ചികിത്സക്കെത്തിയ സ്ത്രീയുടെ ആഭരണം  തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍  

തൃശൂര്‍-  കൊടകരയില്‍ ചികില്‍സ തേടിവന്ന മുതിര്‍ന്ന സ്ത്രീയെ കബളിപ്പിച്ച് ആഭരണം തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ വെള്ളിക്കുളങ്ങര സ്വദേശി ശില്‍പയാണ് അറസ്റ്റിലായത്. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ രോഗിയുടെ അഞ്ചു പവന്റെ സ്വര്‍ണം തട്ടിയെടുത്തതും ശില്‍പയാണെന്ന് തിരിച്ചറിഞ്ഞു.
തൃശൂര്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ് സംഭവം. . ചികില്‍സ തേടിയെത്തിയ വയോധികയെ കബളിപ്പിച്ച് ശില്‍പ്പ സ്വര്‍ണ്ണം കവരാന്‍ ശ്രമിക്കുകയായിരുന്നു. ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന വയോധികയുടെ അടുത്തേക്ക് ആശുപത്രി ജീവനക്കാരിയെന്ന വ്യാജേന ശില്‍പയെത്തി. എക്സറേ എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് എക്സറേ സെന്ററിനു സമീപത്തേയ്ക്കു കൂട്ടിക്കൊണ്ടുവന്നു. കൈയ്യിലാണ് എക്സ്റേ എടുക്കുന്നതെന്നും സര്‍ണ്ണാഭരണങ്ങള്‍ ഊരിത്തരണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ വയോധികയ്ക്ക് മുഖത്തായിരുന്നു പരിക്ക്. സംശയം തോന്നിയ സ്ത്രീ ആശുപ്രതിയില്‍ ജോലി ചെയ്തിരുന്ന മകളെ വിളിച്ചു. മകള്‍ സെക്യൂരിറ്റി ജീവനക്കാരെയും വിവരമറിയിച്ചു. കുടുങ്ങുമെന്നായപ്പോള്‍ മുങ്ങാന്‍ നോക്കിയ ശില്പയെ ആശുപ്രതി ജീവനക്കാരും നാട്ടുകാരും ഓടിച്ചിട്ട് പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ചാലക്കുടി താലൂക്ക് ആശുപത്രിയിലും സമാനമായ മോഷണം നടന്നിരുന്നു. അഞ്ചു പവന്റെ ആഭരണമാണ് അന്ന് മോഷ്ടിച്ചത്. ഈ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ ചാലക്കുടി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ശില്‍പ പിടിയിലായത്. ആശുപ്രതിയില്‍ വരുന്ന രോഗികളേയും ബന്ധുക്കളെയും കൊള്ളയടിക്കലാണ് ശില്‍പയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
 

Latest News