പണയപ്പെടുത്താന്‍ സ്വര്‍ണം നല്‍കിയില്ല; ഓട്ടോഡ്രൈവര്‍ വനിതയെ കൊലപ്പെടുത്തി

തൃശൂര്‍: പണയപ്പെടുത്താന്‍ സ്വര്‍ണം നല്‍കാതിരുന്ന സ്ത്രീയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. വലപ്പാട് സ്വദേശി ഹബീബ് (52) ആണ് പിടിയിലായത്. തളിക്കുളം സ്വദേശി ഷാജിത (54)യെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. 

ഹബീബും ഷാജിതയും സുഹൃത്തുക്കളായിരുന്നെന്നും പണയം വെക്കാന്‍ ഷാജിതയോട് ഹബീബ് സ്വര്‍ണം ചോദിച്ചെങ്കിലും അത് നല്‍കാതിരുന്നത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. രാവിലെ ഒന്‍പതരയോടെ തളിക്കുളത്താണ് സംഭവം. 

ഷാജിത ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നും നിലവിളി കേട്ട് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഇവരെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹബീബിനെ നാട്ടുകാര്‍ തന്നെയാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇയാളുടെ പോക്കറ്റില്‍ നിന്നും ഷാജിതയുടെ സ്വര്‍ണം കണ്ടെടുത്തു.

Latest News