ദൽഹി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ സംഘർഷം, തെരഞ്ഞെടുപ്പ് മാറ്റി

ന്യൂദൽഹി- പുതിയ മേയറെ തെരഞ്ഞെടുക്കാൻ ചേർന്ന ദൽഹി മുനിസിപ്പൽ കോർപ്പറേഷൻ(എം.ഡി.സി)യോഗത്തിൽ ബഹളം. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ ആം ആദ്മി അംഗങ്ങളും ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബി.ജെ.പി അംഗങ്ങളും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചതോടെ യോഗം അലങ്കോലപ്പെട്ടു. തുടർന്ന് മേയർ തെരഞ്ഞെടുപ്പ് നിർത്തിവെച്ചു. അംഗങ്ങൾ തമ്മിലുള്ള ബഹളം കയ്യാങ്കളിയിൽ കലാശിച്ചു. ദൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന നിയമിച്ച താൽക്കാലിക സ്പീക്കർ സത്യ ശർമ മേയർ തിരഞ്ഞെടുപ്പിന് മുന്നോടിയായി നോമിനേറ്റഡ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യാൻ വിളിച്ചതോടെയാണ് ബഹളം തുടങ്ങിയത്. 
നാമനിർദ്ദേശം വഴി സഭയിൽ എത്തിയ മനോജ് കുമാറിനെ സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക സ്പീക്കർ ക്ഷണിച്ചതോടെ എ.എ.പി കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലേക്ക് ഓടിക്കയറി.
തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ നോമിനേറ്റഡ് അംഗങ്ങൾക്ക് മുമ്പായി സത്യപ്രതിജ്ഞ ചെയ്യണമെന്ന് എ.എ.പി  അംഗങ്ങൾ ആവശ്യപ്പെട്ടു. ദൽഹിയിലെ തങ്ങളുടെ സർക്കാരുമായി കൂടിയാലോചിക്കാതെ ലഫ്റ്റനന്റ് ഗവർണർ 10 നോമിനേറ്റഡ് അംഗങ്ങളുടെ പേര് നൽകിയതിനെ എ.എ.പി നേരത്തെ എതിർത്തിരുന്നു.
ഡിസംബറിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബി.ജെ.പിയെ സഹായിക്കാൻ മേയർ തെരഞ്ഞെടുപ്പിനെ വളച്ചൊടിക്കാൻ ലഫ്റ്റനന്റ് ഗവർണർ ശ്രമിക്കുന്നതായി എ.എ.പി ആരോപിച്ചു. ബി.ജെ.പിയുമായി ചേർന്ന് 10 നോമിനേറ്റഡ് അംഗങ്ങളെ ലഫ്റ്റനന്റ് ഗവർണർ മനഃപൂർവം തിരഞ്ഞെടുത്തുവെന്ന് എ.എ.പി തലവനും ദൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഇന്നലെ ട്വിറ്ററിൽ ആരോപിച്ചു.
നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ പേരുകൾ പറഞ്ഞതിന് ശേഷം, ഇന്നത്തെ തിരഞ്ഞെടുപ്പിന് അദ്ധ്യക്ഷത വഹിക്കാൻ ബി.ജെ.പി കൗൺസിലർ സത്യ ശർമ്മയെ താൽക്കാലിക സ്പീക്കറായി സക്സേന നിയമിച്ചു. ഏറ്റവും മുതിർന്ന കൗൺസിലറായ മുകേഷ് ഗോയലിനെ ആ സ്ഥാനത്തേക്ക് എ.എ.പി ശുപാർശ ചെയ്തിരുന്നു. എന്നാൽ അത് ഗവർണർ അംഗീകരിച്ചില്ല.

Tags

Latest News