Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്തിലെ വീരാംഗനമാർ

പൊന്നുവിളയുന്ന ഇടമായി വിമാനത്താവളങ്ങളും മാറിയിരിക്കുന്നു. മലബാറിലെ രണ്ട് വിമാനത്താവളങ്ങൾ ഉൾപ്പെടെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും അനധികൃത സ്വർണം പിടികൂടുന്നത് ഇപ്പോൾ നിത്യസംഭവമായി. ഒരു സ്വർണക്കടത്ത് കേസെങ്കിലും രജിസ്റ്റർ ചെയ്യാതെ കേരളം ഒരു ദിനവും കടന്നു പോകുന്നില്ലെന്നതാണ് അവസ്ഥ. നിയമം അനുശാസിക്കുന്ന മാർഗത്തിലൂടെ അല്ലാതെ വിദേശത്തു നിന്ന് സ്വർണം കൊണ്ടുവന്ന് അത് വിറ്റ് പണമുണ്ടാക്കുന്നത് നാട്ടിൽ ഒരു ബിസിനസായി മാറിയിട്ട് കുറച്ചു കാലമായി. നാട്ടിലും ഗൾഫ് നാടുകളിലുമുള്ള ഒട്ടേറെ മലയാളികൾ ഈ ബിസിനസുമായി രഹസ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. സാധാരണക്കാരായ ജനങ്ങൾ വരെയുണ്ട് ഇക്കൂട്ടത്തിൽ. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
സ്വർണക്കടത്ത് ക്രിമിനൽ സ്വഭാവമുള്ള ഇടപാട് കൂടിയായി കേരളത്തിൽ മാറിയിരിക്കുന്നു. ഗൾഫിൽ നിന്ന് സ്വർണം കൊണ്ടുവരുന്ന കരിയർമാർ, അവരിൽ നിന്ന് സ്വർണം സ്വീകരിക്കുന്ന സംഘങ്ങൾ എന്നിവരാണ് ഈ ബിസിനസിലെ 'ഔദ്യോഗിക' കണ്ണികൾ. എന്നാൽ ഇവർക്കിടയിലേക്ക് സ്വർണം തട്ടിയെടുക്കുന്ന ഗൂഢസംഘങ്ങൾ കൂടി എത്തിയതോടെയാണ് രംഗം ക്രിമിനൽ സ്വഭാവമുള്ളതായി മാറുന്നത്. മലബാറിൽ സ്വർണം പൊട്ടിക്കുന്ന സംഘങ്ങൾ എന്നും ഇവരെ വിളിക്കാറുണ്ട്. ഇത്തരക്കാർ കൊലപാതകമുൾെപ്പടെയുള്ള അക്രമങ്ങൾക്ക് തുനിഞ്ഞിറങ്ങിയവരാണ്. രാഷ്ട്രീയ നേതാക്കളുടെ ഒത്താശയും ഇത്തരക്കാർക്കുണ്ടെന്നാണ് സമീപകാല കേരള രാഷ്ട്രീയത്തിലെ ചില വെളിപ്പെടുത്തലുകൾ ചൂണ്ടിക്കാട്ടുന്നത്. കരിയർമാരിൽ നിന്ന് സ്വർണം തട്ടിയെടുക്കുന്നവരും സ്വർണത്തിന്റെ യഥാർഥ ഉടമ സംഘങ്ങളും തമ്മിലുള്ള സംഘട്ടനങ്ങൾക്ക് വിമാനത്താവളത്തിലേക്കുള്ള വഴികൾ സാക്ഷിയായതും നാം കണ്ടതാണ്. കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചു പേർ കൊല്ലപ്പെട്ട വാഹനാപകടം കള്ളക്കടത്ത് ചരിത്രത്തിലെ പ്രധാന സംഭവമാണ്. ഈ കേസിലെ മുഖ്യ പ്രതി കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവിനൊപ്പം നിൽക്കുന്ന ചിത്രം അടുത്ത കാലത്ത് ചർച്ചയുമായിരുന്നു.
ഇത്തരത്തിൽ അക്രമികൾ വാഴുന്ന സ്വർണക്കടത്ത് മേഖലയിൽ ഇപ്പോൾ സ്ത്രീകളും സജീവമായിരിക്കുന്നു. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്ത്രീ ഈ രംഗത്ത് നിശ്ശബ്ദമായി സജീവമാകുന്ന സ്ത്രീസാന്നിധ്യത്തിന്റെ പ്രതീകമാണ്. വിമാനത്താവളത്തിൽ കള്ളക്കടത്തിന് പിടിക്കപ്പെട്ട സ്ത്രീകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പതിനെട്ട് വയസ്സുള്ള പെൺകുട്ടി കൂടി പിടിക്കപ്പെട്ടതോടെ, സ്വർണ ബിസിനസ് എല്ലാ മേഖലകളിലേക്കും വ്യാപിച്ചെന്നാണ് മനസ്സിലാക്കേണ്ടത്.
നിയമപരമല്ലാത്ത ഒരു കാര്യത്തിലേക്ക് സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങൾ ആകർഷിക്കപ്പെടുന്നത് ഈ ബിസിനസിലെ ലാഭം കൊണ്ടു തന്നെയാകുമല്ലോ. പോലീസിന്റെ കൈയിൽ അകപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടും ഈ പണിക്ക് ഇറങ്ങിത്തിരിക്കുന്ന സ്ത്രീകൾക്ക് പുരുഷൻമാരുടെ പിന്തുണയുണ്ടാകുമെന്നതിലും സംശയമില്ല. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ കുറ്റവാസന കുറവായിരിക്കുമെന്ന പൊതുധാരണയാണ് കള്ളക്കടത്ത് സംഘങ്ങൾക്ക് സ്ത്രീകളെ ഈ രംഗത്തേക്ക് ഇറക്കി വിടാൻ പ്രേരണയാകുന്നത്. വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളെ കൂടി ഇപ്പോൾ ഇത്തരം സംഘങ്ങൾ സ്വർണക്കടത്തിനായി നിയോഗിക്കുന്നു. കരിയറാകാൻ അവർക്ക് പണവും വിമാന ടിക്കറ്റും വാഗ്ദാനം ചെയ്യുന്നു. സ്വർണം പല രൂപത്തിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ സൂക്ഷിച്ചാണ് ഇവർ ഇത് കൊണ്ടുവരുന്നത്. വിമാനത്താവളത്തിലെ പരിശോധനയിൽ ചിലപ്പോൾ പിടിക്കപ്പെട്ടേക്കാം, ചിലപ്പോൾ 'ഓപപ്പറേഷൻ' വിജയിക്കുകയുമാകാം.
ലാഭം കിട്ടുന്ന എന്ത് ഇടപാടിലേക്കും കടക്കാം എന്ന ചിന്ത സ്ത്രീകളെ പോലും പിടികൂടുന്നുവെന്ന പുതിയ സാമൂഹ്യ യാഥാർഥ്യം ഇതിലുണ്ട്. നിയമത്തെ കുറിച്ച് അവർ ചിന്തിക്കുന്നില്ല. അല്ലെങ്കിൽ ലംഘിക്കുന്നു. അതുമൂലമുണ്ടാകുന്ന നിയമ നടപടികളോ നാണക്കേടോ അവരെ അസ്വസ്ഥരാക്കുന്നില്ല. പണമാണ് പ്രധാനമെന്ന തത്വമായിരിക്കാം അവരെ ഈ നിയമ ലംഘനത്തിന് പ്രേരിപ്പിക്കുന്നത്.
മലയാളിയുടെ ആഭരണ ഭ്രമം കൊണ്ടും സ്വർണ ബിസിനസിലെ ലാഭം കൊണ്ടുമാണ് കേരളത്തിലേക്ക് വൻതോതിൽ സ്വർണം ഒഴുകിയെത്തുന്നത്. വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവരുന്നതിന് സർക്കാർ നിയന്ത്രണമുള്ളതുകൊണ്ടും ഉയർന്ന നികുതിയും മൂലമാണ് അനധികൃതമായ സ്വർണക്കടത്ത് നടക്കുന്നത്. ഗൾഫിനും കേരളത്തിനുമിടയിലുള്ള സ്വർണമൊഴുക്ക് വർധിച്ചുകൊണ്ടേയിരിക്കുമെന്നാണ് വിപണിയിലെ ട്രെന്റുകളും സൂചിപ്പിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് സ്വർണ ബിസിനസിലേക്ക് കടക്കുന്ന മലയാളികളുടെ എണ്ണവും വർധിച്ചിരിക്കുന്നു. ഗൾഫ് നാടുകളിൽ ഇന്ന് ഇതൊരു നിക്ഷേപ മേഖലയാണ്. സാധാരണക്കാരായ പ്രവാസികൾ വരെ ഷെയർ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് ബിസിനസിൽ പങ്കാളികളാകുന്നു. ചെറിയ തുകകൾ സ്വർണക്കടത്ത് സംഘങ്ങൾക്ക് നൽകി അതിന്റെ ലാഭ വിഹിതം വാങ്ങുന്ന നിരവധി പേരുണ്ട്. പലപ്പോഴും മണി ചെയിൻ പോലെ പൊട്ടിപ്പോകാൻ സാധ്യതയുള്ള ഒരു മേഖലയാണ് ഇതെന്ന് അവർ ആലോചിക്കാറില്ല. സ്വർണം കസ്റ്റംസ് പിടിച്ചെന്ന് പറഞ്ഞ് കൈയൊഴിയാൻ ഏത് നിമിഷവും തയാറായി നിൽക്കുന്നവരാണ് ഇത്തരം ബിസിനസുകളുടെ ഉടമകൾ. ജനങ്ങളുടെ നിക്ഷേപം ആവിയാകാൻ അധിക സമയം വേണ്ടെന്നർത്ഥം.
ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി സംബന്ധിച്ച നിയമം നിലനിൽക്കമ്പോഴും അത് ലംഘിച്ച് സ്വർണമൊഴുക്ക് തുടരുമ്പോൾ സർക്കാരുകളും ആഴത്തിൽ ചിന്തിക്കേണ്ടതുണ്ട്. നികുതി വഴി ലഭിക്കുന്ന വരുമാനമാണ് സർക്കാരിന് നഷ്ടമാകുന്നത്. നിരവധി പേർ കള്ളത്തടത്ത് നടത്തുമ്പോൾ അതിൽ ചിലർ മാത്രമാണ് പിടിക്കപ്പെടുന്നത്. ഇത്തരത്തിൽ പിടിക്കപ്പെടുന്ന സ്വർണം നിയമം പരിശോധിച്ച് നികുതിയടപ്പിച്ച് വിട്ടുകൊടുക്കുന്നുണ്ട്. നിയമത്തിന് പുറത്തു വരുന്നത് സർക്കാരിലേക്ക് കണ്ടുകെട്ടുന്നുമുണ്ട്. ഇത്തരത്തിൽ സർക്കാരിലേക്ക് അധിക വരുമാനമുണ്ടാകാം. എന്നാൽ കൂടുതൽ പേർ സജീവമാകുന്ന ഒരു ബിസിനസ് മേഖല എന്ന നിലയിൽ സ്വർണ ഇറക്കുമതിയെ പ്രോൽസാഹിപ്പിക്കുന്ന നയം സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. വിദേശ നാണ്യവുമായി ബന്ധപ്പെട്ട സാങ്കേതികതകൾ നിലനിൽക്കുന്നുണ്ടെങ്കിലും നികുതി ഘടനയിൽ ഇളവു വരുത്തി സ്വർണ വ്യാപാരത്തെ കൂടുതൽ ജനകീയമാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. നിയമത്തിന്റെ നൂലാമാലകൾ ഇല്ലാതാകുന്നതോടെ ഈ മേഖലയിൽ കള്ളക്കത്തടത്ത് കുറയും. മാന്യമായ ഒരു ബിസിനസ് എന്ന നിലയിലേക്ക് സ്വർണ ഇറക്കുമതി മാറും. കള്ളക്കടത്തിന്റെയോ അക്രമങ്ങളുടെയോ പ്രശ്‌നങ്ങൾ അവസാനിക്കുകയും ചെയ്യും.
ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നത്, വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിൽ വരുത്തിയ മാറ്റങ്ങളാണ്. ഒരു കാലത്ത് പാസ്‌പോർട്ട് ലഭിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. മാസങ്ങളോളം കാത്തു നിൽക്കണം. ഏതെങ്കിലും ഒരു രേഖയുടെ കുറവുണ്ടെങ്കിൽ അപേക്ഷ നിരസിക്കുമായിരുന്നു. ഇതോടെ പാസ്‌പോർട്ട് ലഭിക്കാത്തവരുടെ എണ്ണം കൂടി. കള്ളപാസ്‌പോർട്ടുകൾ നാട്ടിൽ സുലഭമായി. 'കാസർകോട് എംബസള' പോലുള്ള സംഘങ്ങൾ അന്ന് സജീവമായി. എന്നാൽ പിന്നീട്, പാസ്‌പോർട്ട് നിയമത്തിൽ ഇളവുകൾ വരുത്തുകയും അപേക്ഷിക്കുന്നവർക്കെല്ലാം പാസ്‌പോർട്ട് നൽകുന്ന നിലപാട് സർക്കാർ എടുക്കുകയും ചെയ്തു. അതോടെ പാസ്‌പോർട്ടിന് വേണ്ടിയുള്ള വഴിവിട്ട മാർഗങ്ങൾ ജനങ്ങൾ ഉപേക്ഷിച്ചു. പ്രൊഫഷണലായി പ്രവർത്തിക്കുന്ന പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലൂടെ അപേക്ഷിക്കുന്ന 99 ശതമാനം പേർക്കും പാസ്‌പോർട്ട് അതിവേഗം ലഭിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ സംബന്ധിച്ച സങ്കീർണതകൾ നിലനിൽക്കുമ്പോൾ തന്നെയാണ് അതെല്ലാം ലഘൂകരിച്ച് കേന്ദ്ര സർക്കാർ അന്ന് പാസ്‌പോർട്ട് നിയമത്തിൽ മാറ്റം വരുത്തിയതെന്നതും ഓർക്കേണ്ടതുണ്ട്. പുത്തൻ സാങ്കേതിക വിദ്യകൾ സർക്കാരിന് ഇതിന് ഏറെ സഹായകമാകുകയും ചെയ്തിട്ടുണ്ട്.
സ്വർണ ഇറക്കുമതിയിലും നിയമത്തിന്റെ ലളിതവൽക്കരണം ആവശ്യമാണ്. നികുതി ഘടനയിൽ മാറ്റം വരുത്തി, വിദേശ നാണ്യ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവന്ന് സ്വർണ ഇറക്കുമതിയെ പ്രോൽസാഹിപ്പിക്കുന്ന നിലപാട് സർക്കാരിൽ നിന്നുണ്ടാകണം. ഇതുവഴി സർക്കാരിന് ലഭിക്കുന്ന വരുമാനം, പിടിക്കപ്പെടുന്ന സ്വർണക്കടത്ത് സംഘങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വലുതാകും. മൂല്യമേറിയ സ്വർണം കള്ളത്തരത്തിലൂടെ കൊണ്ടുവരുന്നവരെന്ന ചീത്തപ്പേര് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മാറിക്കിട്ടും. സ്വർണക്കടത്ത് എന്നത് സ്വർണ വ്യാപാരമായി മാറട്ടെ. എല്ലാ സാധാരണക്കാരും നിയമം പാലിക്കുന്ന മാന്യൻമാരായ സ്വർണ വ്യാപാരികൾ കൂടിയായി മാറട്ടെ.
 

Latest News