Sorry, you need to enable JavaScript to visit this website.

പുസ്തകം കത്തിക്കുന്നത് ഫാസിസം

സംസ്‌കാരമുള്ള ഒരു ജനതക്ക് ഒരിക്കലും യോജിച്ച പ്രവൃത്തിയല്ല പുസ്തകങ്ങൾ കത്തിക്കൽ എന്നതിൽ കാര്യമായ അഭിപ്രായ ഭിന്നതയുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാൽ ലോകമെങ്ങും അത്തരം പ്രവർത്തനങ്ങൾ നടക്കാറുണ്ട്. പുസ്തകങ്ങൾ മാത്രമല്ല, വലിയ ലൈബ്രറികൾ പോലും കത്തിയെരിയിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായും അതിനെയൊക്കെ ന്യായീകരിക്കാനും ആളുണ്ടാകും. കഴിഞ്ഞ ദിവസം കേരളത്തിലും അത്തരമൊരു സംഭവം നടന്നു. പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട സംവാദത്തിൽ വളരെ മാന്യമായി അഭിപ്രായം പറയുകയും ഒരു കവിത രചിക്കുകയും ചെയ്ത കവി വീരാൻ കുട്ടിയുടെ പുസ്തകം കത്തിച്ച്, കത്തിക്കുന്ന ചിത്രം തന്റെ പ്രൊഫൈൽ ആയി ഇട്ട ഒരാളെയാണ് കണ്ടത്. അതാഘോഷിക്കാനും കുറെ പേർ രംഗത്തുണ്ട്. ഒരു ജനതയെ നൂറ്റാണ്ടുകളോളം അടിമകളാക്കിയ തത്വശാസ്ത്രം മനുസ്മൃതി അംബേദ്കർ കത്തിച്ചില്ലേ എന്ന ന്യായീകരണവും പ്രത്യക്ഷപ്പെട്ടു. 
പരിസ്ഥിതി, വികസനം എന്ന ദ്വന്ദവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ലോകമെങ്ങും നടക്കുന്നുണ്ട്. എത്രയോ കാലം മുമ്പാരംഭിച്ച ആ സംവാദം ഇപ്പോഴും തുടരുന്നുണ്ട്. നമ്മുടെ തെറ്റായ വികസന നയമാണ് ആഗോള താപനം പോലുള്ള പ്രതിഭാസത്തിനു പ്രധാന കാരണം എന്നതിൽ ഇന്നാർക്കും സംശയമില്ല. അതു തിരിച്ചറിയപ്പെടുന്നതോടെ ഈ സംവാദം കൂടുതൽ ശക്തമായിട്ടുമുണ്ട്. സ്വാഭാവികമായും കേരളത്തിലും അതിന്റെ അലയൊലികളുണ്ട്. സൈലന്റ്‌വാലി പ്രക്ഷോഭ കാലം മുതലേ കേരളത്തിൽ ഈ സംവാദം ശക്തമാണ്. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്കു മുന്നിൽ സൈലന്റ്‌വാലിയടക്കം പല പദ്ധതികളും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. പല സമരങ്ങളും പരാജയപ്പെട്ടിട്ടുമുണ്ട്. ഏതൊരു മൗലികവാദവും അപകടകരം തന്നെയാണ്. കേരളത്തിൽ പരിസ്ഥിതി മൗലിക വാദവും വികസന മൗലിക വാദവുമുണ്ടെന്നതിൽ സംശയമില്ല. പൊതുവിൽ പറഞ്ഞാൽ പരിസ്ഥിതിയും വികസനവും പരസ്പര ബന്ധിതമാണ്. രണ്ടും നമുക്കാവശ്യമാണ്. അതേസമയം ഇത്തരം സംവാദങ്ങളുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ കത്തിക്കാനാണ് പോകുന്നതെങ്കിൽ ആദ്യം കത്തിക്കേണ്ടത് മാർക്‌സിന്റെയും എംഗൽസിന്റെയും ഗാന്ധിയുടെയും മറ്റും പുസ്തകങ്ങളായിരിക്കും. കാരണം അവർ എത്രയോ കാലം മുമ്പ് ഇത്തരമൊരവസ്ഥ ചൂണ്ടിക്കാട്ടിയിരിക്കുന്നു. 
എല്ലാ മേഖലയിലുമുള്ള ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളാണ് ജനാധിപത്യത്തിൽ ഏതു വിഷയത്തിലും അവസാന തീരുമാനമെടുക്കുക. അതേസമയം ഏതു വിഷയത്തിലും അഭിപ്രായം പറയാനും സമരം ചെയ്യാനും കഥയോ കവിതയോ എഴുതാനുമൊക്കെ ആർക്കും അവകാശമുണ്ട്. അവരെ വിമർശിക്കാൻ മറ്റെല്ലവാർക്കും അവകാശമുണ്ട്. എന്നാൽ സൈലന്റ്്‌വാലി മുതൽ തന്നെ കാണുന്നത് മറ്റൊരു പ്രവണതയാണ്. അധികാര വ്യവസ്ഥയിൽ ഒരു പങ്കുമില്ലാത്ത കവികൾക്കും എഴുത്തുകാർക്കുമെതിരെ നടക്കുന്ന സംഘടിതമായ ആക്രമണമാണത്. അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പോലും വെല്ലുവിളിക്കുന്ന രീതിയിൽ പലപ്പോഴും അതു മാറുന്നുണ്ട്. അത്തരത്തിൽ രൂക്ഷമായി ആക്രമിക്കപ്പെട്ട ഒരാളായിരുന്നു അന്തരിച്ച സുഗതകുമാരി. അവരുടെ പല അഭിപ്രായങ്ങളും വിമർശിക്കപ്പെടേണ്ടതാണ്. പക്ഷേ നടന്നിരുന്നത് വിമർശനത്തേക്കാൾ അധിക്ഷേപമായിരുന്നു. കെ റെയിൽ വിഷയത്തിൽ പ്രതികരിച്ച കവി റഫീഖ് അഹമ്മദിനെതിരേയും ഇപ്പോഴിതാ വനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച വീരാൻ കുട്ടിക്കെതിരേയും നടക്കുന്ന അധിക്ഷേപങ്ങൾ വിമർശനമെന്ന പദത്തിൽ ഒതുക്കാവുന്നതല്ല. അതുകൊണ്ടായിരിക്കണം ഏകപക്ഷീയമായി സംവാദത്തിൽ നിന്നു പിന്മാറുന്നതായി വീരാൻ കുട്ടി പ്രഖ്യാപിച്ചത്. 
പുസ്തകം കത്തിക്കുന്നതു പോലുള്ള സംസ്‌കാര രഹിത നടപടികൾ സൃഷ്ടിക്കുന്നത് വിപരീത ഫലങ്ങളാകുമെന്ന് 'വികസനവാദികൾ' മനസ്സിലാക്കുക. 

Latest News