Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ ആറിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

ബെംഗളൂരു- കര്‍ണാടകയില്‍ ആറിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. ശിവമോഗ ഐ എസ് ഐ എസ് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് വിവരം. ഇസ്ലാമിക് സ്റ്റേറില്‍ നിന്ന് ക്രിപ്റ്റോ വാലറ്റുകള്‍ വഴിയടക്കം പണം വന്നതായും അന്വേഷണ സംഘം കണ്ടെത്തി. നിരവധി ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെടുത്തതായി എന്‍ഐഎ വ്യക്തമാക്കുന്നുണ്ട്. കേസിലെ മുഖ്യ പ്രതിയായ മസ് മുനീര്‍ വഴി ആളുകളെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നതായും എന്‍ഐഎ വൃത്തങ്ങള്‍ ആരോപിക്കുന്നു.
മംഗ്ലൂരു സ്വദേശിയായ സയിദ് യാസിന്‍, മസ് മുനീര്‍, ശിവമോഗ സ്വദേശി ഷരീഖ് എന്നിവരെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസം അവസാനമാണ് ശിവമോഗയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ഇവരുടെ ഐഎസ് ബന്ധം വ്യക്തമായി. അറസ്റ്റിലായ സയിദ് യാസിന്‍ ഐഎസ്ഐഎസ്സിന് വേണ്ടിയാണ് മംഗ്ലൂരുവില്‍ പ്രവര്‍ത്തിച്ചിരുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ യാസിന്‍ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു. യുവാക്കളെ റിക്രൂട്ട് ചെയ്യാനായി പ്രവര്‍ത്തിച്ചു. കോളേജിലെ സഹപാഠികളായിരുന്നവരില്‍ ചിലരെ സയിദ് യാസിന്‍ ഇത്തരത്തില്‍ സ്വാധീനിച്ചു. യാസിന് ഐഎസ് പരിശീലനം ലഭിച്ചിരുന്നു. സയിദ് യാസിന്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന്റെ രേഖകളും പൊലീസ് കണ്ടെത്തി. യാസിന്‍ കഴിഞ്ഞിരുന്ന ശിവമോഗയിലെ വാടക വീട്ടില്‍ നടത്തിയ റെയ്ഡില്‍ സ്ഫോടക വസ്തുക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ കണ്ടെത്തിയിരുന്നു.
കര്‍ണാടകയില്‍ ഇവര്‍ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. യാസിന് സഹായം നല്‍കിയെന്ന് സംശയിക്കുന്ന ജഫീറുള്ളയെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷിച്ചിരുന്നു. ജഫീറുള്ളയുടെ പേരിലാണ് സയിദ് യാസിന്റെ അക്കൗണ്ടിലേക്ക് പണം അടക്കം ലഭിച്ചിരുന്നത്.

Latest News