ഓറഞ്ച് ബിക്കിനിയുമായി പത്താന്‍ പ്രദര്‍ശിപ്പിക്കാം,  എന്നാല്‍ വേറെ ചില ഡയലോഗുകള്‍ മുറിച്ചു മാറ്റണം 

ന്യൂദല്‍ഹി- ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ജോഡിയുടെ നൃത്തരംഗത്തിലൂടെ വിവാദം സൃഷ്ടിച്ച ബോളിവുഡ് ചിത്രം പത്താന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. നിരവധി രംഗങ്ങളും സംഭാഷണങ്ങളും വെട്ടിമാറ്റാന്‍ ശുപാര്‍ശ ചെയ്ത സെന്‍സര്‍ ബോര്‍ഡ് ദീപിക പദുക്കോണിന്റെ വിവാദ ഓറഞ്ച് ബിക്കിനി രംഗം നിലനിറുത്തി. രണ്ട് മണിക്കൂര്‍ 26 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന് എ/യു സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.
ബേഷാരം രംഗിലെ നിതംബത്തിന്റെ ക്ലോസ് അപ്പ് ഷോട്ടുകളും ചില നൃത്ത ചുവടുകളും മാറ്റണമെന്ന് ശുപാര്‍ശ ചെയ്തപ്പോഴാണ് ബിക്കിനി രംഗം നിലനിറുത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ, അശോക് ചക്ര, എക്സ് കെ.ജിബി, മിസിസ് ഭാരത് മാതാ, സ്‌കോച്ച്, ബ്ലാക്ക് പ്രിസണ്‍ റഷ്യ, പ്രധാനമന്ത്രി, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയ പരാമര്‍ശങ്ങള്‍ മാറ്റി മറ്റ് വാക്കുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താന്‍, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്റെ തിരിച്ചുവരവ് ആഘോഷിക്കുന്ന ചിത്രമാണ്. ജനുവരി 25 ന് റിലീസ് ചെയ്യുന്ന ആക്ഷന്‍ ചിത്രത്തില്‍ ജോണ്‍ എബ്രഹാം പ്രധാന വേഷത്തിലുണ്ട്. സല്‍മാന്‍ ഖാന്‍ അതിഥി താരമായി എത്തുന്നു.
 

Latest News