നാലു വയസ്സായ മകനെ കൊന്ന് യുവതി ജീവനൊടുക്കി

സേലം- തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍  വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന യുവതി നാലു വയസ്സുള്ള മകനെ കൊലപ്പെടുത്തിയശേഷം  ആത്മഹത്യ ചെയ്തു.
തോളസാമ്പട്ടിക്ക് സമീപം മണത്തലിലെ ദേവി (25)യാണ് മകന്‍ സിദ്ധേശ്വരനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ ദേവിയുടെ ഭര്‍ത്താവ് ധനപതി  ക്ഷേത്രത്തില്‍ പോയ സമയത്താണ് സംഭവം. മണിക്കൂറുകളോളം ദേവിയും സിദ്ധേശ്വരനും വീടിന് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് ദേവിയും മകനും പ്രദേശത്തെ കുന്നിന്‍പുറത്തേക്ക് നടക്കുന്നത്. തുടര്‍ന്ന് കുന്നിന്‍പുറത്തേക്ക് കുതിച്ചെത്തിയ ഇവര്‍ ഇരുവരുടെയും മൃതദേഹം കൃഷിയിടത്തിലെ കിണറ്റില്‍ കണ്ടെത്തി.
ഓമല്ലൂരില്‍ നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചത്.  പോലീസ് കേസെടുത്തു..

വര്‍ഷം പോയതും പുതുവര്‍ഷം പിറന്നതും ദുരന്ത വാര്‍ത്ത കേട്ട്

ഇടുക്കി-ജില്ലയില്‍ പോയ വര്‍ഷം വിടവാങ്ങിയതും പുതുവര്‍ഷ ദിനം പിറന്നതും വിനോദ സഞ്ചാരികളുടെ അപമൃത്യുവിന്റെ ദുരന്ത വാര്‍ത്തയുമായി. ടൂറിസ്റ്റ് കേന്ദ്രമായ വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിലെ കൊക്കയില്‍  പോത്താനിക്കാട് കല്ലുങ്കല്‍ ജീമോന്‍(35) വീണ് മരിച്ചതായിരുന്നു പോയവര്‍ഷത്തെ അവസാന വാര്‍ത്ത. പുതുവര്‍ഷം പിറന്നത് അടിമാലി മുനിയറ തിങ്കള്‍കാട്ടില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം വളാഞ്ചേരി റീജനല്‍ ഐ. ടി. ഐ വിദ്യാര്‍ഥി മുഹമ്മദ് മിന്‍ഹാജിന്റെ(19) മരണ വാര്‍ത്ത കേട്ട്.
വിദ്യാര്‍ഥികള്‍ എന്നത് മറച്ചുവച്ച് ക്ലബിന്റെ പേരിലാണ് വിനോദ സഞ്ചാരം സംഘടിപ്പിച്ചത്. കോളജ് അധികൃതരുടെ അനുമതിയും വാങ്ങിയിരുന്നില്ല.
ഡ്രൈവറുടെ റോഡ് പരിചയക്കുറവും അശ്രദ്ധയുമാണ് അപകട കാരണമെന്ന് ഇടുക്കി എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി. എ നസീര്‍ പറഞ്ഞു.
കൊടുംതണുപ്പില്‍ ഉറക്കത്തിലായിരുന്ന നാട് ഞെട്ടിയുണര്‍ന്നത് കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ്. അപകടം നടന്ന് അല്‍പ്പ സമയത്തിനകം ഫയര്‍ ഫോഴ്സും വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി. മിന്‍ഹാജിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ചു.
 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News