Sorry, you need to enable JavaScript to visit this website.

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

ആലപ്പുഴ-ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തന്‍മാര്‍ക്കും വാഹനത്തിനും നേരെ യുവാവിന്റെ ആക്രമണം. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗുരുമന്ദിരം കന്നിട്ടവെളിയില്‍ അര്‍ജ്ജുന്‍ വിഷ്ണുവിനെ (26) ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച്ച രാത്രി 11.30ന് കളര്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. നിലമ്പൂര്‍ സ്വദേശികളായ ഒമ്പത് കുട്ടികളടക്കമുള്ള 39 അംഗ തീര്‍ത്ഥാടകസംഘം ചായകുടിക്കുന്നതിന് കളര്‍കോട് ജംഗ്ഷനില്‍ വാഹനം നിര്‍ത്തി. ഇതേ സമയം അര്‍ജ്ജുന്റെ ബൈക്കും ഇവരുടെ വാഹനത്തിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നു. യുവാവിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. തീര്‍ത്ഥാടക സംഘത്തിലെ കുട്ടികളില്‍ ചിലര്‍ യുവാവിന്റെ ബൈക്കിനോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുത്തു. ഇത് കണ്ടതോടെ അര്‍ജ്ജുന്‍ കുട്ടികളെ ബൈക്കില്‍ നിന്ന് തള്ളിയിട്ടുവെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്. ഇയാളുടെയും യുവതിയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകള്‍ അലീന, ബന്ധു വൃന്ദാവന (9) എന്നീ കുട്ടികളുടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തീര്‍ത്ഥാടകരും യുവാവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. സംഘര്‍ഷത്തില്‍ യുവാവിനും മര്‍ദനമേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മടങ്ങിപോയ വിഷ്ണു കൈകോടാലിയുമായി തിരികെയെത്തി തീര്‍ത്ഥാടകരുടെ ബസിന്റെ വാതില്‍ ചില്ലുകള്‍ അടിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തീര്‍ത്ഥാത്ഥാടകരുടെ പരാതിയില്‍ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷിക്കുമ്പോള്‍ വൈകുന്നേരത്തോടെയാണ് അര്‍ജ്ജുന്‍ അറസ്റ്റിലായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News