Sorry, you need to enable JavaScript to visit this website.

വിലക്കിന് മുജാഹിദ്‌ മറുപടി; പാണക്കാട് തങ്ങൾ വിളിച്ച മുസ്‌ലിം സംഘടനാ യോഗം ബഹിഷ്‌കരിച്ച് കെ.എൻ.എം

കോഴിക്കോട് - മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വിളിച്ചുചേർത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തിൽനിന്ന് കെ.എൻ.എം ഔദ്യോഗിക വിഭാഗം പിന്മാറിയതായി വിവരം. കോഴിക്കോട് സമാപിച്ച പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ള പാണക്കാട് കുടുംബാംഗങ്ങൾ ബഹിഷ്‌കരിച്ചതിനോടുള്ള പ്രതികരണമെന്നോണമാണ്
ഇത്തരമൊരു തീരുമാനം. 
  ഏകീകൃത സിവിൽ കോഡ്, ജെൻഡർ ന്യൂട്രാലിറ്റി അടക്കമുള്ള വിവിധ വിവാദ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് മുസ്‌ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചത്. കഴിഞ്ഞദിവസം നടന്ന മുജാഹിദ് സമ്മേളനത്തിൽ ലീഗ് നേതാക്കൾ ഏറെയും പങ്കെടുത്തുവെങ്കിലും പാണക്കാട് കുടുംബത്തിൽ നിന്ന് ആരും പങ്കെടുത്തിരുന്നില്ല. സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ മുനവ്വറലി തങ്ങളും റഷീദലി തങ്ങളും വിവിധ സെഷനുകളിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സമസ്തയുടെ കർശന വിലക്കിൽ മുൻ തീരുമാനം ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു. 
 സമസ്തയെ കൈപ്പിടിയിലൊതുക്കിയ ഏതാനും ചിലരുടെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങിയാണ് മുജാഹിദ് സമ്മേളനം പാണക്കാട് തങ്ങന്മാർ ബഹിഷ്‌കരിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദപ്പെട്ട പദവിയിലിരിക്കുന്നവർ കാണിച്ച രാഷ്ട്രീയ പക്വതയില്ലായ്മയ്ക്കുള്ള കനത്ത പ്രഹരമാണ് മുജാഹിദ് തീരുമാനം. ഇന്ന് രാവിലെ 11ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലിലാണ് ലീഗ് അധ്യക്ഷൻ വിവിധ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചത്. മുജാഹിദിലെ തന്നെ മറ്റു ഗ്രൂപ്പുകൾക്കും ലീഗ് നേതൃത്വത്തിന്റെ നടപടി തെറ്റാണെന്ന നിലപാടാണുള്ളത്. ഇതേ പോലെ മുജാഹിദുകളല്ലാത്ത മറ്റു മുസ്‌ലിം സംഘടനകൾക്കും സമ്മേളനം ബഹിഷ്‌കരിച്ച പാണക്കാട് തങ്ങൻമാരുടെ നടപടിയോട് യോജിപ്പില്ലെന്നാണ് വിവരം.
 എല്ലാ മുസ്‌ലിം സംഘടനകളെയും ഒരൊറ്റ പ്ലാറ്റ് ഫോമിൽ നിർത്തേണ്ട ഒരു സാമുദായിക രാഷ്ട്രീയപ്രസ്ഥാനം സമസ്തയിലെ ചില അപക്വമതികളുടെ ഇംഗിതത്തിന് വഴങ്ങുന്നത് ശരിയല്ലെന്നും അത് തിരുത്താത്തപക്ഷം കടുത്ത വില നൽകേണ്ടി വരുമെന്നുമാണ് പറയുന്നത്.
 പാണക്കാട് തങ്ങൻമാർക്കും സമസ്തയിലെ തന്നെ വലിയൊരു വിഭാഗത്തിനും മുജാഹിദുകൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളുടെയും സമ്മേളനങ്ങളോട് സഹകരിക്കണമെന്നാണ് ആഗ്രഹമെങ്കിലും സമസ്തയിലെ അന്ധമായ ചില സംഘടനാവത്കരണത്തിന്റെ ഇരയാണിവർ എന്നാണ് പറയുന്നത്.

Latest News